Sat. Apr 20th, 2024
#ദിനസരികള്‍ 1080

 
സത്യജിത് റേ ഗണശത്രു എന്ന സിനിമയുടെ ഇതിവൃത്തം കണ്ടെത്തിയിരിക്കുന്നത് ഹെന്‍റിക് ഇബ്സന്‍ 1882 ല്‍ പ്രസിദ്ധീകരിച്ച An Enemy of the People എന്ന നാടകത്തില്‍ നിന്നാണ്. ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷമാണ്, കൃത്യമായി പറഞ്ഞാല്‍ 1989 ല്‍, റേ ഗണശത്രു സംവിധാനം ചെയ്യുന്നത്. പരമ്പരാഗത ധാരണകളേയും വിശ്വാസപ്രമാണങ്ങളേയും ശാസ്ത്രീയമായ കാഴ്ചപ്പാടുകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ വസ്തുതാപരമായി തിരുത്തുവാന്‍ ശ്രമിക്കുന്ന അശോക് ഗുപ്ത എന്ന ഡോക്ടര്‍ നേരിടുന്ന വെല്ലുവിളികളാണ് റേ ഗണശത്രുവിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. ലോകമാകെ പടരുന്ന മാരകമായ ഒരു പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള ഭയം തീണ്ടിയിരിക്കുന്ന ഇക്കാലത്ത് ഈ സിനിമ നമുക്ക് ചില സന്ദേശങ്ങള്‍ നല്കുന്നുണ്ട്.

അതിവേഗം ഒരു മഹാനഗരമായി മാറുവാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ബംഗാളിലെ ചാന്ദിപ്പുര്‍ എന്ന ചെറുപട്ടണത്തിലാണ് കഥ നടക്കുന്നത്. അവിടെ ഒരു ക്ഷേത്രമുണ്ട്. ആയിരക്കണക്കിനു ജനങ്ങളാണ് ഓരോ ദിവസവും അവിടേക്ക് എത്തുന്നത്. അധികാരികള്‍ക്ക് വലിയ തോതിലുള്ള വരുമാനമാണ് ആ ക്ഷേത്രത്തിലൂടെ ലഭിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ സാഹചര്യത്തില്‍ ചാന്ദിപ്പൂരിലെ ജനങ്ങളില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നത് അശോക് ഗുപ്ത എന്ന ഡോക്ടര്‍ ശ്രദ്ധിക്കുന്നു. ഏറെ അന്വേഷണത്തിനു ശേഷം ക്ഷേത്രത്തില്‍ നിന്നും വിതരണം ചെയ്യുന്ന തീര്‍ത്ഥജലത്തിലൂടെയാണ് രോഗം പടരുന്നതെന്ന് അദ്ദേഹം സംശയിക്കുന്നു. ജലം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ നിഗമനം ശരിവെയ്ക്കുന്നു.

ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന ജലം വലിയ തോതില്‍ മലിനപ്പെട്ടിരിക്കുന്നുവെന്നും തുടര്‍ന്നും ഉപയോഗിച്ചാല്‍ അത് നാട്ടില്‍ വലിയ രീതിയിലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍‌ കാരണമാകുമെന്ന് ഡോക്ടര്‍ തിരിച്ചറിയുന്നു. ക്ഷേത്രത്തിലേക്ക് വെള്ളം കൊണ്ടുവരുന്ന പൈപ്പുകളില്‍ ചോര്‍‌ച്ചയുണ്ടെന്നും അതിലൂടെയാണ് ജനം മലിനമാകുന്നതെന്നും ഡോക്ടര്‍ ഗുപ്ത മനസ്സിലാക്കുന്നു. തനിക്ക് ലഭിച്ച് ലാബ് റിപ്പോര്‍ട്ടടക്കം കാര്യങ്ങളുടെ ഗൌരവം അധികാരികളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുന്നതോടെ സംഘര്‍ഷാത്മകമാകുന്നു.

ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായി മാറുന്ന വിധത്തില്‍ പകര്‍ച്ചവ്യാധി പടരുമെന്ന വാദത്തെ അധികാരികള്‍ തള്ളിക്കളയുന്നു. തങ്ങള്‍ക്ക് വലിയ വരുമാനം ലഭിക്കുന്ന ക്ഷേത്രത്തെക്കുറിച്ചുള്ള ഗുപ്തയുടെ ആക്ഷേപങ്ങള്‍ അധികാരികളെ പ്രകോപിപ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ശ്രമിക്കുന്ന ഡോക്ടറെ അവര്‍ തടയുന്നു.

അദ്ദേഹം ജനവാര്‍ത്ത എന്ന മാധ്യമത്തില്‍ പ്രസ്തുത വിഷയത്തെ സംബന്ധിച്ച് എഴുതിക്കൊടുത്ത ലേഖനം മുന്‍സിപ്പാലിറ്റി ചെയര്‍മാനടക്കമുള്ളവര്‍ ഇടപെട്ട് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തടയുന്നു. വാര്‍ത്ത ആദ്യം അറിഞ്ഞപ്പോള്‍ വലിയ സാമൂഹികപ്രതിബദ്ധത കാണിച്ച ജനവാര്‍ത്ത അധികാരികളുടെ ഇടപെടലിനെത്തുടര്‍ന്ന് തങ്ങളുടെ നിലപാട് മാറ്റുകയാണ് ചെയ്യുന്നത്.

