#ദിനസരികള്‍ 1081
1. തുടക്കം
നാം ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തെക്കുറിച്ച് അറിഞ്ഞിട്ടേ ഇനി കാര്യമുള്ളു എന്ന വാശിയോടെ ഗോദയിലേക്ക് ഇറങ്ങുക. എന്താണ് ഈ പ്രപഞ്ചം? എങ്ങനെയാണ് അതുണ്ടായി വന്നത്? അതിനുമുമ്പ് എന്തായിരുന്നു? എപ്പോഴാണ് തുടക്കം? എങ്ങനെയാണ് ഒടുക്കം? എന്താണ് ഇതിനു ശേഷമുള്ളത്? ഇങ്ങനെ നിരവധി ചോദ്യങ്ങളാണല്ലോ നമ്മുടെ കൈവശമുള്ളത്.
ആ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കിട്ടിയേ തീരൂ. അതുകൊണ്ടുതന്നെ ശരാശരിക്കാരനായ ഏതൊരു അന്വേഷകനേയും പോലെ നമ്മളും വിഖ്യാതരായ ശാസ്ത്രജ്ഞര്‍ എഴുതിയിരിക്കുന്ന പുസ്തകങ്ങളെയായിരിക്കും പ്രാഥമികമായും സമീപിക്കുക. ഇനിയാണ് തമാശ തുടങ്ങുക. ഒന്നുമറിയാത്ത നിങ്ങളെക്കാള്‍ ഒട്ടും സമര്‍ത്ഥന്മാരല്ല ആ വിഖ്യാതരായ ശാസ്ത്രജ്ഞന്മാര്‍ എന്നു തിരിച്ചറിയാന്‍ നമുക്ക് അധികം സമയമൊന്നും വേണ്ടിവരില്ല.
എന്നാല്‍ നമുക്ക് അറിയില്ല എന്ന് നമ്മള്‍ പച്ചയായി പറയും ശാസ്ത്രജ്ഞന്മാരാകട്ടെ തങ്ങള്‍ക്ക് എന്തുകൊണ്ട് അറിയില്ല എന്ന് ശാസ്ത്രീയമായി പറയും. ഇതേയുള്ളു വ്യത്യാസം. ഈ തമാശ മനസ്സിലാക്കാതെ അല്ലെങ്കില്‍ പറയാതെ പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ തുടക്കത്തെക്കുറിച്ചുമുള്ള ഒരു സംഗതിയിലേക്കും കടക്കുവാന്‍ കഴിയില്ല. കാരണം അവിടെ നാളിതുവരെ നാം സങ്കല്പിച്ചു പോന്ന എല്ലാ സങ്കല്പങ്ങളും സങ്കല്പിക്കാനാകുന്നതിനപ്പുറം സങ്കല്പിക്കാന്‍ കഴിയാത്തതായി തീരുന്നുവെന്നതാണ്.
ജെ ബി എസ് ഹാല്‍ഡെയിന്‍ ഈ വിചിത്രമായ സ്ഥിതിവിശേഷത്തെക്കുറിച്ച് ‘The universe is not only queerer than we suppose; it is queerer than we suppose, എന്നാണ് തമാശ പറയുന്നത്.ആവട്ടെ, കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും എങ്ങനെയാണ് തങ്ങള്‍ക്ക് അറിയില്ല എന്ന് ശാസ്ത്രീയമായി ഈ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് എന്ന് അറിയാന്‍ നമുക്ക് ശ്രമിക്കാം.
തുടങ്ങേണ്ടത് സിംഗുലാരിറ്റിയില്‍ നിന്നാണ്. നിങ്ങളൊന്ന് ചുറ്റുപാടും കണ്ണോടിക്കുക. എന്തൊക്കെയാണ് കാണുന്നത്? പേന, കസേര, കപ്പ്, കമ്പ്യൂട്ടര്‍, മേശ, അലമാര, പുസ്തകങ്ങള്‍, ജനല്‍, പുറത്ത് മരങ്ങള്‍, കിളികള്‍, ആകാശം, സൂര്യന്‍. അങ്ങനെ കാണുന്നവ എത്രയോ ആണ്. അത്തരത്തിലുള്ള വസ്തുവഹകള്‍ എണ്ണിയാല്‍ തീരാത്തത്രയുണ്ട്. (മൂന്നിനപ്പുറം എണ്ണാനറിയാത്തവരുടെ കഥ ജോര്‍ജ് ഗാമോവ് പറയുന്നുണ്ട് One Two Three Infinity എന്ന പുസ്തകത്തില്‍. ആ പുസ്തകവും നിങ്ങളുടെ അന്വേഷണത്തിന് ഉപകരിക്കപ്പെടുമെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.)
