Sat. Nov 23rd, 2024

 

അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതി വിതയ്ക്കുകയാണ് കൊറോണ വൈറസ്. കഴിഞ്ഞ ആഴ്ചകളിൽ യൂറോപ്പിലും മധ്യപൂർ‍വ്വദേശത്തും പടർന്ന വൈറസ്, ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും ഉൾപ്പെടെ മരണം വിതയ്ക്കുമോ എന്ന ആശങ്കയിലാണു ലോകം.

അമേരിക്കയിൽ വാഷിംഗ്ടണിലും ഓസ്‌ട്രേലിയയിൽ പെർത്തിലും കൊറോണ വൈറസ് ബാധ മൂലമുള്ള മരണങ്ങള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. യുഎസിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍  യുഎസ് മെക്‌സിക്കോ അതിർത്തിയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

43 പേർ കോവിഡ് 19 ബാധിച്ചു മരിച്ചതോടെ, ഇറാൻ പാർലമെന്റ് അടച്ചു. വൈറസ് ബാധയിൽ മൂന്ന് നഗരങ്ങൾ നിശ്ചലമായ ഇറ്റലിയിൽ മരണസംഖ്യ 29 ആയി ഉയർന്നു. ഫ്രാൻസിൽ 100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഖത്തർ അടക്കം ഗൾഫ് രാജ്യങ്ങളിലും രോഗം പടർന്നു. ഉംറ തീർഥാടനം നിർത്തി വച്ചിരിക്കുകയാണെന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും മക്ക, മദീന നഗരങ്ങളിലേക്കു പ്രവേശനമില്ലെന്നും സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നു.

ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതർ ദക്ഷിണ കൊറിയയിലാണ്. 17 പോര്‍ രോഗബാധയേറ്റ് മരിച്ചപ്പോള്‍ 3150 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച ഇറാനിലും ഇറ്റലിയിലും നൂറുകണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ 85 പേര്‍ മലയാളികളാണ്.

ഇവര്‍ക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കാന്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധനെ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധയില്ലെന്ന് വ്യക്തമായാല്‍ ഇവരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ഇറാനിലേക്ക് വിമാനമയക്കുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.

ഇന്ത്യ വിടാതെ കൊറോണ

ലോകരാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ആശങ്കയോടെ വീക്ഷിച്ച ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയുമായി എത്തിയിരിക്കുകയാണ് കൊറോണ. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

രാജ്യത്ത് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. മൂന്നു പേര്‍ക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ മൂവരും ആരോഗ്യ നില വീണ്ടെടുത്തപ്പോള്‍ ഇന്ത്യയില്‍ ആശങ്ക അകന്നതായിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിച്ചപ്പോള്‍ തന്നെ കേരളത്തിലും അസുഖം ബാധിക്കാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടിരുന്നെന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കിയത്.

ഇറാനില്‍ കുടുങ്ങിക്കിടക്കിടക്കുന്ന കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍

അതെ സമയം, ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിരുന്നു. നടപടികള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചത്. കേരളത്തില്‍നിന്നു പോയ 23 മത്സ്യബന്ധനത്തൊഴിലാളികളാണ് കോവിഡ്-19 ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ കുടുങ്ങിപ്പോയത്.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളാണ് ഇവര്‍. നാലുമാസം മുമ്പാണ് ഇവര്‍ ഇറാനിലെ അസലൂരിലെത്തിയത്. അതെ സമയം, മത്സ്യത്തൊഴിലാളികളെ സ്പോണ്‍സര്‍മാര്‍ ഭീഷണിപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസാ പണം മുഴുവനായും നല്‍കാതെ തിരിച്ചുവിടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ ഭക്ഷണവും വെള്ളവും പോലും നല്‍കിയില്ലെന്നായിരുന്നു പരാതി.

വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ നെടുമ്പാശേരിയിൽ നിന്ന് സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 13 വരെ സൗദി അറേബ്യയിലെ ജിദ്ദയിലേക്കുള്ള പ്രതിദിന സര്‍വീസാണ് സൗദി എയര്‍ലൈൻസ് റദ്ദാക്കിയത്.

ഇതിനു പുറമേ മലേഷ്യയിലേക്കുള്ള മലിൻഡോ എയര്‍ കൊച്ചിയിലേക്കും, കൊച്ചിയിൽ നിന്നുമുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. അതെസമയം കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് സർവീസ് കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

രോഗത്തെ അകറ്റാന്‍ സുവിശേഷ പ്രാര്‍ത്ഥന; വൈറസ് ബാധയേറ്റ് 9,000 പേര്‍

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എങ്ങനെ പ്രതിരോധിക്കുമെന്ന ഭയത്തിലാണ് ലോകത്ത് അങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍. വ്യാജ പ്രചരണങ്ങളും, അനൗദ്യോഗിക മരണനിരക്കുകളും വൈറസ് ബാധയെക്കാള്‍ പേടിപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്.

ദക്ഷിണ കൊറിയയിൽ രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടാണ് ഒടുവില്‍ പുറത്തു വന്നിരിക്കുന്നത്. ഇതേത്തുടർന്ന് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീക്കെതിരെ സർക്കാർ കേസെടുക്കുകയും ചെയ്തു.

