Thu. Jan 23rd, 2025
മുംബൈ:

 
ലോകത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിൽ ഒരാൾക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുപ്പത്തിയഞ്ചുകാരനായ ഒരു ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടം ആരോഗ്യവകുപ്പ് സീല്‍ ചെയ്തിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി. രോഗബാധിതരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇതിനോടകം തന്നെ 42 അതീവ ജാഗ്രതാപ്രദേശങ്ങളാണ് രാജ്യത്തുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തി കൊവിഡിനെതിരായ ദീർഘകാല യുദ്ധത്തിൽ പങ്കാളിയാവാനും ജാഗ്രത പുലർത്താനും ആവശ്യപ്പെട്ടിരുന്നു. വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഗവർണ്ണർമാരോടും ലഫ്റ്റനന്റ് ഗവർണ്ണർമാരോടും വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും.