Wed. Dec 18th, 2024
കോട്ടയം:

 
എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എംജി സര്‍വകലാശാലയിലെത്തിയ ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സര്‍വകലാശാലയിലെ നാനോ സയന്‍സ് വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ മോഹനെയാണ് ഗവര്‍ണറെ കാണാന്‍ അനുവദിക്കാതെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദളിത് വിദ്യാര്‍ത്ഥിയായതുകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ പരാതി.
ദീപ മുന്‍ ഗവര്‍ണര്‍മാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കൂടാതെ ദീപ നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലുമാണ്

ഗവര്‍ണറെ കാണാനായി എത്തിച്ചേര്‍ന്ന ദീപയോട് പോലീസെത്തി വിവരങ്ങള്‍ ചോദിക്കുകയായിരുന്നു. ഗവര്‍ണറെ കണ്ട് വൈസ് ചാന്‍സലര്‍ക്കെതിരെ പരാതി സമര്‍പ്പിക്കാന്‍ എത്തിയതാണെന്ന് ദീപ മറുപടി നല്‍കി. തുടര്‍ന്നായിരുന്നു ദീപയെ പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പോലീസുകാര്‍ ചേര്‍ന്ന് ബലമായിട്ടായിരുന്നു ദീപയെ ജീപ്പില്‍ കയറ്റിയത്. മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എം ജി സര്‍വകലാശാല സന്ദര്‍ശിക്കുന്നത്

നിയമങ്ങള്‍ ലംഘിച്ച് മാര്‍ക്ക് ദാനം ചെയ്തതും അത് റദ്ദാക്കാനുള്ള നടപടികളും വിവാദമായ വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടും. ഗവര്‍ണറെ അറിയിക്കാതെ റദ്ദാക്കല്‍ നടപടിയുമായി സര്‍വ്വകലാശാല മുന്നോട്ട് പോയതും അതില്‍ വീഴ്ച പറ്റിയതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.
എം ജി വിസി തന്നെ ദ്രോഹിക്കുകയാണെന്ന് ദീപ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറെ കാണാനായി കാത്തിരിക്കുമ്പോഴാണ് പൊലിസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്നും ദീപ വ്യക്തമാക്കി. ഗവേഷണം നീണ്ടു പോകാന്‍ കാരണം വിസി സാബു തോമസ് ആണെന്ന് ദീപ ആരോപിച്ചിരുന്നു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തല്‍ കനത്ത സുരക്ഷയാണ് ഗവര്‍ണറുടെ സന്ദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്.