അങ്ങനെ എണ്ണിയാല്‍ തീരാത്ത തരത്തിലുള്ള സാധനസാമഗ്രികള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് ചുരുട്ടിക്കൂട്ടിയെടുക്കാന്‍ കഴിയുമോ? ശ്രദ്ധിക്കുക. നിങ്ങളും ഈ ചുരുട്ടിക്കൂട്ടലില്‍ ഉള്‍പ്പെടും. അതായത് നിങ്ങള്‍ ചുരുട്ടിക്കൂട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍കൂടി ഉള്‍പ്പെട്ടിരിക്കുന്ന ഒരു മഹാപ്രപഞ്ചത്തെയാണ് എന്ന് വിസ്മരിക്കരുത്. അങ്ങനെയല്ലാതാകാന്‍ തരമില്ല. കാരണം ഈ ചുരുട്ടിക്കൂട്ടല്‍ നടന്നാല്‍ പിന്നെ അതിനു പുറത്ത് നിങ്ങള്‍ക്ക് നില്ക്കാന്‍ സ്ഥലമില്ല എന്നതാണ് വസ്തുത.
അങ്ങനെ നിങ്ങളുടെ കൈകളില്‍ കിടന്ന് ഈക്കാണായ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സൌരയൂഥവും ഗാലക്സികളുമൊക്കെ ഞെരിപിരി കൊള്ളുകയാണ്. ഓരോ ഞെക്കിനും അവ കൂടുതല്‍ക്കൂടുതലായി ചുരുങ്ങിച്ചുരുങ്ങി വരികയാണ്. അങ്ങനെ എത്രത്തോളും ചുരുങ്ങും? അത് നിങ്ങളുടെ ഞെക്കല്‍ ശേഷിയെ ആസ്പദിച്ചിരിക്കും.
പക്ഷേ നിങ്ങള്‍ക്ക് എത്ര ശക്തിയായി ഞെക്കിയാലും നമ്മുടെ ഈ പ്രപഞ്ചം ഉണ്ടായിവന്ന അവസ്ഥയിലേക്ക് എത്തിപ്പെടാന്‍ കഴിയില്ല. പോരാ, ആ അവസ്ഥ നിങ്ങള്‍ക്കൊന്ന് സങ്കല്പിക്കാന്‍ പോകുമാകില്ല. കാരണം അത് അത്രത്തോളം ചെറുതാണ്. എത്രത്തോളം? ഉത്തരം കേള്‍ക്കുന്നതിനുമുമ്പ് നിങ്ങളുടെ മനസ്സ് ശൂന്യമാക്കി എല്ലാ സങ്കല്പങ്ങളും വെടിയണമെന്ന് ഞാന്‍ മുന്നറിയിപ്പു തരുന്നു.
പ്രോട്ടോണിനെപ്പറ്റി കേട്ടിട്ടില്ലേ? അതിന്റെ വലുപ്പം ആദ്യമായി മനസ്സിലാക്കണം. ഇംഗ്ലീഷില്‍ നാം i എന്ന് എഴുതാറില്ലേ? ആ ഐയുടെ മുകളിലുള്ള കുത്തില്‍ ഏകദേശം 500,000,000,000 പ്രോട്ടോണുകളെ ഉള്‍ക്കൊള്ളിക്കാം. ഇപ്പോള്‍ പ്രോട്ടോണുകളുടെ വലുപ്പത്തെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലായല്ലോ അല്ലേ?
മനസ്സിലായെന്ന് തലകുലുക്കുക. മനസ്സിലായില്ലെന്ന് എന്തിന് പറയണം? കാരണം ഞാനും അങ്ങനെ വെറുതെ തലകുലുക്കുകയാണ് ചെയ്യുന്നത്. നാം മാത്രമല്ല, വലിയ കൊമ്പത്തെ ശാസ്ത്രജ്ഞന്മാരും അങ്ങനെയൊക്കെത്തന്നെയാണ്.
