Thu. Jan 23rd, 2025
ശ്രീനഗർ:

മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ  ഔദ്യോഗിക വസതിയിലേക്ക് മാറ്റി. എന്നാൽ തടങ്കലിൽ തുടരണമെന്നാണ് ഉത്തരവ്. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് ഇവരെ മൗലാന ആസാദ് റോഡിലെ സബ്‌സിഡിയറി ജയിലിൽ നിന്ന് ഫെയര്‍ വ്യൂ ഗുപ്കര്‍ റോഡിലെ ഔദ്യോഗിക വസതിയിലേക്ക് മാറ്റിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനു പിന്നാലെയാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് മെഹ്ബൂബ മുഫ്തിയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത്. പിന്നീട് ഫെബ്രുവരിയിൽ പൊതു സുരക്ഷ നിയമവും ചുമത്തിയിരുന്നു. കരുതൽ തടങ്കൽ ചോദ്യം ചെയ്ത് മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ സുപ്രിംകോടതിയെയും സമീപിച്ചിരുന്നു.

മാര്‍ച്ച് 24ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെയും തടങ്ങലിൽ നിന്ന് മോചിപ്പിച്ചിരുന്നു. 31 പേര്‍ക്കെതിരെ ചുമത്തിയ പൊതു സുരക്ഷാ നിയമം ജമ്മു കശ്മീര്‍ ഭരണകൂടം കഴിഞ്ഞ മാസം റദ്ദാക്കിയതോടെയാണ് ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചത്.

 

By Athira Sreekumar

Digital Journalist at Woke Malayalam