Thu. Dec 19th, 2024
മനാമ:

 
ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തില്‍ ബഹറിൻ പാർലമെന്റ് അസംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയും തത്തുല്യരായ മുസ്ലീങ്ങളുടെ പൗരത്വം റദ്ദാക്കാന്‍ അവകാശം നല്‍കുകയും ചെയ്യുന്നതാണ് ഇന്ത്യയിലെ പാർലമെന്റിൽ പാസ്സാക്കിയ ഈ നിയമം.

രാജ്യത്തെ പൗരന്‍മാരെ തുല്യമായി കാണാത്ത ഈ നിയമം പ്രഥമദൃഷ്ട്യാ തന്നെ വിവേചനപരമായിട്ടുള്ളതാണെന്ന് പാര്‍ലമെന്റ് നിരീക്ഷിച്ചു. ഇന്ത്യയില്‍ ഈ നിയമത്തിനെതിരെ പ്രതിഷേധവും രാജ്യാന്തര തലത്തില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുള്ള സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര തലത്തിലുള്ള രീതികള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും പരിഷ്കൃത ജീവിതത്തിനും എതിരെയാണ് ഈ നടപടിയെന്നും പാര്‍ലമെന്റ് വ്യക്തമാക്കി.

സംസ്കാരത്തിനും സഹിഷ്ണുതക്കും സഹവര്‍ത്തിത്തത്തിനും പേരു കേട്ട രാജ്യമാണ് ഇന്ത്യയെന്നും, മറ്റുള്ളവരെ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന രീതി ഇന്ത്യന്‍ സംസ്കാരമായി ലോകത്ത് പ്രചാരം നേടിയിട്ടുള്ളതാണെന്നും ഓര്‍മ്മിപ്പിച്ചു. സര്‍ക്കാർ പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച്, മുസ്ലീം ജനങ്ങളുടെ അവകാശങ്ങളെ പരിഗണിക്കാനും അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാനും ബഹറിൻ പാർലമെന്റ് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളതയും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരാന്‍ ആഗ്രഹിക്കുന്നതായും പാര്‍ലമെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.