ഇനി നമുക്ക് ഈ പ്രോട്ടോണിനെ അതിന്റെ നൂറു കോടിയിലൊരംശം സ്ഥലത്തേക്ക് വീണ്ടും ഞെക്കിയൊതുക്കണം. അതായത് ഒരു പ്രോട്ടോണിന് ഇരിക്കാന്‍ പറ്റുന്ന ഇടത്ത് ഒരു നൂറുകോടി പ്രോട്ടോണിനെയെങ്കിലും തിരുകിക്കയറ്റണം. എന്നിട്ട് ബ്രിസന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരൌണ്‍സ് ദ്രവ്യം കൂടി ആ ഇടത്തിലേക്ക് അടിച്ചു കയറ്റുക. ഇപ്പോള്‍ ആ സ്ഥലത്തിന്റെ വലുപ്പം നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ലല്ലേ? വിഷമിക്കേണ്ട. നിങ്ങളുടെ എല്ലാ ഊഹങ്ങള്‍ക്കും അപ്പുറത്താണ്, അതല്ലെങ്കില്‍ നാളിതുവരെയുണ്ടായിട്ടുള്ള എല്ലാ ഊഹങ്ങള്‍ക്കും അപ്പുറത്താണ് ആ വലുപ്പമിരിക്കുന്നത്. ഈ അവസ്ഥയെ നമുക്ക് സിംഗുലാരിറ്റി എന്നു വിളിക്കാം.
സ്ഥലമെന്നും ഇരിക്കുന്നുവെന്നുമൊക്കെ ഞാന്‍ പറയുമ്പോള്‍ എന്തോ ഒരു വസ്തു എവിടെയെങ്കിലും ഇരിക്കുന്നുവെന്ന അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കരുത്. അങ്ങനെ ഇരിക്കുന്നൊരു സ്ഥലമൊന്നും എവിടേയുമുണ്ടായിരുന്നില്ല. ഇരിക്കാനും ഒന്നുമുണ്ടായിരുന്നില്ല. ആകെ ഒന്നുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.
ഒന്നുമുണ്ടായിരുന്നതുമുണ്ടായിരുന്നില്ല. എന്തെങ്കിലും മനസ്സിലായോ? സഖാവ് ഐന്‍സ്റ്റീന്‍ ആപേക്ഷിക സിദ്ധാന്തത്തെക്കുറിച്ച് കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു. ഞാന്‍ ഏറ്റവും ലളിതമായ ഒന്നാണ് നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത്, പക്ഷേ അതത്ര എളുപ്പത്തില്‍ മനസ്സിലാക്കാം എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അത് നടക്കില്ല എന്ന്. അതുതന്നെയാണ് ഇവിടേയും സംഭവിക്കുന്നത്.
ഈ സിംഗുലാരിറ്റിയെക്കുറിച്ച് ബ്രിസണ്‍ എഴുതുന്നു – “ഒന്നുമില്ലായ്മയിലെ ഇരുട്ടില്‍ തൂങ്ങിക്കിടക്കുന്ന ഒരു ബിന്ദുവായാണ് നിങ്ങള്‍ ഈ സിംഗുലാരിറ്റിയെ കാണുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അവിടെ സ്ഥലമില്ല. ഇരുട്ടുമില്ല. സിംഗുലാരിറ്റിയ്ക്ക് പുറമില്ല. അകവുമില്ല. കീഴടക്കാനൊന്നുമില്ല, കീഴടങ്ങാനുമൊന്നുമില്ല. എത്ര നേരമായി അതങ്ങനെ നില്ക്കുന്നു എന്ന ചോദ്യം അസംഗതമാണ്. സമയവും കാലവുമില്ലാത്ത ഒന്നിന് ഭൂതകാലവുമില്ല.”
ആകെയൊരു കടങ്കഥ പോലെ തോന്നുന്നില്ലേ? അതെ കടങ്കഥയാണ്. ഈ കടങ്കഥയില്‍ നിന്നാണ് ഈക്കാണാവുന്ന മഹാപ്രപഞ്ചമാകെ വികസിച്ചു പോന്നത് എന്നു മനസ്സിലാക്കുമ്പോള്‍ നിങ്ങള്‍ എത്ര അസാധാരണമായ കടങ്കഥയെയാണ് അഭിമുഖീകരിക്കുന്നതെന്ന് അത്ഭുതപ്പെട്ടുപോകും.
“അങ്ങനെ ഒന്നുമില്ലായ്മയില്‍ നിന്നും നമ്മുടെ പ്രപഞ്ചം തുടങ്ങുന്നു. ഏതോ ഒരു നിമിഷം വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയാത്തത്ര വേഗതയില്‍ ഈ സിംഗുലാരിറ്റി അസാധാരണമായ രൂപഭാവാദികളിലേക്ക് വികസിക്കുന്നു” നമ്മള്‍ കാണാകുന്ന ഈ പ്രപഞ്ചം അങ്ങനെയാണ് ആരംഭിക്കുന്നതത്രേ! (തുടരും.)
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.