Sun. Nov 17th, 2024
തിരുവനന്തപുരം:

ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്‍റെ നെഞ്ചത്ത് എന്ന ചൊല്ല് ആനവണ്ടി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കെഎസ്ആര്‍ടിസിക്ക് യോജിച്ചതാണെന്ന് പലപ്പോഴും തെളിഞ്ഞിട്ടുള്ളതാണ്. വിമര്‍ശനങ്ങള്‍ക്ക് പാത്രമായി വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കെഎസ്ആര്‍ടിസി കഴിഞ്ഞേ മറ്റെന്തിനേയും പരിഗണിക്കേണ്ടൂ. ഭരിക്കുന്ന പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കാന്‍ കെഎസ്ആര്‍ടിസി മാത്രം മതി. അതൊരു ശാപമാണ്.

മിന്നല്‍ പണിമുടക്കുകള്‍ക്ക് പണ്ടേ പേരു കേട്ട കെഎസ്ആര്‍ടിസി തലസ്ഥാന നഗരിയില്‍ ഇന്നലെ പുതിയ പേരുദോഷം കൂടി സ്വന്തമാക്കി. ഈ ഖ്യാതി തീര്‍ത്തും അപലപനീയവും, ഖേദകരവുമാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

തലസ്ഥാന നഗരത്തെ ആറു മണിക്കൂറോളം നിശ്ചലമാക്കിയ കെഎസ്ആര്‍ടിസി സമരത്തിനിടെ യാത്രക്കാരനായ ഹൃദ്രോഗി മരണപ്പെടുകയും ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങുകയും ചെയ്ത സംഭവത്തിനെതിരെ വിവാദങ്ങളും വിമര്‍ശനങ്ങളും കനക്കുകയാണ്.

സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളിലും അസംഘടിതര്‍ക്കെതിരെ സംഘടിത വിഭാഗങ്ങള്‍ നടത്തുന്ന കടന്നാക്രമങ്ങളിലൂടെയാണ് കേരള ജനത അനുദിനം കടന്നുപോകുന്നത്.

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍(screengrab, copyrights: The Hindu)

സ്വകാര്യബസ് നിയമലംഘനം നടത്തുന്നു എങ്കില്‍ പരാതി കൊടുക്കുക എന്നതിനു പകരം നിയമം കയ്യിലെടുക്കാനും പോലീസ് ഇടപെട്ടപ്പോള്‍ മുഴുവന്‍ ജനങ്ങളേയും ദുരിതത്തിലേക്ക് തള്ളിവിടാനും ഒരാളെ കൊലയ്ക്കു കൊടുക്കാനും ഇവര്‍ക്ക് ധൈര്യം വന്നത് സംഘടിതരാണെന്ന അഹങ്കാരം കൊണ്ടു മാത്രമാണ്. ഈ സംഘടിത ശക്തി തൊഴിലില്‍ കാണിച്ചിരുന്നെങ്കില്‍ ഇന്ന് കാണുന്ന ജീര്‍ണ്ണതയിലേക്ക് കെഎസ്ആര്‍ടിസി പോകില്ലായിരുന്നു.

സമരമെന്ന് പേരുള്ള അക്രമങ്ങള്‍

സ്വകാര്യ ബസ് റൂട്ടുമാറി ഓടി എന്ന കാരണത്താല്‍ നഗരമദ്ധ്യത്തില്‍ കെഎസ്ആര്‍ടിസി കാണിച്ചത് വെറും പ്രഹസനം മാത്രമായിരുന്നു. ഭരണസിരാകേന്ദ്രത്തില്‍, ഭരണകര്‍ത്താക്കളുടെയും സുരക്ഷാ സന്നാഹത്തിന്‍റെയും മൂക്കിന്‍ തുമ്പത്ത് തോന്ന്യാസം കാട്ടിയപ്പോള്‍ വിലപറയേണ്ടി വന്നത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ക്കായിരുന്നു.

കിഴക്കേകോട്ടയില്‍ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യബസ് ആളെ കയറ്റുന്നത് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ് തടഞ്ഞതിനു പിന്നാലെയാണ് പ്രശ്നത്തിന് തുടക്കം. സ്വകാര്യ ബസ് ജീവനക്കാരായിരുന്നു പ്രതിഷേധവുമായി നിരത്തിലെത്തിയത്.

പിടിച്ചെടുത്ത സ്വകാര്യ ബസ് വിട്ടു നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ അതിനു തയ്യാറായില്ല. ഡിടിഒയുടെ എതിര്‍പ്പ് മറികടന്ന് പോലീസ്, സ്വകാര്യ ബസ് വിട്ടയച്ചതോടെയാണ് പ്രശ്നം ഗുരുതരമാകുന്നത്.

