Sun. Jul 14th, 2024
#ദിനസരികള്‍ 990

എന്തുകൊണ്ടാണ് ഗാന്ധി ഇന്ന് കൂടുതല്‍ക്കൂടുതല്‍ പ്രസക്തനായിക്കൊണ്ടിരിക്കുന്നത്? കാരണം മറ്റൊന്നുമല്ല, നരേന്ദ്രമോഡിയും കൂട്ടരും ഏറ്റവും നല്ലതായി കണക്കാക്കി ജനതയ്ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരാശയത്തെക്കാള്‍ എത്രയോ ജനാധിപത്യപരവും അഹിംസാത്മകവുമായിരുന്നു ഗാന്ധി ഉയര്‍ത്തിപ്പിടിച്ചിരുന്ന ഏറ്റവും മോശമായ ഒരു ആശയംപോലും എന്നതുകൊണ്ടാണ് അദ്ദേഹത്തെ എന്നത്തേയുംക്കാൾ വര്‍ത്തമാനകാല ഇന്ത്യയ്ക്ക് ആവശ്യമായി വരുന്നത്.

അതുകൊണ്ട് ഗാന്ധിയെ വിമര്‍ശനാത്മകമായി സമീപിക്കുക എന്നതല്ല ഇക്കാലത്തിന്റെ ലക്ഷ്യം മറിച്ച് ഗാന്ധിയെ ആയുധമാക്കി ഇന്ത്യയുടെ സത്തയെ വീണ്ടെടുക്കാന്‍ പ്രയത്നിക്കുക എന്നതാണ്. ഒരു പിതൃബിംബമായി ജനതയുടെ മനസ്സില്‍ കുടികൊള്ളുന്ന ഗാന്ധിയില്‍ നിന്നുവേണം പ്രതിരോധത്തിന്റേതായ ഒരു മുന്നേറ്റം കണ്ടെടുക്കുവാനെന്ന വാദത്തിന് അതുകൊണ്ടുതന്നെ ആരുബലമുണ്ട്.

ഹിന്ദുത്വ ആശയങ്ങളുടെ വ്യാപനത്തിനെതിരെയുള്ള നീക്കങ്ങളില്‍ ജനത നേരിടുന്ന ഒരു പ്രധാന വെല്ലുവിളി, കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളില്‍ നിന്ന് പുറത്തുകടന്ന് നേരത്തെ സൂചിപ്പിച്ച സത്തയെ കണ്ടെടുക്കുവാന്‍ ശേഷിയുള്ള നേതൃത്വങ്ങളില്ല എന്നതാണ്. ദേശീയതലത്തില്‍തന്നെ നടക്കുന്ന പല മുന്നേറ്റങ്ങളും അത്തരത്തിലൊരു നേതൃത്വമില്ലായ്മകൊണ്ട് ശിഥിലമായിപ്പോകുന്നതിന് നാം സാക്ഷികളാണ്.

ജനകീയ മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ആശയപരമായി ആയുധം അണിയിക്കാനും വഴി തുറന്നു മുന്നോട്ടു പോകുവാനും ശേഷിയുള്ള നേതത്വം അനുപേക്ഷണീയമാണ്. രാജ്യം ഇത്രയൊക്കെ ആഴത്തില്‍ ശിഥിലീകരിക്കപ്പെട്ടിട്ടും അത്തരമൊരു നേതൃത്വമുണ്ടായിവരുന്നില്ലയെന്നത് ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക ?

ഇവിടെയാണ് ഗാന്ധി വെളിച്ചമാകുക. രാജ്യത്തെ ഒരൊറ്റ യൂണിറ്റായി സ്വീകരിച്ചുകൊണ്ട് അറുപത്തിമൂന്നു ശതമാനത്തോളം വരുന്ന പ്രതിപക്ഷ ജനതയെ പ്രതിനിധീകരിക്കുന്ന ഒരു മുന്നേറ്റമുണ്ടാകേണ്ടത് ആ വെളിച്ചത്തില്‍ നിന്നുകൊണ്ടാകണം. വിഭജനത്തിന്റെ വേവലാതികള്‍‌ക്കും വിഭ്രാന്തികള്‍‌ക്കുമിടയില്‍ സംഘര്‍ഷാത്മകമായ ഒരന്തരീക്ഷത്തിനിടയിലൂടെ പാകിസ്താനും ഇന്ത്യയും കടന്നു പോകുമ്പോഴും, നാം പാകിസ്താനു കൊടുക്കാനുള്ള തുക കൊടുത്തേ മതിയാകൂ എന്നു ശഠിച്ച ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ബോധ്യങ്ങളുടെ അതിവിശാലമായ മാനവികമാനങ്ങള്‍ ഇന്ത്യയിലെ ജനതയ്ക്ക് മരുന്നാകേണ്ടതുണ്ട്.

അപ്പോള്‍ പറഞ്ഞു വരുന്നത് ആവശ്യത്തിന് ആയുധങ്ങള്‍ ഇനിയും ഇവിടെത്തന്നെയുണ്ട് എന്നതാണ്. സങ്കുചിതത്വങ്ങളെ മാറ്റിവെച്ച് ജനതയുടെ പൊതുന്മയും നിലനില്പും ലക്ഷ്യംവെച്ചുകൊണ്ട് അവയെ ഉപയോഗിക്കാന്‍ അറിയാവുന്നവരെയാണ് കാലം അന്വേഷിക്കുന്നത്.

ആകെത്തുകയില്‍ ഒരു രക്ഷകനു വേണ്ടി കാത്തിരിക്കുന്നവരായി നാം മാറണമെന്നല്ല, ഏറ്റുമുട്ടാന്‍ തീരുമാനിച്ച് തെരുവിലേക്ക് ഇറങ്ങുന്ന ഓരോരുത്തരും സ്വയം തന്നെ ഓരോ മുനകളായി മാറി പോരാടേണ്ടതുണ്ടെന്ന് തന്നെയാണ്. അതോടൊപ്പം ഭാഷയുടേയോ ദേശത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ കള്ളികളില്‍‌പ്പെട്ട് ചിതറിപ്പോകാതെ ഒറ്റക്കെട്ടായി നിലനിറുത്തുവാന്‍ ഗാന്ധിയന്‍ ചിന്തകള്‍ക്ക് ശേഷിയുമുണ്ട് എന്നുകൂടി മനസ്സിലാക്കുക.

കാരണം ഇപ്പോള്‍ ഫാസിസത്തെ പരാജയപ്പെടുത്തുകയും അതിനുശേഷം ഗാന്ധിയുടെ കണ്ണിലെ കോലെടുത്തുമാറ്റുകയും ചെയ്യുക എന്നതാണ് ഭിന്നവാദക്കാരോട് ഇപ്പോഴുള്ള മറുപടി എന്നുകൂടി രേഖപ്പെടുത്തട്ടെ.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.