കളമശ്ശേരി:
വ്യവസായ മാലിന്യമായ ജിപ്സത്തിൽനിന്ന് കെട്ടിടങ്ങളുടെ ഭിത്തി നിർമ്മാണത്തിനുള്ള പാനലുകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ഏക സ്ഥാപനമായ അമ്പലമുകൾ ഫാക്‌ട് -ആർസിഎഫ് ബിൽഡിങ് പ്രൊഡക്ട് ലിമിറ്റഡ് അടച്ചുപൂട്ടരുത് എന്ന ആവശ്യവുമായി തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി. കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട 135 ഓളം വരുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും നടത്തിയ എഫ്ആര്‍ബിഎല്‍ സംരക്ഷണ ധര്‍ണ്ണ ഏലൂര്‍ കോര്‍പറേറ്റ് ഓഫീസ് പരിസരത്താണ് നടത്തിയത്. കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സൗഹൃദ ജിപ്സം പാനല്‍ ഉത്പാദനം നിര്‍ത്തരുതെന്നും, സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ബദല്‍ മാര്‍ഗ്ഗം കണ്ടെത്തണമെന്നും എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പരിസ്ഥിതി സൗഹൃദ ജിപ്സം പാനലിന്റെ ഉത്പാദനം നിര്‍ത്തുന്നതോടെ നിര്‍മ്മാണമേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു.
നല്ല ലാഭം ആണ് ഇപ്പോള്‍ കമ്പനിക്കുള്ളതെന്നും ഇപ്പോള്‍ ഇങ്ങനെ ഒരു നടപടിയെടുത്തതിനു പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യം ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഒമ്പതു വര്‍ഷത്തോളം കമ്പനിയില്‍ ജോലിചെയ്ത തൊഴിലാളികള്‍ പറയുന്നു.
ഈ നടപ്പ് സാമ്പത്തിക വര്‍ഷം 16 കോടിയോളം വിറ്റുവരവ് നേടി നല്ലൊരു ലാഭത്തിലേക്ക് കുതിക്കുന്ന കമ്പനിയെ ആ സമയത്ത് തന്നെ അടച്ചുപൂട്ടാനുള്ള തീരുമാനം കെെക്കൊണ്ടത് സംശയാസ്പദമാണ്. ഈ പൊതു മേഖലാ സ്ഥാപനം സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ ചെറിയ തുകയ്ക്ക് കെെമാറാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് എഫ്ആര്‍ബിഎല്‍ യൂണിയനിലെ ബിഎംഎസ് ജോയിന്‍ സെക്രട്ടറിയായ ജോമി ജോസഫ് പറഞ്ഞു.
വിറ്റുവരവും സാമ്പത്തികസ്ഥിതിയും നിലവിൽ മെച്ചമാണെങ്കിലും മുൻകാല ബാധ്യതയുടെ പേരിലാണ് ഇപ്പോള്‍ എഫ്ആര്‍ബിഎല്‍ അടച്ചുപൂട്ടിയത്.