Fri. Apr 26th, 2024
#ദിനസരികള്‍ 997

 
ലോകത്ത് കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ള ഒരു ശബ്ദം കുഞ്ഞുങ്ങളുടെ കലമ്പലുകളാണ്. ഭാഷയുടെ വടിവോ അര്‍ത്ഥത്തിന്റെ ഭാരമോ ഇല്ലാതെ അവര്‍ പുറപ്പെടുവിക്കുന്ന നിസ്വനങ്ങള്‍ ആരെയാണ് ഒന്നു പിടിച്ചു നിറുത്താതിരിക്കുക? ആ കുഞ്ഞിക്കവിളുകളില്‍ ഒന്നു തലോടിപ്പോകാന്‍ പ്രേരിപ്പിക്കാതിരിക്കുക? ഇത്തിരി കൂടി വ്യക്തിപരമായാല്‍ എന്നെ സംബന്ധിച്ച് ഞാന്‍ നാളിതുവരെ കേട്ടിരിക്കുന്ന ശബ്ദങ്ങളില്‍ ഏറ്റവും മനോഹരമായിട്ടുള്ളത് എന്റെ മകള്‍ എന്നെ അച്ഛാ എന്നു വിളിക്കുന്നതാണ്.

രണ്ടാമതാകട്ടെ മലയാളിയുടെ പ്രിയപ്പെട്ട ഗായകന്‍ യേശുദാസിന്റേതുമാണ്. ഇവിടെ പ്രത്യേകമായി സൂചിപ്പിക്കേണ്ടത്, യേശുദാസിന്റെ പാട്ടു മാത്രമാണ് എനിക്കിഷ്ടം എന്നതാണ്. അത്രയും മനോഹരമായി പാടുന്ന അദ്ദേഹം സംസാരിക്കാന്‍ വേണ്ടി വായ തുറന്നാല്‍ ജനാധിപത്യസമൂഹത്തിന് ബോധ്യപ്പെടാത്ത തരത്തിലുള്ള അശ്ലീലമാണ് പുറത്തു വരുന്നതെന്നു കൂടി ചൂണ്ടിക്കാണിക്കട്ടെ. എന്നിരുന്നാലും എണ്‍പത് വയസ്സിലേക്ക് എത്തി നില്ക്കുന്ന മലയാളിയുടെ പ്രിയഗായകന് സര്‍വ്വാത്മനാ ആശംസകള്‍ അര്‍പ്പിക്കുന്നു.

മാതൃഭൂമി ദിനപത്രം ഇന്ന് യേശുദാസിന്റെ പിറന്നാള്‍ ആഘോഷം കെങ്കേമമായിത്തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. മലയാളിയുടെ ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങളെ സാര്‍ത്ഥകമാക്കിയ ഒരു ഗായകന് നല്കാന്‍ കഴിയുന്നതിന്റെ പരമാവധിയാണ് മാതൃഭൂമി ഒരുക്കിയിരിക്കുന്നതെന്നത് പറയേണ്ടിവരും. യേശുദാസിനെക്കുറിച്ചും അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ചുമൊക്കെയുള്ള നിരവധി ലേഖനങ്ങള്‍ ഇന്ന് ദിനപത്രത്തിലുണ്ട്. ഒന്നാം പേജുതന്നെ യേശുദാസിന്റെ മനോഹരമായ ഒരു ചിത്രമാണ്. അതോടൊപ്പം അബ്ദുള്‍ സമദ് സമദാനി, കൈതപ്രം, ശ്രീവത്സന്‍ മേനോന്‍, കെ കെ ഗോപാലകൃഷ്ണന്‍ എന്നിവരൊക്കെ യേശുദാസിനെക്കുറിച്ച് എഴുതുന്നു.

അതിലെല്ലാമുപരി ചിത്രകാരനായ നമ്പൂതിരി വരച്ച യേശുദാസിന്റെ ഒരു ചിത്രമാണ് മുഖപ്രസംഗമായി ഉപയോഗിച്ചിരിക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. അസാമാന്യമായ ഒരു ആവിഷ്കാരമാണ് ഒരു ചിത്രത്തെ തങ്ങളുടെ മുഖപ്രസംഗമായി നിശ്ചയിച്ചപ്പോള്‍ മാതൃഭൂമി നടത്തിയതെന്ന് സമ്മതിക്കാതെ വയ്യ. അതൊടൊപ്പംതന്നെ അടിക്കുറിപ്പായി മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണു പങ്കു വെച്ചു, മനസ്സു പങ്കു വെച്ചു എന്നു തുടങ്ങുന്ന എക്കാലത്തും പ്രസക്തമായ വയലാറിന്റെ വിഖ്യാതമായ വരികളേയും ചേര്‍ത്തിരിക്കുന്നു.

