25.5 C
Kochi
Saturday, October 16, 2021

Daily Archives: 11th February 2020

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വീട്ടു തടങ്കലില്‍ നിന്ന്  ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. വീട്ടുതടങ്കല്‍ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.ജമ്മുകശ്മീരിന്റെ  പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയതിന് മുന്നോടിയായി ആയിരുന്നു കേന്ദ്ര സർക്കാർ ഒമർ അബ്‌ദുള്ള അടക്കമുള്ള സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയത്.
സംസ്ഥാനത്തെ പകൽ സമയത്തെ ഉയർന്ന താപനില കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവായി. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണ് ഈ നടപടി. ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും.
ക്രെഡിറ്റ് റേറ്റിംഗ് ഭീമനായ ഇക്വിഫാക്സിനെതിരെ സൈബർ ആക്രമണം നടത്തിയതിന് നാല് ചൈനീസ് സൈനിക ഉദ്യോഗസ്ഥർക്കെതിരെ യുഎസ് കുറ്റം ചുമത്തി. 2017-ൽ നടന്ന സൈബർ ആക്രമണം 147 ദശലക്ഷത്തിലധികം അമേരിക്കക്കാരെ ബാധിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ലംഘനങ്ങളിലൊന്നാണ്' ഇതെന്ന് കുറ്റപത്രം പ്രഖ്യാപിച്ച അറ്റോർണി ജനറൽ വില്യം ബാർ പറഞ്ഞു. ചൈനീസ് മിലിട്ടറിയുടെ ഘടകമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 54-ാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളാണ് കുറ്റം ചുമത്തപ്പെട്ട നാലു പേരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്താന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഈ മാസം ഇരുപത്തി നാലാം തീയതി ഇന്ത്യയിലേക്ക് എത്തുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഫെബ്രുവരി 24, 25 തീയതികളിൽ ആണ് ട്രംപിന്റെ ഇന്ത്യ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങളിലെ പങ്കാളിത്തം ട്രംപിന്‍റെ ഇന്ത്യാസന്ദര്‍ശനം ഊട്ടിഉറപ്പിക്കുമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്‍തു.
ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കിയ ആം ആദ്മി പാർട്ടിയ്ക്കും അരവിന്ദ് കെജ്‌രിവാളിനും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയത്തില്‍ നിങ്ങളെയും പാര്‍ട്ടിയെയും അഭിനന്ദിക്കുന്നുവെന്നും ദില്ലിയിലെ ജനങ്ങളുടെ അഭിലാഷം സഫലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കൊറോണ ബാധയെ തുടര്‍ന്ന് ചൈനയിൽ മരണം ആയിരം കടന്നു. ഇന്നലെ മാത്രം 103 പേരാണ് ചൈനയിൽ മരിച്ചത്, ഇതോടെ മരണം 1011 ആയി. കൊറോണ ബാധിച്ചവരുടെ എണ്ണം ചൈനയിൽ 42300 ആയതായി അധികൃതർ അറിയിച്ചു.  ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ആഹ്വാനം ചെയ്തു. അതേസമയം, ഇന്നലെ ഹോംങ്കോങിലും ഫിലിപ്പൈൻസിലും കൊറോണ ബാധയിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തു.
ട്വിറ്റര്‍ അധിക്ഷേപകരമായ ഉള്ളടക്കത്തെക്കുറിച്ചുള്ള തങ്ങളുടെ നിയമാവലി പുന:പരിശോധിക്കണമെന്ന്  തെലുങ്ക് നടിയും ടെലിവിഷന്‍ അവതാരകയുമായ അനസൂയ ഭരദ്വാജ്. അധിക്ഷേപകരമായ പോസ്റ്റ് ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് ഉണ്ടായതിനെ തുടർന്ന്  ട്വിറ്റര്‍ സപ്പോര്‍ട്ടില്‍ ഔദ്യോഗികമായി പരാതിപ്പെട്ടിട്ടും നടപടികൾ എടുക്കാഞ്ഞതിനെ തുടർന്നാണ് താരത്തിന്റെ ഈ പ്രതികരണം. റിപ്പോര്‍ട്ട് ചെയ്ത ഉള്ളടക്കത്തില്‍ തങ്ങളുടെ നിയമങ്ങളെ ലംഘിക്കുന്നതൊന്നും കണ്ടെത്താനായില്ല എന്നാണ് ട്വിറ്റർ മറുപടി നൽകിയത്.
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു മില്യൺ യുവാൻ പാരിതോഷികം പ്രഖ്യാപിച്ച് പ്രശസ്ത സിനിമ താരം ജാക്കി ചാൻ. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമാണ് വൈറസിനെ പ്രതിരോധിക്കാനാകുക എന്നും ഏതൊരാളോ സംഘടനയോ ഇതിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നുവോ താൻ അവർക്ക് ഒരു കോടി രൂപ നൽകി നന്ദി പറയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പണത്തിന്റെ കാര്യമല്ലെന്നും വലിയ തിരക്കുണ്ടായിരുന്ന തെരുവുകളിപ്പോൾ വിജനമാണെന്നും ജാക്കി ചാൻ വ്യക്തമാക്കി.
ഒന്നാം ലോക മഹായുദ്ധം പ്രമേയമായുള്ള '1917' എന്ന ചിത്രത്തിന്റെ വിഎഫ്ക്സ് എഡിറ്റിങിന് ഓസ്കാർ അവാർഡ് ലഭിച്ചിരുന്നു. യുകെയിലെ പ്രമുഖ വിഎഫ്എക്സ് സ്ഥാപനമായ മൂവിങ് പിക്ച്ചർ കമ്പനിയാണ് ചിത്രത്തിന്റെ വിഎഫ്ക്സ് എഡിറ്റിങ്  ചെയ്തത്. ആ സംഘത്തിലെ പ്രധാനി വൈക്കം സ്വദേശി അയ്യപ്പദാസ് വിജയകുമാറാണ്. സംഘത്തിലെ 600 പേർ ചേർന്ന് വെറും 9 മാസമെന്ന റെക്കോർഡ് സമയം കൊണ്ടാണ് ആ ചിത്രം പൂർത്തിയാക്കിയത്.
അഞ്ച് ലക്ഷം കോടി ഡോളര്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയാണെന്നും രാജ്യത്തെ സാമ്പത്തിക രംഗത്ത് ഇപ്പോൾ പ്രശ്ങ്ങളില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. വിദേശ നിക്ഷേപം വര്‍ധിക്കുണ്ടെന്നും  കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്ടി വരുമാനം ലക്ഷം കോടി കവിഞ്ഞത് നല്ല സൂചനയാണെന്നും ധനമന്ത്രി പറഞ്ഞു. സ്വകാര്യ നിക്ഷേപം, കയറ്റുമതി, സ്വകാര്യ, പൊതു ഉപഭോഗം എന്നിവയില്‍ കുതിപ്പുണ്ടാകാനാണ് കേന്ദ്ര സർക്കാർ മുൻതൂക്കം നൽകുന്നതെന്നും കൂട്ടിച്ചേർത്തു.