Sat. Apr 27th, 2024
ന്യൂഡല്‍ഹി:

പൗരത്വ ഭേദഗതി നിയമത്തിന് മിസ്ഡ് കോളിലൂടെ പിന്തുണ രേഖപ്പെടുത്താനായി ബി.ജെ.പി അവതരിപ്പിച്ച മൊബൈല്‍ നമ്പര്‍ തെറ്റായി പ്രചരിക്കപ്പെട്ടതില്‍ വിശദീകരണവുമായി അമിത് ഷാ. ‘ആറ് മാസത്തെ സൗജന്യ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന് വേണ്ടി വിളിക്കുക’ എന്നും ‘വെറുതെ ഇരുന്നു ബോറടിക്കുന്നു ഈ നമ്പറില്‍ വിളിക്കൂ നമുക്ക് സംസാരിക്കാം’ എന്നും തുടങ്ങി സ്ത്രീകളുടേതുള്‍പ്പെടെ വിവിധ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ബി.ജെ.പി അവതരിപ്പിച്ച നമ്പര്‍ നല്‍കി വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ വിശദീകരണവുമായി എത്തിയത്

”ഇന്നലെ മുതല്‍ നമ്പറിനെ നെറ്റ്ഫ്‌ലിക്‌സ് ചാനലുമായി ചേര്‍ത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട് ആ നമ്പര്‍ നെറ്റ്ഫ്‌ലിക്‌സുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് ബി.ജെ.പിയുടെ ടോള്‍ ഫ്രീ നമ്പറാണ്.” അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരോട് മിസ്ഡ്‌കോളിലൂടെ അത് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് ചിലര്‍ ജോലി വാഗ്ദാനമായും ഹണി ട്രാപ്പായും ഈ നമ്പറുകളിലേക്ക് ഡയല്‍ ചെയ്യിക്കാനുള്ള ‘കുറുക്കു വഴികളുമായി’ ഇറങ്ങിയത്. ഈ നമ്പറില്‍ അബദ്ധത്തില്‍ വിളിക്കുന്നവരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരായി രജിസ്റ്റര്‍ ചെയ്യും.

സൗജന്യ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാന്‍ ഈ നമ്പറില്‍ വിളിക്കൂ.. എന്ന തെറ്റായ സന്ദേശത്തിന് അത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് നെറ്റ്ഫ്‌ലിക്‌സ് തന്നെ രംഗത്തു വന്നു. വ്യാജ പ്രചരണം പൊളിഞ്ഞതോടെ ഇതിനെതിരെ പരിഹാസവും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്

സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളാണ് സിഎഎയെ’പിന്തുണക്കുന്നവരുടെ’ എണ്ണം വര്‍ധിപ്പിക്കാനുള്ള കുറുക്കുവഴികളുമായി ഇറങ്ങിയിരിക്കുന്നത്. ഇതിനായി അനേകം വ്യാജ ഐ.ഡികളാണ് ട്വിറ്ററില്‍ നിര്‍മിച്ചിരിക്കുന്നത്

അമിത് ഷാ, ബി.ജെ.പി എം.പി ശോഭ കരന്ദ്ലാജെ എന്നിവരുള്‍പ്പെടെ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ ഈ ടോള്‍ ഫ്രീ നമ്പര്‍ നേരത്തെ സിഎഎക്ക് പിന്തുണ തേടി ട്വീറ്റ് ചെയ്തിരുന്നു.