ബംഗളൂരു:
പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന പുതിയ വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യയുടെ കൂടി ഉത്തരവാദിത്തമാണെന്നും കര്‍ണാടകയിലെ തുംകുരുവില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് മോദി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കരുതെന്നും മോദി ആഹ്വാനം ചെയ്തു.
പാക്കിസ്ഥാനില്‍ പീഡനത്തിനിരയായവര്‍ക്ക് അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്ക് വരേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും പാക്കിസ്ഥാനെതിരെ സംസാരിക്കുന്നതേയില്ല. പകരം അവര്‍ ഈ അഭയാര്‍ത്ഥികള്‍ക്കെതിരെ റാലികള്‍ സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്റെ ചെയ്തികളെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുകയാണ് വേണ്ടതെന്ന് മോദി പറഞ്ഞു. ഒപ്പം, കഴിഞ്ഞ എഴുപതുവര്‍ഷമായുള്ള പാക്കിസ്ഥാന്റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തൂവെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി നരേന്ദ്ര മോദി എത്തിയിരിക്കുന്നത്.