Mohammad Sharif, 74, and his wife, in front of their hut in Kanpur, Uttar Pradesh. The couple’s son, Mohammad Raees, was shot dead by police. Photograph: Shaikh Azizur Rahman/The GuardianScreen-grab, Copyrights: theguardian.com
Reading Time: 6 minutes
കാൺ‌പൂർ:

ഇന്ത്യയിലെ ഉത്തർപ്രദേശിൽ ജനലുകളില്ലാത്ത ഒരു മുറിയിൽ, പോലീസിന്റെ തടങ്കലിൽ ഏകദേശം നൂറ്റമ്പതോളം മുസ്ലീങ്ങൾ – ആണുങ്ങളും കുട്ടികളും – മുറിവേറ്റ് രക്തം വാർന്ന് ഇരുന്നു. അവിടെയുണ്ടായിരുന്നവരിൽ ചിലരുടെ കൈകളിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. ചിലർ അംഗഭംഗം സംഭവിച്ച് ഇരിക്കുകയായിരുന്നു. വെള്ളം ചോദിക്കുന്നവരേയും അവശരായി കണ്ണുകൾ അടയ്ക്കുന്നവരേയും, എന്തിന് വെറുതെയിരിക്കുന്നവരെപ്പോലും പോലീസ് മർദ്ദിക്കുന്നുണ്ടായിരുന്നു. വീണ്ടും വീണ്ടും ഇരുമ്പുവടികളും മുള വടികളും മനുഷ്യശരീരത്തിൽ പതിച്ചുകൊണ്ടിരുന്നു. ചിലരെ നഗ്നരാക്കിയിരുന്നു. അതിൽ ഉൾപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 12 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇതിനു സാക്ഷ്യം വഹിച്ച ഒരാൾ പറഞ്ഞു.

മുസാഫർനഗറിലെ നിഷ്കളങ്കരായ മുസ്ലീങ്ങളെ ഡിസംബർ 20 ന് പോലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചതിനെ, രാജ്യത്തെ ഏറ്റവും ജനസഖ്യയുള്ള സംസ്ഥാനത്ത്, മുൻപെങ്ങുമില്ലാത്ത തരത്തിൽ, ക്രൂരമായി അടിച്ചേൽപ്പിച്ചിരിക്കുന്ന ഭീകരഭരണം എന്നാണ് പൊതുപ്രവർത്തകനായ യോഗേന്ദ്രയാദവ് വിശേഷിപ്പിച്ചത്.

നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ രാജ്യവ്യാപകപ്രതിഷേധമാണ് കഴിഞ്ഞ ഒരുമാസമായിട്ട് ഇന്ത്യയിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ ബിജെപി സർക്കാരും പാസ്സാക്കിയ, മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും, ഇന്ത്യയുടെ മതേതര അടിത്തറയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും പലരും അഭിപ്രായപ്പെടുന്ന, പുതിയ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് എല്ലാ മതങ്ങളിലെയും വിഭാഗങ്ങളിലെയും ജാതിയിലെയും ജനങ്ങളും തെരുവിലിറങ്ങി.

നാലു പേരിൽ കൂടുതൽ ഒത്തുചേരുന്നത് നിരോധിക്കുകയും, പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും ലാത്തികളും പ്രയോഗിക്കുകയും ചെയ്താണ് സർക്കാർ ഈ എതിരഭിപ്രായത്തെ അടിച്ചമർത്തിയിരുന്നത്.

ഉത്തർപ്രദേശിലെ മുസ്ലീങ്ങൾക്കുനേരെ പൈശാചികമായ ആക്രമണം നടക്കുകയും ചെയ്തു. ജനക്കൂട്ടത്തിലേക്ക് വിവേചനരഹിതമായി വെടിവയ്ക്കുക, മുസ്ലീങ്ങളെ തെരുവുകളിൽ കാണുമ്പോൾ മർദ്ദിക്കുക, ഇസ്ലാമോഫോബിയ വെളിവാക്കുന്ന തെറികൾ വിളിക്കുക, ഹിന്ദു ദേശീയവാദ മുദ്രാവാക്യങ്ങൾ മുഴക്കി മുസ്ലീം വീടുകൾ റെയ്‌ഡ് ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്യുക, മുസ്ലീം കുട്ടികളെ തടഞ്ഞുവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ നിരവധിയായ ആരോപണങ്ങളാണ് ഉത്തർപ്രദേശ് പോലീസിനെക്കുറിച്ച് ഉള്ളതെന്ന് ഇരകളും, സാക്ഷികളും, പൊതുപ്രവർത്തകരും പറയുന്നു.