വിശ്വാസത്തെ മുന്‍നിറുത്തി ജനതയെ എങ്ങനെ വിഡ്ഢികളാക്കാമെന്നും എല്ലാത്തരം ശാസ്ത്രീയമായ അവബോധങ്ങളേയും അട്ടിമറിക്കാമെന്നും ചര്‍ച്ച ചെയ്യുന്നതാണ് ഈ സിനിമയുടെ കാതല്‍. ഡോക്ടര്‍ മുന്നോട്ടു വെയ്ക്കുന്ന ശാസ്ത്രീയമായ തെളിവുകളെ വളരെ എളുപ്പത്തില്‍ അക്കൂട്ടര്‍തള്ളിക്കളയുന്നു. ക്ഷേത്രത്തിലെ ജലം ഒരിക്കലും മലിനമാകില്ലെന്നാണ് അവരുടെ വാദം.

തീര്‍ത്ഥത്തില്‍ ഗംഗാജലം കൂടെ ചേര്‍ത്തിരിക്കുന്നു. കൂടാതെ തുളസിയിലയും ഇട്ടിട്ടുണ്ട്. തുളസിയില ഇട്ടാല്‍ എത്ര മലിനമായ ജലമായാലും വിശുദ്ധമായി മാറും. ഒരു തരത്തിലുള്ള മാലിന്യവും ബാധിക്കുകയില്ല.

ഇത് എത്രയോ നൂറ്റാണ്ടുകളായി നാം നേടി വന്ന അറിവാണ്. ആ അറിവിനേയും മഹത്തായ പാരമ്പര്യത്തേയും വെല്ലുവിളിക്കാന്‍ കേവലം ഒരു ഡോക്ടറെ അനുവദിക്കുന്ന പ്രശ്നമേയില്ലെന്ന് മുന്‍‌സിപ്പാലിറ്റി അധികൃതര്‍ ആണയിടുന്നു, ജനക്കൂട്ടം അത് ഏറ്റു വിളിക്കുന്നു. അങ്ങനെ, അവസാനം, ജനത ഡോക്ടര്‍ക്ക് ഒരു പേരിടുന്നു – ഗണശത്രു അഥവാ ജനശത്രു.

ജനതയില്‍ അന്ധവിശ്വാസത്തെ നിലനിറുത്തിക്കൊണ്ട് അവരുടെ ജീവനുതന്നെ വിലപറയുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെ ഗണശത്രു വിചാരണ ചെയ്യുന്നു. സമര്‍ത്ഥമായ നീക്കങ്ങളിലൂടെ ജനങ്ങളെ ഇരുട്ടില്‍ തന്നെ തളച്ചിട്ടാല്‍‌ മാത്രമേ അവരെവെച്ച് മുതലെടുപ്പ് നടത്താന്‍ കഴിയൂവെന്ന് അധികാരികള്‍ക്ക് അറിയാം. പതിനായിരക്കണക്കിനു ഭക്തര്‍ വന്നുചേരുന്ന ക്ഷേത്രത്തില്‍ നിന്ന് എന്തുകൊണ്ട് കേവലം അഞ്ഞൂറോളമാളുകള്‍ക്കുമാത്രം മഞ്ഞപ്പിത്തം പിടിച്ചുവെന്നും എന്തുകൊണ്ട് ബാക്കിയുള്ളവരെ ബാധിച്ചില്ലെന്നും അത് അര്‍ത്ഥമാക്കുന്നത് ക്ഷേത്രത്തിലെ ജലം മലിനപ്പെട്ടിട്ടില്ല എന്നല്ലേ എന്നുമുള്ള ചോദ്യത്തെ തടിച്ചു കൂടിയ ജനത കൈയ്യടികളോടെയാണ് സ്വീകരിക്കുന്നത്. ക്ഷേത്രത്തിലെ തീര്‍ത്ഥം കുടിച്ചിട്ടാണ് രോഗം വരുന്നതെങ്കില്‍ അത് വന്നുകൊള്ളട്ടെ എന്നതാണ് അവരുടെ നിലപാട്.

ഇപ്പോള്‍ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലേക്ക് വരിക. റേ കഥ പറയുന്ന കാലത്തില്‍ നിന്നും ഒരു വ്യാത്യസവും വരാത്ത ഒരു ജനതയെയാണ് നാം ഇവിടേയും കാണുക. വിശ്വാസം എല്ലാത്തിനും മുകളില്‍ പ്രവര്‍ത്തിക്കുന്നു.

ശാസ്ത്രീയമായ അവബോധങ്ങള്‍ അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നു. പള്ളിയിലോ അമ്പലത്തിലോ പോയിട്ട് രോഗം വരികയാണെങ്കില്‍ വരട്ടെ എന്നു ചിന്തിക്കുന്നവര്‍ എത്രയോ ഉണ്ട്? സങ്കുചിതമായ താല്പര്യം പേറുന്ന ചിലര്‍ ജനതയുടെ അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിച്ചു നിറുത്തി കാര്യങ്ങള്‍ നേടിയെടുക്കുന്നു.

അങ്ങനെയാണ് നൂറ്റാണ്ടുകള്‍ക്കു പിന്നില്‍ ജീവിക്കുന്ന ഒരു കൂട്ടമാണ് നാം എന്ന് സത്യജിത് റേ അടയാളപ്പെടുത്തുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.