Sun. Jul 14th, 2024
തിരുവനന്തപുരം:

 

ഡിസംബര്‍ 28ന് ശ്രീകാര്യത്തിനു സമീപം ഗാന്ധിപുരത്തു വച്ച് അമ്മയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ പരിക്കേറ്റ കുട്ടിയുടെ പിതാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പായിരുന്നു വൈറലായത്. തന്റെ ഭാര്യയ്ക്കും മകനും സംഭവിച്ച ദാരുണ സംഭവം വിവരിച്ചുകൊണ്ടുള്ള കുറിപ്പില്‍ ഇടിച്ചിട്ട കാറിന്റെ നമ്പര്‍ കൃത്യമായി അദ്ദേഹം അടയാളപ്പെടുത്തിയിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.

 

ഫേസ്ബുക്ക് കുറിപ്പ്:-

 

ഇത് എന്റെ മകന്‍ ആരുഷ്. (2 വയസ് 3 മാസം). 28.12.19 ല്‍ ശ്രീകാര്യത്തിനു സമീപം ഗാന്ധിപുരത്തു വച്ച് അപകടം സംഭവിച്ചു. എന്റെ വൈഫും മകനും സഞ്ചരിച്ച ആക്ടിവയില്‍ KL 24 T 0132 വെളുത്ത മാരുതി ഡിസൈര്‍ കാര്‍ വന്ന് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡിലേക്ക് വീഴുകയും ചെയ്തു.

വൈഫിന്റെ കാലിനും മകന്റെ മുഖത്തിനും പരിക്കേറ്റിരുന്നു. എന്നാല്‍ കാര്‍ ഓടിച്ച മാന്യന് ഒന്ന് പുറത്തിറങ്ങാനോ അവരെ നോക്കാനോ ഉളള മനസ്സുണ്ടായില്ലാ. പിന്നാലെ ബൈക്കിലെത്തിയ ചെറുപ്പക്കാരാണ് ഇരുവരെയും ആ കാറില്‍ കയറ്റിയത്.

വേദനകൊണ്ട് കരയുന്ന കുഞ്ഞിനെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടപ്പോള്‍ അതിനു സൗകര്യമില്ലായെന്ന് പറഞ്ഞ് ഒരു ദയയും കൂടാതെ ചാവടിമുക്ക് എന്ന സ്ഥലത്ത് ഇറക്കിവിടുകയാണ് ചെയ്തത്. കാറില്‍ ഉണ്ടായിരുന്ന സ്ത്രീക്ക് പോലും ദയയുണ്ടായിരുന്നില്ല. പിന്നീട് കാര്‍ നമ്പര്‍ വച്ച് ട്രെസ് ചെയ്ത് നോക്കിയിട്ടും ആളുടെ ഡീറ്റെയില്‍സ് കിട്ടിയില്ല.

കേസിന് പോകാനോ നഷ്ടപരിഹാരം വാങ്ങാനോ അല്ല പക്ഷേ അയാളെ ഒന്നു കാണണം. ഇനിയെങ്കിലും ഒരപകടമുണ്ടായാല്‍ ഇങ്ങനെ പ്രതികരിക്കരുത്. കുറഞ്ഞപക്ഷം ഹോസ്പിറ്റലില്‍ എത്തിക്കാനുളള മര്യാദയെങ്കിലും കാണിക്കണം.

ഈ നമ്പര്‍ ഒന്ന് കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന ഫേസ്ബുക്ക് കുറിപ്പിനൊപ്പം കാറിന്റെ നമ്പറും കുറിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന കൊച്ചാരക്കര സദാനന്ദപുരം സ്വദേശി സജി മാത്യുവിന്റെ ഉടമസ്ഥതയിലുളള കാറാണിതെന്നുളള വിവരം കിട്ടുന്നത്. സജിമാത്യുവും കുടുംബവുമാകാം കാറില്‍ സഞ്ചരിച്ചിരുന്നതെന്നാണ് കരുതുന്നത്.