ലണ്ടൻ:
കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായത്.
പനിയും, ചുമയും ശക്തമായതോടെ ആരോഗ്യ സംഘത്തിന്റെ നിര്‍ദ്ദേശാനുസരണം ഐസിയുവിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസ തടസ്സമുണ്ടായതിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കി വരുന്നുണ്ട്. കൊവിഡ് 19 രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനിലായിരുന്നു.
ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. എന്നാല്‍, പനി ഉൾപ്പെടെ കുറയാത്തതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.