ലീ മാന്‍ ഹീ

സോൾ നഗരസഭയുടെ നിര്‍ദ്ദേശ പ്രകാരം, വൈറസ് ബാധ പടർത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നരഹത്യക്കാണ് കേസ്. അദ്ദേഹത്തോടൊപ്പം 11 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമ നടപടി നേരിടേണ്ടി വരും. താൻ ‘മിശിഹാ’ ആണെന്ന് അവകാശപ്പടുന്ന ലീ മാനെയും പരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്. തന്റെ യോഗത്തിൽ പങ്കെടുത്താൽ രോഗബാധ ഭയക്കേണ്ടതില്ലെന്നു ലീ പറഞ്ഞിരുന്നു.

കൊറോണ മറവില്‍ വ്യാജ പ്രചരണവും അക്രമങ്ങളും

അവസരം മുതലെടുത്തു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ തടയുക എന്നതു സർക്കാരുകളെ, പ്രത്യേകിച്ചും ചൈനയിൽ പ്രയാസം സൃഷ്ടിക്കുകയാണ്. ‘കിംവദന്തി അല്ലെങ്കില്‍ അഭ്യൂഹം നമ്മുടെ കാലത്തെ പ്രവചനം’ എന്ന ഉദ്ധരണിയാണ് കുറച്ചു ദിവസങ്ങളായി ചൈനയിലെ സൈബർ ലോകത്തിൽ ഹിറ്റ്.

എന്നാല്‍, ഇന്റർനെറ്റിനും ആശയപ്രചാരണത്തിനും രാജ്യത്ത് അധികാരികൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിൽ അസംതൃപ്തരാണ് ചൈനക്കാര്‍. സത്യസന്ധമായ കണക്കുകളും വിവരങ്ങളും മറച്ചുവയ്ക്കാൻ ഇന്റർനെറ്റ് കമ്പനികൾക്കു ചൈന പണം കൊടുക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്.

ഇ-സെൻസറിങ് ഇല്ലായിരുന്നെങ്കിൽ 84,000ലേറെ പേർക്കു രോഗം വരില്ലെന്നും ലക്ഷക്കണക്കിനു മനുഷ്യർ തടവുജീവിതം അനുഭവിക്കേണ്ടി വരില്ലെന്നും അഭിപ്രായമുയരുന്നു.

സമൂഹമാധ്യമങ്ങളിലും മറ്റുമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ചൈനീസ് അധികൃതരെ കുഴപ്പിക്കുകയുമാണ്. സർക്കാരിന്റെ കടുത്ത നിയന്ത്രണം മറികടന്നെത്തുന്ന വ്യാജവിവരങ്ങൾ ശരിയായിരിക്കുമെന്ന ചിന്തയിൽ ജനം സ്വീകരിക്കുന്നതാണു പ്രശ്നങ്ങൾക്കു കാരണം. ട്വിറ്ററിനെയാണ് ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ചൈനയില്‍ ഔദ്യോഗികമായി ട്വിറ്റര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റു മാർഗങ്ങൾ വഴി ജനങ്ങൾ ട്വിറ്ററിലെത്തിയാണു വിവരം ശേഖരിക്കുന്നതും പങ്കിടുന്നതും.

കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നായിരുന്നു വ്യാജ വാര്‍ത്തകളില്‍ പ്രധാനം. ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന രാജ്യമായതിനാൽ ചൈനയാണു വൈറസിനെ സൃഷ്ടിച്ചതെന്ന സന്ദേശങ്ങൾ ‘ആധികാരികമായി’ തന്നെ ഇന്‍റര്‍നെറ്റില്‍ നിറഞ്ഞു. ചൈനയിലെയും പശ്ചാത്യ രാജ്യങ്ങളിലെയും ശാസ്ത്രജ്ഞർ പലകുറി തെളിവുസഹിതം തള്ളിയിട്ടും ഈ അഭ്യൂഹം ഇപ്പോഴും പ്രചരിക്കുന്നു.

കൊറോണ വൈറസ് ബാധ തടയാൻ തയ്യാറാക്കിയ ചെക്ക്പോയിന്റിൽ തടഞ്ഞതിന് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവവും ലോകം കണ്ടു. രണ്ട് ഉദ്യോഗസ്ഥരെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതിന് മാ ജിയാൻജിയോ എന്ന 23കാരനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് ഇപ്പോള്‍.

വരാനിരിക്കുന്ന വിപത്തിനെ ഓര്‍ത്ത് ജനം ചകിതരാകുമ്പോഴാണ് ഇത്തരത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത്. മഹാമാരികള്‍ നമ്മെ എത്രയോ വട്ടം കടന്നു പോയതാണ്. ഒറ്റക്കെട്ടായുള്ള ചെറുത്ത് നില്‍പ്പ് ഇവയെ അകറ്റാന്‍ ഗുണം ചെയ്യും. ശക്തമായ പ്രതിരോധ വലയം തീര്‍ത്താല്‍ കൊറോണയും തന്‍റെ കീരീടം അഴിച്ച് അടിയറവു പറയും.