ന്യൂഡല്‍ഹി:
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഈ നിയമത്തെ അനുകൂലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. നിയമം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും, അതിനായി ഇത്തിരി കാത്തിരിക്കാന്‍ ക്ഷമ കാണിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം ചെലുത്തണമെന്നും രവി ശാസ്ത്രി ആവശ്യപ്പെട്ടു. സിഎന്‍എന്‍, ന്യൂസ് 18 എന്നീ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രവി ശാസ്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
“സിഎഎയെപ്പറ്റി ചിന്തിക്കുമ്പോള്‍, ഞാനൊരു ഇന്ത്യക്കാരനാണ്. എന്റെ ടീമിലും വ്യത്യസ്ത ജാതി, മതങ്ങളില്‍ പെട്ട ആളുകളുണ്ട്. പക്ഷേ, അവരൊക്കെ ഇന്ത്യക്കാരാണ്. ക്ഷമ കാണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ നിയമം ഒട്ടേറെ നന്മ കൊണ്ടു വരുമെന്നത് എനിക്ക് ഉറപ്പാണ്. സര്‍ക്കാര്‍ ഇതേപ്പറ്റി കൃത്യമായി ചിന്തിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. അവിടവിടെയായി ഇനിയും ചിലതൊക്കെ മെച്ചപ്പെടാനുണ്ട്. പക്ഷേ, അവര്‍ ഈ നിയമം കൊണ്ടു വരുന്നത് ഇന്ത്യക്കാരുടെ ഗുണത്തിനു വേണ്ടിയാണ്. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ എനിക്ക് ഇതേപ്പറ്റി സംസാരിക്കാനുള്ള അവകാശമുണ്ട്”- ശാസ്ത്രി പറഞ്ഞു.