Fri. Apr 19th, 2024
ന്യൂദല്‍ഹി:

ജെഎന്‍യുവിലെ ഗുണ്ടാ വിളയാട്ടത്തിനെതിരെ ഷെഹല റാഷിദ്. ഈ സംഭവം വിരല്‍ ചൂണ്ടുന്നത് കാശ്മീരിലെ ദയനീയാവസ്ഥയിലേയ്ക്കാണ്. ജെഎന്‍യുവില്‍ എബിവിപി നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷിദ്. എല്ലാ സജ്ജീകരണങ്ങളുമുള്ള ദല്‍ഹി പോലൊരു സ്ഥലത്ത് ഒറ്റരാത്രി കൊണ്ട് ഇത്രയും അക്രമം കാണിച്ചെങ്കില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിരോധിച്ച കശ്മീരില്‍ ഒരുമാസത്തിലേറെയായി എന്തായിരിക്കും സംഭവിച്ചിരിക്കുക എന്ന് ഷെഹ്ല ചോദിച്ചു.

ദല്‍ഹിയിലെ പ്രധാനപ്പെട്ട ഒരു യൂണിവേഴ്സിറ്റിയില്‍ മാധ്യമങ്ങളുടേയും മറ്റും സാന്നിധ്യത്തില്‍ ഇത്തരമൊരു ആക്രമണം അവര്‍ക്ക് സാധിച്ചുവെങ്കില്‍ ഇന്റര്‍നെറ്റും, ഫോണും, മാധ്യമങ്ങളും നിരോധിക്കപ്പെട്ട കശ്മീരിനെ അവര്‍ എത്രമാത്രം വേട്ടയാടിയിട്ടുണ്ടാകുമെന്ന് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ’- ഷെഹ്ല ട്വീറ്റ് ചെയ്തു.

ഞായറാഴ്ച്ച വൈകുന്നേരമാണ് ജെ.എന്‍.യു ക്യാംപസില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. സംഭവത്തിനു പിന്നില്‍ എ.ബി.വി.പിയാണെന്ന് ജെ.എന്‍..യു വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു.

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം അക്രമികളെ സഹായിക്കുന്ന തരത്തിലായിരുന്നു ദല്‍ഹി പൊലീസ് പെരുമാറിയതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.