Wed. Nov 6th, 2024
#ദിനസരികള്‍ 996

 
1962 ലാണ് മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് എത്തിച്ചേരുമായിരുന്ന ക്യൂബന്‍ മിസൈല്‍ ക്രൈസിസ് ഉണ്ടാകുന്നത്. ക്യൂബയുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ അമേരിക്കയ്ക്കെതിരെ ക്യൂബന്‍ മണ്ണില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കുകയും അത്തരമൊരു നീക്കത്തിനെതിരെ അമേരിക്ക ശക്തമായി രംഗത്തുവരികയും ചെയ്തതോടെ മഹാശക്തികള്‍ മറ്റൊരു ഏറ്റുമുട്ടലിന്റെ വക്കത്തെത്തുകയും വീണ്ടുമൊരു ലോകയുദ്ധത്തിന് കളമൊരുങ്ങുകയും ചെയ്യുന്നുവെന്ന് തോന്നിപ്പിച്ച ചെയ്ത സംഭവമാണ് ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി എന്നറിയപ്പെടുന്നത്. കേണല്‍ ബാറ്റിസ്റ്റയെ തുരത്തിക്കൊണ്ട് അധികാരത്തില്‍ വന്ന കാസ്ട്രോയുടെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ എക്കാലത്തും അമേരിക്ക അസഹിഷ്ണുതയോടെയാണ് നോക്കിക്കണ്ടത്.

ക്യൂബ ഒരു സ്വതന്ത്ര രാജ്യമാണെന്നും ആ രാജ്യത്തെ ജനതയ്ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള സര്‍ക്കാറിനെ തിരഞ്ഞെടുക്കാന്‍ അധികാരമുണ്ടെന്നുമുള്ള ബോധ്യങ്ങളെ അമേരിക്ക വകവെച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ മൂക്കിന്‍ തുമ്പത്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഇത്തരമൊരു രാജ്യം പുലര്‍ന്നു പോകുന്നത് അമേരിക്കയ്ക്ക് സഹിക്കുവാന്‍ കഴിയുന്നതല്ലല്ലോ. ആയതിനാല്‍ ക്യൂബയ്ക്കും കാസ്ട്രോയ്ക്കുമെതിരായ ഏതൊരു നീക്കത്തേയും അവര്‍ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നു. അങ്ങനെയാണ് കാസ്ട്രോയേയും കൂട്ടരേയും ഭയന്ന് വിപ്ലവാനന്തരം ഫ്ലോറിഡയിലേക്ക് ചേക്കേറിയിരുന്ന കേണല്‍ ബാറ്റിസ്റ്റയെ ഉപയോഗിച്ചുകൊണ്ട് കമ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അമേരിക്കയുടെ അറിവോടെയും സമ്മതത്തോടേയും സംഘടിപ്പിക്കപ്പെടുന്നത്.

1961 ല്‍ അമേരിക്കയുടെ സഹായത്തോടുകൂടി സംഘടിപ്പിക്കപ്പെട്ട ബേ ഓഫ് പിഗ്സ് ആക്രമണത്തിന് ശേഷമാണ് ക്യൂബ സോവിയറ്റു യൂണിയന്റെ സഹായം തേടുന്നത്. ആക്രമണം പരാജയപ്പെട്ടുവെങ്കിലും ഭാവിയില്‍ തങ്ങള്‍‌ക്കെതിരെ ഇനിയും സാമ്രാജ്യത്വത്തിന്റെ ആക്രമണമുണ്ടാകുമെന്ന് അറിയാമായിരുന്ന കാസ്ട്രോയാണ് ക്യൂബയുടെ മണ്ണില്‍ സോവിയറ്റു മിസൈലുകള്‍ വിന്യസിച്ചുകൊണ്ട് അമേരിക്കയ്ക്കെതിരെ പ്രതിരോധം തീര്‍ത്ത് സഹായിക്കണമെന്ന് ക്രൂഷ്ചേവിനോട് അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെ ക്യൂബയില്‍ മിസൈലുകള്‍ സ്ഥാപിക്കുന്നത് അമേരിക്ക കണ്ടെത്തിയതോടെ ലോകത്തെ മുള്‍മുനയില്‍ നിറുത്തിയ രണ്ടാഴ്ചക്കാലം ആരംഭിച്ചു. അവസാനം അമേരിക്ക ഒരിക്കലും ക്യൂബയെ ആക്രമിക്കുകയില്ലെന്ന ഉറപ്പിന്മേല്‍ സോവിയറ്റ് റഷ്യ മിസൈലുകള്‍ നീക്കം ചെയ്തതോടെ പ്രതിസന്ധിയ്ക്ക് അവസാനമായി.

