Wed. Jan 22nd, 2025
ഡൽഹി:

കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അതിനെ തടയുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസ് ബാധ നേരിടുന്നതിന് സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതല യോഗവും ചേർന്നിരുന്നു. യോഗത്തിന് ശേഷം  വൈറസ് ബാധയെ നേരിടുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം തന്റെ ട്വീറ്റിലൂടെ പറഞ്ഞു.

രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 166 ആയതോടെ രാജ്യം കനത്ത ജാഗ്രതയിൽ ഇപ്പോൾ. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ സൗകര്യം കൂടാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാജ്യത്ത് കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാൽ തമിഴ്‌നാട്ടില്‍ രണ്ടാമത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് വിദേശത്ത് പോകാത്തയാള്‍ക്ക് ആയതും കാര്യമായി ആശങ്ക ഉണർത്തുന്നുണ്ട്.

അതേസമയം, ചൈനയ്ക്കും യൂറോപ്പിനും ശേഷം കൊറോണവൈറസ് വ്യാപിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാജ്യം ഇന്ത്യ ആണെന്നും ഏപ്രില്‍ 15ഓടു കൂടി കൊവിഡ് 19 ബാധിതരുടെ എണ്ണം പത്തിരട്ടി വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയുടെ മുന്‍ തലവന്‍ ഡോ ടി ജേക്കബ് പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam