Fri. Nov 22nd, 2024
#ദിനസരികള്‍ 1017

 
നയപ്രഖ്യാപന പ്രസംഗം വായിച്ചാലും ഇല്ലെങ്കിലും കേരള ജനത ഗവര്‍ണര്‍ക്ക് നന്ദി പറയുക. കാരണം മനുഷ്യത്വ രഹിതമായ പൌരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഇത്രയും സജീവമായ ഒരു ചര്‍ച്ച പൊതു സമൂഹത്തിനിടിയ്ല്‍ നിലനിറുത്തുവാനും കൂടുതല്‍ ആര്‍ജ്ജവത്തോടെ ആളുകള്‍ക്ക്‌ തങ്ങള്‍ ഈ കാട്ടു നിയമം അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുവാനും ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധമായ നിലപാടുകള്‍ സഹായിച്ചിട്ടുണ്ട്. കേരളത്തെ ഗവര്‍ണറിലൂടെ നിയന്ത്രിച്ച് തങ്ങളുടെ ചൊല്പടിക്കു നിറുത്തുക എന്ന ഉദ്ദേശത്തോടെ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് അയച്ചവര്‍ക്ക് അഭിമാനിക്കാവുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ മറ്റൊരു കാര്യം ഗവര്‍ണറുടെ നിലപാട് ശക്തമാകുന്തോറും അത് ഇടതുപക്ഷ സര്‍ക്കാറിന് ഗുണകരമായി മാറുവാനുള്ള സാധ്യതയാണ് അവശേഷിപ്പിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഗവര്‍ണര്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ കര്‍ശശനമായ നിലപാടുകളും കേന്ദ്രം ഭരിക്കുന്ന ആറെസ്സെസ്സ് നേതാക്കന്മാര്‍ക്കുള്ള മുന്നറിയിപ്പുകളാണെന്ന് നാം, കേരളത്തിലെ ജനത, ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാറിനോട് കൂടുതല്‍ ചേര്‍ന്നുനിന്നു കൊണ്ട് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മറ്റേതൊരു മുന്നണിയ്ക്ക് വിശ്വസനീയത നേടിയെടുക്കാന്‍ കഴിയുന്നു.

2019 ലെ ലോകസഭ ഇലക്ഷനില്‍ ആറെസ്സെസ്സിനെതിരെയുള്ള ഒരു ദേശീയ ബദല്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ സാധ്യതയെക്കുറിച്ച് കേരളത്തിലെ ജനത ചിന്തിച്ചതിന്റെ ഫലമായിരുന്നല്ലോ ഇടതുപക്ഷം കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങിപ്പോയത്. ഇപ്പോഴാകട്ടെ തങ്ങള്‍ ബദലല്ലെന്നു മാത്രവുമല്ല, ഒരു മുഖംപോലുമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ തെളിയിച്ചിരിക്കുന്നു. പൌരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കര്‍ശനമായി നിലപാടു പറയുവാനോ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുവാനോ ദീര്‍ഘകാല മതേതരപാരമ്പര്യത്തിന്റെ അട്ടിപ്പേറ് അവകാശപ്പെടുന്നവര്‍ക്ക് കഴിയുന്നില്ല.

പ്രതിഷേധം ഹിന്ദു വോട്ടുകളെ ഭിന്നിപ്പിക്കും എന്ന ആശങ്കയാണ് ഇത്തരമൊരു നിലപാടില്ലായ്മയിലേക്ക് അക്കൂട്ടരെ തള്ളിവിട്ടത്. ഇത് വോട്ടിന്റെയോ തിരഞ്ഞെടുപ്പിന്റെയോ വിഷയമല്ലെന്നും മറിച്ച് രാജ്യം നാളിതുവരെ തുടര്‍ന്നു പോന്നിരുന്ന പ്രഖ്യാപിതമായ മതേതരസ്വഭാവത്തിന്റെ അന്ത്യംകുറിയ്ക്കലാണെന്നും അതുകൊണ്ടുതന്നെ അതിനെ എതിര്‍ക്കുക എന്നത് സ്വാതന്ത്ര്യ സമരചരിത്രങ്ങളുടെ മൂല്യങ്ങളെത്തന്നെ ഉയര്‍ത്തിപ്പിടിക്കുന്നതിന് സമാനമാണെന്നും കോണ്‍ഗ്രസിനെ നയിക്കുന്നവര്‍ ചിന്തിക്കുന്നില്ലെന്നത് ഖേദകരമാണ്. ഭൂരിപക്ഷ വോട്ടിനെ മുന്‍നിറുത്തി പ്രതിഷേധങ്ങള്‍ ആവിഷ്കരിക്കാതെയും എന്നാല്‍ ന്യൂനപക്ഷത്തെ പരിഗണിക്കുന്നുവെന്ന് അഭിനയിച്ചുകൊണ്ടും എത്ര നാള്‍ കേരളത്തിലെയടക്കമുള്ള കോൺഗ്രസ് പാര്‍ട്ടിയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.

ഈ സാഹചര്യത്തില്‍ ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യനിരയുടെ നേതൃത്വത്തിലേക്ക് ഇടതുപക്ഷം കടന്നു വരേണ്ടതുണ്ട്. കഴിഞ്ഞ രണ്ടുമാസക്കാലമായി രാജ്യം പ്രക്ഷോഭച്ചൂടില്‍ അമര്‍ന്നിട്ടും പ്രതിപക്ഷത്തിന് അവരുടെ കടമ കൃത്യമായി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഏറെ വൈകിയെങ്കിലും പൌരത്വ ഭേദഗതി നിയമത്തില്‍ നിന്നും കേന്ദ്രം പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു തന്നെ വിശ്രമരഹിതമായ നാളെകളാണ് വരാനിരിക്കുന്നതെന്ന കാര്യം സുനിശ്ചിതമാണ്.

അതുകൊണ്ട് രാജ്യത്തെവിടേയും നിലനില്ക്കുന്ന ആശങ്കകളില്‍ ജനതയുടെ കൂടെ നില്ക്കാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷേ ചരിത്രത്തിലിതുവരെ നേടിയെടുക്കാന്‍ കഴിയാത്ത ജനപിന്തുണ ഇടതുപക്ഷത്തിന് ഉണ്ടായെന്ന് വരാം. അത് കേവലം വോട്ടുരാഷ്ട്രീയത്തിനുള്ള പിന്തുണയായിരിക്കില്ല, മറിച്ച് രാഷ്ട്രീയ നിലപാടിനുള്ളതായിരിക്കും.

ജനതയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുകൊണ്ട് ഇടതപക്ഷം കരുത്തുകാണിക്കേണ്ട സാഹചര്യങ്ങള്‍ അവഗണിക്കപ്പെട്ടു കൂടാത്തതാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.