പ്രതിഷേധത്തിൽ പങ്കെടുക്കാത്ത ആയിരക്കണക്കിന് മുസ്ലീങ്ങൾക്കെതിരെ വ്യാജ ക്രിമിനൽ കുറ്റം ചുമത്തുകയും, കുറ്റസമ്മതം ഒപ്പിട്ടു നൽകാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്നും ആരോപണമുണ്ട്.

ഉത്തർപ്രദേശിലുടനീളം നൂറുകണക്കിന് മുസ്ലീങ്ങളും പൊതുപ്രവർത്തകരും അഴികൾക്കുള്ളിൽ തുടരുന്നു. ആയിരക്കണക്കിന് ആളുകളെ പോലീസ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള ഉത്തരവുകൾ ഏറ്റവും മുകളിൽ നിന്ന് വരുന്നുവെന്നാണ് കാണിക്കുന്നത്.

മുസ്ലീങ്ങളോട് നേരിട്ട് എതിർപ്പ് പ്രകടിപ്പിക്കുകയും അവരെ ഉപദ്രവിയ്ക്കുകയും ചെയ്യുന്നതിൽ കുപ്രസിദ്ധി നേടിയ ഹിന്ദു ദേശീയ വാദിയായ ബിജെപി മുഖ്യമന്ത്രി ആദിത്യനാഥ്, സംസ്ഥാനത്തെ അശാന്തിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധക്കാർക്കു നേരെ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. പോലീസുകാർ ആദിത്യനാഥിന്റെ ആജ്ഞാനുവർത്തികളാണ്.

അത് മുസ്ലീങ്ങൾക്കുള്ള ക്രിസ്റ്റൽനാച്ച് ആയിരുന്നുവെന്ന്, ഡിസംബർ 20 വെള്ളിയാഴ്ചയും ഡിസംബർ 21 ശനിയാഴ്ചയും സംസ്ഥാനത്തുടനീളം നടന്ന സംഭവങ്ങൾ വിവരിച്ചുകൊണ്ട് പൊതുപ്രവർത്തകയായ കവിത കൃഷ്ണൻ പറഞ്ഞു.

പൌരത്വ ഭേദഗതിയ്ക്കെതിരായി സമാധാനപരമായ പ്രതിഷേധം നടത്തുന്നവരുമായി പോലീസ് ഏറ്റുമുട്ടൽ നടത്തിയതാണ് സംഭവങ്ങൾ വഷളാവാൻ കാരണമായത്. കല്ലേറ് നടക്കുകയും വാഹനങ്ങൾ അഗ്നിയ്ക്കിരയാക്കുകയും ചെയ്തു. അതിനു പകരം പോലീസുകാർ ജനക്കൂട്ടത്തിനു നേരെ വെടിവെപ്പ് നടത്തി.

സമീപത്ത്, മൗലാന ആസാദ് റാസ ഹുസ്സൈനിയും, സാദത്ത് മദ്രസയിലെ വിദ്യാർത്ഥികളും ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്നു. അമ്പതോളം പോലീസ് ഉദ്യോഗസ്ഥർ ബാറ്റണുകളും ഇരുമ്പ് കമ്പികളുമായി വന്ന് വാതിലുകൾ തകർക്കുകയും അകത്ത് പ്രവേശിക്കുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത ആളുകളെ അന്വേഷിച്ചാണ് അവർ വന്നതെന്ന് പറഞ്ഞുവെങ്കിലും മദ്രസയ്ക്കകത്ത് കടന്നതിനുശേഷം മുന്നിൽക്കണ്ടതൊക്കെ തച്ചുതകർക്കുകയായിരുന്നു.