ഇക്കാലയളവില്‍ മുഖാമുഖം നിന്ന രണ്ടു മഹാശക്തികളെ ഒരു യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ച ഒരാള്‍ വിഖ്യാത ചിന്തകനായിരുന്ന ബര്‍ട്രന്റ് റസ്സലായിരുന്നു. ആണവശക്തികളുടെ ഏറ്റുമുട്ടല്‍ ലോകനാശത്തിലേക്കായിരിക്കും എത്തിച്ചേരുകയെന്ന കാര്യത്തില്‍ റസ്സലിന് സംശയമൊന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ തന്റെ ജീവിതകാലത്ത് ഏറ്റവുമധികം ഭയം തോന്നിയ ദിവസങ്ങളായിരുന്നു അതെന്ന് അദ്ദേഹം പിന്നീട് അനുസ്മരിക്കുന്നുണ്ട്.

ലോകമനസാക്ഷിയെ മറ്റൊരു ലോകമഹായുദ്ധമുണ്ടാകുന്നതിനെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഇടപെടാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തി. റസ്സല്‍, അമേരിയ്ക്കയുടെ പ്രസിഡന്റ് കെന്നഡിക്ക് ഇങ്ങനെയൊരു കത്തയച്ചു. “അങ്ങയുടെ നടപടി കടുത്ത സാഹസമാണ്.അതു മനുഷ്യരാശിയുടെ നിലനില്പിനു തന്നെ ഭീഷണിയാണ്.അതിനു യാതൊരു ന്യായീകരണവുമില്ല.പരിഷ്കൃതരായ മനുഷ്യര്‍ അതിനെ അപലപിക്കും. കൂട്ടക്കുരുതി നമുക്കു വേണ്ട. അന്ത്യശാസനമെന്നാല്‍ യുദ്ധമെന്നാണ് അര്‍ത്ഥം. ഞാന്‍ പരിഷ്കൃത ലോകത്തിനു വേണ്ടി അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു, ഈഭ്രാന്ത് അവസാനിപ്പിക്കുക (ബര്‍ട്രന്റ് റസ്സല്‍, വി ബാബുസേനന്‍ – പേജ് 309.) ക്രൂഷ്ചേവിനാകട്ടെ അമേരിക്കയുടെ അന്യായമായ പ്രവര്‍ത്തിയില്‍ അങ്ങ് പ്രകോപിതനാകരുതെന്നും ഐക്യരാഷ്ട്ര സഭയിലൂടെ പ്രശ്നപരിഹാരത്തിന് മുന്‍‌കൈയ്യെടുക്കണമെന്നും അല്ലാത്ത പക്ഷം മനുഷ്യവംശത്തിന്റെ കൂട്ടക്കുരുതിയിലേക്കേ കാര്യങ്ങളെത്തുകയുള്ളുവെന്നും അദ്ദേഹം എഴുതി.

മനുഷ്യമനസാക്ഷിയെ തൊട്ടുണര്‍ത്തിയ ആര്‍ജ്ജവമുള്ള ഒരു ശബ്ദമായി അതുമാറി. അവസാനം ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ പ്രതിസന്ധിയ്ക്ക് പരിഹാരമാകുമ്പോള്‍ പ്രസ്തുത വിഷയത്തെ മുന്‍നിറുത്തി റസ്സല്‍ നടത്തിയ ഇടപെടലുകള്‍ ചരിത്രമാകുകയായിരുന്നു. “നിങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങി ഉറക്കെ വിളിച്ചു പറയുക ആരും നിഷ്ഠൂരരായ ഈ കൊലയാളികള്‍ക്കുവേണ്ടി വഴങ്ങിക്കൊടുക്കരുത്. നിങ്ങളോട് മരിച്ചുകൊള്ളാന്‍ നിങ്ങളുടെ പ്രധാനമന്ത്രിയും അമേരിക്കയുടെ പ്രസിഡന്റും പറഞ്ഞാല്‍ അത് അനുസരിക്കുന്നത് നിങ്ങളുടെ ധര്‍മ്മമായി ആരും തെറ്റിദ്ധരിക്കരുത്. നിങ്ങളുടെ കടപ്പാട് നിങ്ങളുടെ കുടുംബത്തോടാണ്, സുഹൃത്തുക്കളോടാണ്, നിങ്ങളുടെ രാജ്യത്തോടാണ്, നിങ്ങള്‍ ജീവിക്കുന്ന ആ ലോകത്തോടാണ് എന്നോര്‍ക്കുക. നിങ്ങള്‍ മനസ്സുവെച്ചാല്‍ ഭാവിലോകം സുന്ദരവും സന്തുഷ്ടവും സ്വതന്ത്രവുമായിരിക്കും. അനുസരിച്ചാല്‍ മരണം നിശ്ചയം; പ്രതിഷേധിച്ചാല്‍ ആശയ്ക്കു വകയുണ്ട്,” എന്ന് ഒരു ലഘുലേഖയില്‍ അദ്ദേഹം കുറിച്ചിട്ടത് നമുക്ക് എളുപ്പത്തില്‍ മറക്കാവുന്നതല്ല.