വാഗ്വാദങ്ങള്‍ക്കിടയില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പോലീസുകാരെ ആക്രമിക്കുകയും, പോലീസ് ഡിടിഒ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് മിന്നല്‍ പണിമുടക്കിന് ആഹ്വാനം ഉണ്ടാകുന്നത്. മറ്റു വാഹനങ്ങളും റോഡില്‍ കുടുങ്ങിയതോടെ ഗതാഗത കുരുക്ക് നിയന്ത്രണാതീതമായി.

ഇന്നലെ തിരുവനന്തപുരം നഗരത്തില്‍ അനുഭവപ്പെട്ട ഗതാഗത കുരുക്ക്

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു കടകംപള്ളി സ്വദേശിയായ സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. പ്രഥശുശ്രൂഷ നല്‍കിയെങ്കിലും നഗരമദ്ധ്യത്തിലെ വന്‍ ഗതാഗതക്കുരുക്ക് കാരണം ആംബുലന്‍സിന് എത്തിച്ചേരാനും, സുരേന്ദ്രനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനും സാധിച്ചില്ല.

അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടാലും, സമരക്കാര്‍ക്കെതിരെ നടപടിയെടുത്താലും, പ്രാഥമിക റിപ്പോര്‍ട്ടുകളും അന്തിമ റിപ്പോര്‍ട്ടുകളും ഒന്നിനു പിറകെ ഒന്നായി വന്നാലും നഷ്ടപ്പെട്ട ജീവനു വിലപറയാന്‍ ആര്‍ക്കുമാവില്ല.

മിന്നല്‍ പണിമുടക്ക്; സര്‍ക്കാര്‍ രേഖകളില്‍ നിയമവിരുദ്ധം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ തലസ്ഥാനത്ത് നടത്തുന്ന രണ്ടാമത്തെ മിന്നല്‍ പണിമുടക്കാണ് ഇന്നലെ നടന്നത്. ഡ്രൈവര്‍ക്കെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ആദ്യ സമരം.

കുടുംബശ്രീക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചുമതല കൈമാറുന്നതിനെതിരെ 2018 ഒക്ടോബര്‍ 16ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മൂന്നര മണിക്കൂര്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. അന്ന് 1200 ഷെഡ്യൂളുകളാണ് റദ്ദാക്കേണ്ടി വന്നത്.

നിയമലംഘനം നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ സിഎംഡി ആയിരുന്ന ടോമിന്‍ തച്ചങ്കരി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ മറുപടി പ്രകാരം മിന്നല്‍ പണിമുടക്കുകള്‍ നിയമവിരുദ്ധമാണ്.

മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തിട്ടുണ്ടെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെയും ഗതാഗതി മന്ത്രിയുടെയും അഭാവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കാന്‍ ഇന്ന് ബലിയാടായത് അദ്ദേഹമായിരുന്നു.

സമരത്തിന് തുടക്കമിട്ട എടിഒ ലോപ്പസ്, കോണ്‍ഗ്രസുകാരനും, കുഴഞ്ഞു വീണു മരിച്ച സുരേന്ദ്രന്‍ സിപിഐഎം നേതാവുമാണെന്ന മന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിനു കാരണമായി. ജൂനിയറായ എം വിന്‍സെന്റ് എംഎല്‍എയെ അടിയന്തര പ്രമേയ നോട്ടീസ് ഏല്‍പ്പിച്ച പ്രതിപക്ഷം, വിഷയം ഗൗരവമായല്ല കാണുന്നതെന്നായിരുന്നു മന്ത്രിയുടെ പരാതി.

കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് പുതിയ വിവാദം സംസ്ഥാനത്ത് കത്തിപ്പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയോ, ഗതാഗത മന്ത്രിയോ സഭയില്‍ ഇല്ലാത്തതായിരുന്നു പ്രതിപക്ഷത്തിന്‍റെ അടുത്ത അസ്ത്രം. സര്‍ക്കാരിന്‍റെ അലംഭാവമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം.

അഞ്ച് മണിക്കൂറിലേറെ സമരം നീണ്ടിട്ടും തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി എവിടെ പോയെന്നും ചെന്നിത്തല ചോദിച്ചു. സംഭവത്തില്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നായിരുന്നു സ്പീക്കറുടെ മറുപടി.

നിരന്തരം വിവാദങ്ങള്‍ക്ക് പാത്രമാകുന്ന രണ്ട് പ്രധാന വകുപ്പിനെ ചൊല്ലി സര്‍ക്കാരിന് എന്നും പ്രതിസന്ധി തന്നെയാണ്. തോക്കും തിരയും പോലീസ് വകുപ്പിന്‍റെ മുഖം നഷ്ടപ്പെടുത്തുമ്പോള്‍, ദുഷ്പ്പേരുകളുടെ പ്രൗഢി നിലനിര്‍ത്താനാണ് കെഎസ്ആര്‍ടിസി ശ്രമിക്കുന്നത്.