Mon. Dec 23rd, 2024
കോഴിക്കോട്:

 
മാവോവാദി ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ കേസ് എൻ‌ഐ‌എ ഏറ്റെടുത്തിരിക്കുകയാണ്. അലനും താഹയും പരിശുദ്ധന്മാരാണെന്ന ധാരണ വേണ്ടെന്നും ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചു കൊണ്ടു പോയതല്ലെന്നും അവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് മഹാപരാധമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

ലോകം മുഴുവനും പുതുവർഷം കൊണ്ടാടുമ്പോൾ അലന്റെ അമ്മ സബിത ശേഖർ അലന് എഴുതിയ കത്ത്:-

അലാ … നമ്മൾ ഒരിക്കലും പുതുവത്സര ആഘോഷങ്ങൾ ഒന്നും പൊതുവെ നടത്താറില്ലല്ലോ… പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി. നീ ഇല്ലാത്തത് എന്റെ സന്തോഷ ത്തിന് കുറവ് വരുത്തരുത് എന്ന് അവർക്ക് നിർബന്ധമായിരുന്നു. മോനെ … അമ്മ ചിലപ്പോഴൊക്കെ തളർന്നു പോവുന്നുണ്ട്… പക്ഷെ നീ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം ഞാൻ ശരിക്കും ആസ്വദിക്കുന്നു – നമ്മൾ എവിടേക്കൊക്കെ യാത്ര പോവണം … പുതിയ റെസിപ്പികൾ പരീക്ഷിക്കണം …. ചില സന്ദർഭങ്ങളിൽ എനിക്ക് തോന്നും എനിക്ക് ധൈര്യം വളരെയധികം കൂടുന്നോ എന്ന് … ഓരോ കാര്യങ്ങൾക്കും നിന്നെ ആശ്രയിക്കുന്ന ഞാൻ എല്ലാം ഒറ്റക്ക് ചെയ്യുന്നു. നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാൻ സാധിക്കുകയുള്ളൂ …നിന്റെ ചിന്തകളെ തടവിലിടാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ല … ഒരിക്കലും അവർക്ക് നമ്മളെ തോൽപ്പിക്കാൻ സാധിക്കില്ല … നീ ഇപ്പോൾ വായിച്ചു കൂട്ടിയ പുസ്തകങ്ങൾ നിന്റെ ചിന്തയെ മൂർച്ച കൂട്ടും. കൂടുതൽ വ്യക്തതയോടെ ജീവിക്കാൻ നിനക്കും സാധിക്കും അലാ … എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈ ഗോകൾ നിരപരാധികളെ തടവിലാക്കുന്നു … ചരിത്രം പരിശോധിച്ചാൽ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്… അതുകൊണ്ട് അലാ … നമ്മൾ കാത്തിരിക്കുക ക്ഷമയോടെ … നമ്മുടെ സമയം വരും … പ്രതീക്ഷയോടെ, നിന്റെ അർബൻ സെക്കുലർ അമ്മ സബിത ശേഖർ.