അവിടെയുള്ള ആരും തന്നെ പ്രതിഷേധറാലിയിൽ പങ്കെടുക്കാൻ പോയിട്ടില്ലെന്നും, അക്രമം നടത്തരുതെന്നും പോലീസുകാരോട് മാന്യമായി മൌലാന പറഞ്ഞതിനുശേഷമാണ് ആ സംഘത്തിലെ പോലീസുകാർ അദ്ദേഹത്തിനു നേരെ തിരിഞ്ഞതെന്ന് പോലീസ് അതിക്രമത്തിനു സാക്ഷിയായ, പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത, അയൽ‌പക്കത്തുള്ള ഒരാൾ പറഞ്ഞു. പിന്നീട് ഹുസ്സൈനിയേയും അദ്ദേഹത്തിന്റെ 35 ശിഷ്യന്മാരേയും പോലീസുകാർ അവരുടെ താവളത്തിലേക്കു കൊണ്ടുപോയി. ആ വിദ്യാർത്ഥികളിൽ പതിനഞ്ചുപേർ മിക്കവരും അനാഥരും, 18 വയസ്സിനു താഴെയുള്ളവരുമായിരുന്നു. എല്ലാവരേയും പോലീസുകാർ മൃഗീയമായി ഉപദ്രവിക്കുകയും, ജയ് ശ്രീരാം, ഹർ ഹർ മഹാദേവ് എന്ന് ഉച്ചരിയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു.

“മൗലാനയെ വളരെ ക്രൂരമായി മർദ്ദിച്ചു, ശരീരത്തിൽ ഒരു തുണിപോലും അവശേഷിച്ചിരുന്നില്ല. മോചിതനായപ്പോൾ ഞങ്ങൾ അദ്ദേഹത്തെ വളരെ മോശം അവസ്ഥയിലാണ് കണ്ടെത്തിയത്,” ഹുസ്സൈനിയെയും വിദ്യാർത്ഥികളെയും പുറത്തിറക്കാൻ വന്ന പ്രാദേശിക കോൺഗ്രസ് നേതാവ് സൽമാൻ സയീദ് പറഞ്ഞു. “മൌലാനയുടെ ശരീരം മുഴുവൻ മുറിവുകളായിരുന്നു. രക്തമൊലിക്കുന്നുണ്ടായിരുന്നു. നഗ്നനായിരുന്ന അദ്ദേഹത്തിന് എണീറ്റുനിൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അദ്ദേഹമിപ്പോൾ കിടപ്പിലാണ്.”

പുലർച്ചെ 2 മണിക്ക് ഹുസ്സൈനിയേയും പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികളേയും വിട്ടയച്ചു. പക്ഷെ, മുതിർന്ന 12 പേരേയും മദ്രസ്സയിലെ പാചകക്കാരനേയും പോലീസ് തടവിലിട്ടു. പ്രതിഷേധസമരത്തിൽ പങ്കെടുക്കുകപോലും ചെയ്യാത്ത അവരിൽ, അക്രമം നടത്തി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

മുസാഫർനഗറിലെ പോലീസ് തടവിൽ ആ വിദ്യാർത്ഥികൾ മാത്രമായിരുന്നില്ല. തെരുവിലെ ബഹളം കണ്ട്, തന്റെ പതിനൊന്നുകാരനായ സഹോദരനേയും തിരഞ്ഞ് ഇറങ്ങിയതായിരുന്നു പതിനാലുകാരനായ മുഹമ്മദ് സാദിഖ്. കാറുകളും ബൈക്കുകളും തീവയ്ക്കപ്പെട്ടിരുന്നു. അതിനിടയ്ക്ക് ഓടിക്കൊണ്ടിരിക്കുന്ന പ്രതിഷേധക്കാരെ കണ്ട് അവനും ഓടാൻ തുടങ്ങി. ആ സമയത്താണ് ഒരുപറ്റം പോലീസുകാർ അവനെ ബാറ്റൺ കൊണ്ട് മർദ്ദിച്ചത്. നിലത്തു വീണ അവന്റെ മേൽ തുടർച്ചയായി മർദ്ദിക്കുകയും ചെയ്തുവെന്ന് അവൻ പറഞ്ഞു.

“അക്രമത്തിൽ പങ്കുള്ള 100 മുസ്ലീങ്ങളുടെ പേരു പറയുകയാണെങ്കിൽ ഞങ്ങൾ നിന്നെ തല്ലുന്നത് നിർത്താം.” എന്ന് പോലീസുകാർ പറഞ്ഞുവെന്ന് മുറിവേറ്റ് അവശനായി തന്റെ ഒറ്റമുറിവീട്ടിൽ കഴിയുന്ന സാദിഖ് ഓർത്തെടുത്തു. “എനിക്ക് ഈ ലഹളയുമായി ബന്ധമില്ലെന്നും, എനിക്ക് ഒന്നുമറിയില്ലെന്നും പറഞ്ഞുവെങ്കിലും അവരെന്നെ മർദ്ദിച്ചുകൊണ്ടിരുന്നു. ജയ് ശ്രീരാം എന്നു പറയാൻ അവർ എന്നോട് ആവശ്യപ്പെട്ടെങ്കിലും ഞാൻ പറയില്ലെന്നു പറഞ്ഞു. ഒരു ഇരുമ്പുവടി അവർ കത്തുന്ന കാറിന്റെ തീയിലേക്ക് പിടിക്കുകയും എന്റെ കൈകളിൽ അതുവെച്ച് പൊള്ളിക്കുകയും ചെയ്തു.”

“പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ എന്നെ എടുത്ത് കാറിന്റെ തീയ്ക്കു മുകളിൽ പിടിയ്ക്കാൻ ശ്രമിച്ചു. പക്ഷേ, ‘നമുക്കിവനെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകാ’മെന്ന് അതിൽ രണ്ടുപേർ പറഞ്ഞു.”

പിന്നീട് നാലുദിവസത്തോളം സാദിഖ് തടവിലായിരുന്നു. പോലീസ് അവനെ ക്രൂരമായി ഉപദ്രവിച്ചു. രണ്ടു ദിവസം അവനു വെള്ളമോ ആഹാരമോ കൊടുത്തില്ല. രക്തം വാർന്നൊഴുകുന്ന മുറിവുകൾക്ക് ചികിത്സയും നൽകിയില്ല.

അവസാനം അവനെ വിട്ടയച്ചപ്പോൾ, കൂട്ടിക്കൊണ്ടുപോകാൻ വന്ന മാതാവ് രഹ്നാബീഗം അവന്റെ പരിതാപകരമായ അവസ്ഥകണ്ട് ബോധംകെട്ടുവീണു.

“ഇവന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ഇവനാണ് ഈ കുടുംബത്തിൽ ആകെ സമ്പാദിക്കുന്നയാൾ. ക്രൂരമായ തല്ലുകൊണ്ടതുകാരണം അവന് എഴുന്നേൽക്കാനോ നടക്കാനോ കഴിയില്ല. ജോലിക്കു പോകാനും. ഇനി ഞങ്ങൾക്കെന്തു സംഭവിക്കും?” തലയിൽ കൈവച്ചുകൊണ്ട് രഹ്നാബീഗം പറഞ്ഞു.

മുസാഫർനഗറിലും സംസ്ഥാനത്തുടനീളവും ആ രണ്ടുദിവസങ്ങളിൽ മുസ്ലീം വീടുകളിൽ രാത്രിയിൽ നടത്തിയ റെയ്ഡുകളിൽ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും പോലും പോലീസ് ക്രൂരതയുടെ പിടിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഒന്നിലധികം വാർത്താവൃത്തങ്ങൾ പറയുന്നു.

ഡിസംബർ 20 ന് പോലീസുകാർ വീട്ടിൽ കയറി ആക്രമിച്ചതിന്റെ ഇരയായ ഒരാളാണ് എഴുപത്തിമൂന്നുകാരനായ ഹമീദ് ഹസ്സൻ. മെറ്റൽ വടിയുപയോഗിച്ച് പോലീസുകാർ അദ്ദേഹത്തേയും, 65 വയസ്സുള്ള ഭാര്യയേയും ആക്രമിച്ചു. അതേ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായ അടിയേറ്റ് 16 സ്റ്റിച്ചുമായി കഴിയുകയാണ് അവരുടെ പൌത്രിയായ റുഖിയ പർവീൺ.

Screen-grab, Copyrights: theguardian.com

തന്റെ ജീവിതസമ്പാദ്യം മുഴുവൻ ചെലവഴിച്ച്, തന്റെ പേരക്കുട്ടിയുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയിരുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങൾ- നശിപ്പിക്കപ്പെട്ട ടിവി, കീറിപ്പറഞ്ഞ സോഫ, മറിച്ചിട്ട ഫ്രിഡ്ജ് – എന്നിവ കാണിച്ചുതന്നുകൊണ്ട് ഹമീദ് ഹസ്സൻ കണ്ണുനീർ തുടച്ചു. “എന്റെ കുടുംബം ഒരു പ്രതിഷേധത്തിലും പങ്കെടുത്തില്ല. അവരെന്തിനാണ് ഞങ്ങളോടിതു ചെയ്തത്?” പരിക്കിൽ നിന്നും ഇനിയും വിമുക്തനാവാത്ത ഹസ്സൻ വിലപിച്ചു. “ഈ രാജ്യത്തെ മുസ്ലീങ്ങൾ ഭയത്തോടെ ജീവിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. സ്വന്തം വീട്ടിൽപ്പോലും ഞങ്ങൾ അക്രമത്തിൽ നിന്നു സുരക്ഷിതരല്ല.”

ഹസ്സന്റെ ചെറുമകൻ 14 വയസ്സുള്ള മുഹമ്മദ് അഹമ്മദിനെയും കിടക്കയിൽ നിന്ന് ഉദ്യോഗസ്ഥർ വലിച്ചിഴച്ച് തെരുവിലിട്ട് തല്ലുകയും, ഹസ്സന്റെ മകൻ മുഹമ്മദ് സാജിദിനൊപ്പം, പോലീസ് സ്റ്റേഷനിൽ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അവരുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ തോക്കും വെടിയുണ്ടകളും കണ്ടെടുത്തുവെന്നുള്ള കുറ്റപത്രത്തിൽ ഒപ്പുവയ്ക്കാൻ തന്റെ പിതൃസഹോദരനെ പോലീസ് ഓഫീസർമാർ നിർബന്ധിക്കുന്നത് അഹമ്മദ് ഓർത്തെടുത്തു. “അദ്ദേഹത്തിന് അത് ഒപ്പിട്ടുകൊടുക്കണമെന്നുണ്ടായിരുന്നില്ല. പക്ഷേ ചെയ്യേണ്ടിവന്നു. കാരണം ഞങ്ങൾ ഭയപ്പെട്ടു പോയിരുന്നു,” അഹമ്മദ് മെല്ലെ പറഞ്ഞു. അവന്റെ കാലുകൾ മർദ്ദനത്തിൽ തകർന്നുപോയിരുന്നു.

24 മണിക്കൂറിനു ശേഷം അഹമ്മദിനെ വിട്ടയച്ചെങ്കിലും സാജിദ് പോലീസ് കസ്റ്റഡിയിൽ തുടരുന്നു. അയാളുടെ ആരോഗ്യനില ദിനം‌പ്രതി വഷളാവുകയാണ്.

സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുപ്രകാരം 17 ആണ്. എല്ലാവരും മുസ്ലീങ്ങളാണ്. ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് എട്ടു വയസ്സാണ്. പോലീസ് ഇക്കാര്യത്തിൽ വ്യക്തത കാണിക്കുന്നില്ലെന്ന് പൊതുപ്രവർത്തകർ പറയുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആർക്കും ഇതുവരെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകിയിട്ടില്ല.

ഡിസംബർ 20 ന് മുസാഫർനഗറിൽ കൊല്ലപ്പെട്ടത് ദിവസവേതനക്കാരനായ 26 വയസ്സുകാരൻ നൂർ മുഹമ്മദാണ്. പ്രതിഷേധം നടന്നതിന് അരക്കിലോമീറ്റർ അകലെ വെച്ചാണ് നൂറിനു വെടിയേറ്റത്. പ്രതിഷേധക്കാരാണ് അയാളെ കൊന്നതെന്ന് പോലീസ് ആരോപിക്കുന്നു. അയാളുടെ ഭാര്യയായ 23 വയസ്സുള്ള സന്നോ ബീഗം കരഞ്ഞുകൊണ്ടു പറയുന്നത് “എന്റെ ഭർത്താവിനും മകൾക്കും നീതി കിട്ടണം,” എന്നാണ്. ഇപ്പോൾ രണ്ടാമതും ഏഴുമാസം ഗർഭിണിയാണ് സന്നോ ബീഗം.

“അവർ ഞങ്ങൾക്ക് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തരുന്നില്ലെങ്കിൽ, തീർച്ചയായിട്ടും പോലീസുകാരാണ് അദ്ദേഹത്തെ വെടിവെച്ചിട്ടുണ്ടാവുക. എനിക്ക് സർക്കാരിൽ നിന്നും നീതി ലഭിക്കണം. എനിക്ക് ചെറിയ ഒരു മോളാണുള്ളത്. ഞങ്ങളെ സഹായിക്കാൻ ഇപ്പോൾ ആരുമില്ല,” കണ്ണീരിനിടയിൽ സന്നോ പറഞ്ഞു.

മുസാഫർനഗറിൽ നിന്നും 60 കിലോമീറ്റർ അകലെ മൃതദേഹം മറവുചെയ്യാൻ പോലീസുകാർ നിർബ്ബന്ധിച്ചു. അവർ ഒപ്പം പോവുകയും ചെയ്തു. ശരിയായ രീതിയിൽ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിച്ചില്ലെന്നു മാത്രമല്ല, സംസ്കാര രേഖകളും അവർ കൈക്കലാക്കി. “അദ്ദേഹത്തിന്റെ മരണത്തിന്റെ എല്ലാ തെളിവുകളും അവർക്ക് നശിപ്പിക്കണമായിരുന്നു,” നൂറിന്റെ അളിയനായ മുഹമ്മദ് സലിം പറഞ്ഞു.

ഇതിനെക്കുറിച്ച് പ്രതികരിക്കാൻ മുസാഫർനഗർ പോലീസ് തയ്യാറായില്ല.

ഡിസംബർ 20 ന് കാൺപൂരിലെ പ്രതിഷേധത്തിനിടയ്ക്കു നടന്ന വെടിവെപ്പിൽ തന്റെ മകനായ, മുപ്പതുവയസ്സുള്ള മുഹമ്മദ് റയീസ് മരിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോൾ എഴുപത്തിനാലുകാരനായ മുഹമ്മദ് ഷരീഫ് വിതുമ്പി. വിവാഹസ്ഥലത്ത് പാത്രങ്ങൾ കഴുക്കിക്കഴിഞ്ഞ് തെരുവിലെ ബഹളം എന്താണെന്ന് നോക്കാൻ പോയപ്പോഴാണ് റയീസിനു വെടി കൊണ്ടത്. “അവൻ പ്രതിഷേധക്കാരിലൊരാളായിരുന്നില്ല. ഒരു മുസ്ലീമായതുകൊണ്ടാണ് അവൻ കൊല്ലപ്പെട്ടത്. എനിക്ക് മരിക്കണം. അവനില്ലാതെ ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നത്? ഞങ്ങളെങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകും?” ഷരീഫ് പറഞ്ഞു.

റെയ്‌ഡുകൾ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഭയത്തിന്റെ അന്തരീക്ഷം അകന്നുപോയിട്ടില്ല. പലരും സ്വന്തം വീടുകൾ ഉപേക്ഷിച്ചിരിക്കുന്നു. ഒരു മാധ്യമവുമായി സംസാരിച്ച കാൺപൂരിലെ രണ്ട് പൊതുപ്രവർത്തകരെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുകയും, ഇനി മാധ്യമങ്ങളെ കണ്ടാൽ അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ വ്യക്തിവിവരങ്ങൾ വെളിവാക്കരുതെന്ന് അവർ മാധ്യമത്തിനോട് അഭ്യർത്ഥിച്ചു.

തങ്ങളെടുത്ത നടപടികൾ ന്യായമാണെന്നാണ് ഉത്തർപ്രദേശ് സർക്കാർ പറയുന്നത്. “കലാപകാരികൾക്കെതിരെ കർശനനടപടി എടുത്തതിനാൽ. യോഗി സർക്കാരിനെ വെല്ലുവിളിക്കുക വഴി അവർ ചെയ്തത് വലിയ തെറ്റായിരുന്നെന്ന് ഓരോ കലാപകാരിയും ചിന്തിക്കാൻ തുടങ്ങി. എല്ലാ കലാപകാരികളും ഞെട്ടി. പ്രതിഷേധിച്ച ഓരോരുത്തരും സ്തംഭിച്ചു. എല്ലാവരും നിശ്ശബ്ദരായി.” ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ട്വീറ്റിൽ പറയുന്നു.

 

Translated from Guardian
Advertisement