തിരുവനന്തപുരം:
നയപ്രഖ്യാപന പ്രസംഗത്തിനായെത്തിയ ഗവർണർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. നിയമസഭ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനെത്തിയപ്പോളാണ് പ്രതിപക്ഷം ഗവർണർക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. ബാനറുകളും, പ്ലക്കാർഡുകളുമായാണ് ഗവർണറെ പ്രതിപക്ഷം തടഞ്ഞത്. ഗോ ബാക്ക് വിളികളുമായി ഗവർണർക്കു മുന്നിൽ ഉപരോധം സൃഷ്ടിച്ചവരെ വാച്ച് ആൻഡ് വാർഡ് ബലംപ്രയോഗിച്ചു പിടിച്ചു മാറ്റുകയായിരുന്നു.
തുടർന്ന് വാച്ച് ആൻഡ് വാർഡിന്റെ സഹായത്തോടെ ഡയസ്സിലെത്തിയ ഗവർണ്ണർ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം വായിച്ചു. ഇതിനിടയിൽ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സർക്കാർ നിലപാട് പ്രസംഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് ഗവർണ്ണർ നിലപാട് എടുത്തിരുന്നു. ഇത് പരാമർശിക്കുന്ന 18 ാം ഖണ്ഡിക സർക്കാരിന്റെ മാത്രം അഭിപ്രായമാണെന്നും ഇത് തിരുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു.