വാഷിങ്‌ടൺ:
ടെഹ്റാനിൽനിന്ന് 176 പേരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ട യുക്രൈൻ വിമാനം ബോയിങ് 737 ഇറാൻ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്നും, മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്നും യുഎസ് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ടുചെയ്തു. എന്നാൽ, വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കുമ്പോഴാണ് വിമാനം തകർന്നതെന്നാണ് ഇറാൻ അന്വേഷകർ പറയുന്നത്.
വിമാനാവശിഷ്ടങ്ങൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് യുക്രൈൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ഒലെക്സി ഡനിലോവ് വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമയാനചട്ടങ്ങൾ പ്രകാരം അന്വേഷണത്തിന് ഇറാനാണ് നേതൃത്വം നൽകേണ്ടത്. എന്നാൽ, വിമാനക്കമ്പനിക്ക് ഇടപെടാം. വിശദമായ അന്വേഷണത്തിന് 45 അംഗ പ്രത്യേകസംഘത്തെയാണ് യുക്രൈൻ ഇറാനിലേക്ക് അയച്ചിട്ടുള്ളത്.