ഏതുകാലം മുതലാണ് ഞാനൊക്കെ യേശുദാസിനെ കേട്ടുപോന്നത് എന്ന ചോദ്യത്തിന് ജനിച്ച അന്നുമുതല്‍ എന്നുതന്നെയായിരിക്കും ഉത്തരം. ഇത് എന്റെ മാത്രം കാര്യമല്ല. മറിച്ച് യേശുദാസ് പാടിത്തുടങ്ങിയതിനു ശേഷം ജനിച്ച ഓരോ ശരാശരി മലയാളിയുടേയും ജന്മനിമിഷം മുതല്‍ അദ്ദേഹത്തെ കേട്ടുതുടങ്ങിയിരിക്കണം. ജനനം മുതലാരംഭിച്ച് മരണം വരെ നീളുന്ന ആ പ്രയാണത്തില്‍ യേശുദാസ് നിറയുന്ന സന്ദര്‍ഭങ്ങളെയാണ് ഗന്ധര്‍വ്വ ഗാനങ്ങളിലൂടെ ഒരു ജീവസഞ്ചാരം എന്ന പേരില്‍ ചിത്രീകരിച്ചിരിക്കുന്നത്. ശൈശവത്തില്‍ കേട്ട താരാട്ടുപാട്ടുമുതല്‍ അവസാന കാലങ്ങളിലേക്കെത്തുമ്പോഴേക്കും പരിണിതപ്രജ്ഞനായിത്തീര്‍ന്ന ഒരാള്‍ കേള്‍ക്കാനിഷ്ടപ്പെടുന്ന തത്വചിന്തപരമായ ഗാനങ്ങള്‍ വരെ കോര്‍‌ത്തിണക്കിയാണ് ‘ജീവസഞ്ചാരം’ ആവിഷ്കരിച്ചിരിക്കുന്നത്.

പാട്ടുകള്‍ക്ക് പുറത്തുള്ള യേശുദാസിനെക്കുറിച്ച് എനിക്ക് തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ്. മലയാളികള്‍ തങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹത്തിന് അനുവദിച്ചുകൊടുത്തിരിക്കുന്ന സ്ഥാനത്തിന്റെ വലുപ്പത്തിന് അനുസരിച്ചുള്ള പ്രതികരണങ്ങളില്‍ നിന്നും വിഭിന്നമായി യാഥാസ്ഥിതിക വലതുചിന്തകളെ പോറ്റിപ്പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ചിലപ്പോഴെങ്കിലും ആരിലും അസ്വസ്ഥതയുണ്ടാക്കും. അതുകൊണ്ടാണ് ഈ അടുത്ത കാലത്ത് യേശുദാസിന്റെ പാട്ടേ കേള്‍ക്കാറുള്ളു പറച്ചില്‍ കേള്‍ക്കാറില്ല എന്ന് എന്റെയൊരു സുഹൃത്ത് പറഞ്ഞത് എനിക്കും സ്വീകാര്യമായിത്തോന്നിയത്.

യേശുദാസിനെ സൃഷ്ടിച്ചത് അദ്ദേഹം മാത്രമല്ല മറിച്ച് ഗാനരചയിതാക്കള്‍, സംഗീത സംവിധായകര്‍ സംഗീതോപകരവിദഗ്ദ്ധര്‍, നിര്‍‌മ്മാതാക്കള്‍, സംവിധായകര്‍ എന്നിങ്ങനെ വിവിധ തുറകളിലുള്ളവര്‍ ചേര്‍‌ന്നു നിന്നുകൊണ്ടാണ്. അതുകൊണ്ടുതന്നെ അത് തന്റെ മാത്രം കഴിവാണെന്ന് വിലയിരുത്തുന്നുവെങ്കില്‍ തികച്ചും നന്ദികേടായിരിക്കും. ചിലപ്പോഴെങ്കിലും അത്തരത്തിലുള്ള ഒരു സമീപനം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ എന്ന സംശയമാണ് ഇതിവിടെ എടുത്തുപറയാന്‍ പ്രേരകമായിത്തീര്‍ന്നത്.

എന്തായാലും എല്ലാത്തരം അഭിപ്രായവ്യത്യാസങ്ങളേയും മാറ്റി വെച്ച്, അദ്ദേഹം നമ്മുടെയൊക്കെ ജീവിതത്തിന് സമ്മാനിച്ച സുമൂഹൂര്‍ത്തങ്ങളെ മനസ്സിലേക്ക് ആവാഹിച്ച് പ്രണയത്തിലെന്ന പോലെ മരണത്തിലും കൂടെ നില്ക്കുന്ന ആ ശബ്ദസൌകുമാര്യത്തിനു മുന്നില്‍ തലകുനിക്കുന്നു, ആശംസകള്‍ അര്‍പ്പിക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.