ഇന്ന് ഇറാനെന്ന സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരത്തിനു മുകളില്‍ അമേരിക്ക തികച്ചും അനാവശ്യമായ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നു.ചരിത്രത്തില്‍ നിന്നും അവര്‍ ഒന്നും പഠിക്കുന്നില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. താരതമ്യേന ദുര്‍ബലരായ ഇറാനാകട്ടെ സ്വന്തം ജനതയുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാനും തങ്ങള്‍ ചെറുത്തു നില്ക്കുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും വേണ്ടി ദുര്‍ബലമായ ഒരാക്രമണം ഇറാക്കിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയിരിക്കുന്നു. അതില്‍പരം അവര്‍‌ക്ക് മറ്റൊന്നും കഴിയുകയുമില്ലെന്നും അമേരിക്കയ്ക്ക് അറിയാം. കിം ജോംഗ് ഉന്നിന്റെ കാര്യത്തിലെടുത്ത സംയമനമൊന്നും അമേരിക്ക ഇവിടെ കാണിക്കുന്നില്ലെന്നതിന് കാരണം ഇറാനൊരു ആണവശക്തിയല്ലെന്നത് മാത്രമാണ്.

ഇറാന്റെ അയല്‍ രാജ്യമായ ഇറാക്കിനോടും അവിടുത്തെ ഭരണാധികാരിയായിരുന്ന സദ്ദാംഹുസൈനോടും അമേരിക്ക ചെയ്തതെന്താണെന്ന് നമുക്കറിയാം. തങ്ങള്‍ക്ക് വഴങ്ങാത്തവരെ നശിപ്പിച്ചൊടുക്കുക എന്നതുമാത്രമാണ് അമേരിക്കയുടെ നയം. ഇറാന്റെ കാര്യത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. മിഡില്‍ ഈസ്റ്റില്‍ തങ്ങള്‍ക്ക് ഇപ്പോള്‍ പ്രധാനഭീഷണിയായി നില്ക്കുന്ന ഇറാനെ സൈനികമായിത്തന്നെ ഒതുക്കിയെടുക്കുക എന്നത് അമേരിക്കയുടെ എക്കാലത്തേയും ആഗ്രഹമാണ്. അതിന്റെ ഫലമായിട്ടാണ് ഇറാന്റെ പ്രമുഖനായ സൈനികോദ്യോഗസ്ഥനെ അമേരിക്ക വധിച്ചുകൊണ്ട് പ്രകോപനം സൃഷ്ടിച്ചത്.

ആ ശ്രമത്തിനെതിരെ ലോകരാജ്യങ്ങളുടെ ഇടയില്‍ നിന്നും ആത്മാര്‍ത്ഥതയുള്ള ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. അമേരിക്കയുടെ അനിഷ്ടമുണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടാന്‍ ആരും ഉദ്ദേശിക്കുന്നില്ല എന്നതുതന്നെയാണ് കാരണം. സോവിയറ്റു യൂണിയന്റെ പതനം ലോകപോലീസായി മാറുവാന്‍ അമേരിക്കയ്ക്ക് ചെയ്തുകൊടുത്ത സഹായം ചെറുതല്ല. ക്യൂബന്‍ പ്രതിസന്ധിയുടെ കാലത്ത് സോവിയറ്റില്‍ നിന്നും അത്തരമൊരു നീക്കമുണ്ടായിരുന്നില്ലെങ്കില്‍ ക്യൂബ എപ്പോഴേ നാമാവശേഷമാകുമായിരുന്നുവെന്ന് ആലോചിക്കുക.

യു എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടറെസ്സൊക്കെ തികച്ചും പരാജയമാകുന്നത് ഇവിടെയാണ്. ശൂന്യമായിരിക്കുന്ന റസ്സലിന്റെ സിംഹാസനം സൂചിപ്പിക്കുന്നത് അധികാരത്തോട് ഒട്ടിനില്ക്കുവാനാണ് അനീതിയെ എതിര്‍ത്തു തോല്പിക്കുവാനല്ല ഇന്ന് ലോകം ശ്രമിക്കുന്നതെന്നാണ്. റസ്സലിനെപ്പോലെ മനുഷ്യവംശത്തെ സ്നേഹിക്കുന്ന ഒരു ശബ്ദത്തിന് വേണ്ടി ലോകം കാത്തിരിക്കുന്നു.