Mon. Dec 23rd, 2024
തിരുവനന്തപുരം:

നഗരത്തില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് നട്ടംതിരിഞ്ഞ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. അവസാനം കുരുക്കഴിക്കാന്‍ മന്ത്രി തന്നെ റോഡില്‍ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിച്ചു. തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയിലാണ് സംഭവം. കുന്നത്തുകാലില്‍ ഒരു പരിപാടിക്ക് പോകാനിറങ്ങിയതായിരുന്നു മന്ത്രി. അപ്പോഴാണ് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായത് കണ്ടത്. സഹികെട്ട മന്ത്രി റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.

ഗതാഗത കുരുക്കഴിക്കാന്‍ മന്ത്രി നേരിട്ടിറങ്ങിയത് മറ്റ് യാത്രക്കാര്‍ക്ക് കൗതുകമായി. നഗരത്തില്‍ തിരക്കേറിയ മണിക്കൂറില്‍ ട്രാഫിക് സിഗ്നല്‍ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്. അവിടെ ഗതാഗതം നിയന്ത്രിക്കാന്‍ ആകെ ഉണ്ടായിരുന്നത് ഒരു പോലീസുകാരന്‍ മാത്രം.

നിയന്ത്രിക്കാനാവാത്ത തിരക്ക് വന്നതോടെ ക്യു കിലോമീറ്ററുകള്‍ നീണ്ടു. തിരക്കില്‍ പെട്ട് നട്ടംതിരിഞ്ഞതോടെ രണ്ടും കല്‍പ്പിച്ച് മന്ത്രി റോഡിലിറങ്ങി. ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു. എസ്പി വിളിച്ചുചേര്‍ത്ത യോഗത്തിന് പോകുകയായിരുന്ന നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവാര്‍ട്ട് കീലറും കുരുക്ക് കണ്ട് സ്വയം ഗതാഗതനിയന്ത്രണത്തിനിറങ്ങി.

മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ഗതാഗതക്കുരുക്കില്‍ പെട്ടതോടെ വന്‍ പോലീസ് സന്നാഹം തന്നെ സ്ഥലത്തെത്തി. അതോടെ ഒന്നര മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്കിന് ആശ്വസമായി.