തിരുവനന്തപുരം:
ശബരിമല സന്ദര്‍ശനം ഒഴിവാക്കി രാഷ്ട്രപതി. പൊതുഭരണ വകുപ്പിന് ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ ശബരിമല ദര്‍ശനമില്ല. തിരക്കേറിയ തീര്‍ത്ഥാടനകാലത്ത് രാഷ്ട്രപതിയുടെ സന്ദര്‍ശനം സൃഷ്ടിച്ചേക്കാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ദര്‍ശനം വേണ്ടെന്നു വച്ചതെന്നാണ് സൂചന. ജനുവരി ആറിന് കേരളത്തിലെത്തുന്ന രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാതെ ലക്ഷദ്വീപിലേയ്ക്ക് പോകും.
ജനുവരി ആറിന് ഉച്ചയ്ക്ക് ശേഷം കൊച്ചിയിലെത്തുന്ന രാഷ്ട്രപതി താജ് ഹോട്ടലിലായിരിക്കും താമസിക്കുക. പ്രഭാതഭക്ഷണത്തിന് ശേഷം ലക്ഷദ്വീപിലേയ്ക്ക് തിരിക്കുന്ന രാഷ്ട്രപതി ഒന്‍പതിന് കൊച്ചിയില്‍ മടങ്ങിയെത്തും. തുടര്‍ന്ന് ഡല്‍ഹിയ്ക്ക് തിരിക്കുമെന്നാണ് സൂചന.
അതീവസുരക്ഷ വേണ്ട രാഷ്ട്രപതിയ്ക്ക് ഉപയോഗിക്കാന്‍ ശബരിമലയില്‍ ഹെലിപ്പാഡിന്റെ അസൗകര്യമായിരുന്നു പ്രധാന സുരക്ഷ പ്രശ്‌നം. സന്നിധാനത്തേയ്ക്ക് ആവശ്യമായ ശുദ്ധജലം എത്തിക്കുന്ന കൂറ്റന്‍ ടാങ്കിന്റെ കോണ്‍ക്രീറ്റ് മൂടിയാണ് ഹെലിപ്പാഡ്. ഇതിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. കൂടാതെ തിരക്കേറിയ സീസണില്‍ രാഷ്ട്രപതിയ്ക്ക് സുരക്ഷയൊരുക്കുന്നതായിരുന്നു മറ്റൊരു പ്രശ്‌നം. ഈ അസൗകര്യങ്ങള്‍ വിശദീകരിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതോടെ രാഷ്ട്രപതിയ്ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്ക രൂപപ്പെട്ടിരുന്നു. സ്ഥിതി വിലയിരുത്താന്‍ വിവിധ വകുപ്പ് മേധാവിമാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സന്നിധാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചില്ലെങ്കില്‍ നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സാധ്യതയും പരിഗണിച്ചിരുന്നു. ഇതിനിടയിലാണ് യാത്ര ഒഴിവാക്കിയതായി അറിയിച്ചു കൊണ്ടുളള റിപ്പോര്‍ട്ട് ലഭിച്ചത്.