Wed. Dec 18th, 2024
ന്യൂഡല്‍ഹി:

 
ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ 35 മരണം. ഇന്നു പുലര്‍ച്ചെ റാണി ജാന്‍സി റോഡില്‍ അനജ് മന്ദിയിലെ ആറു നില കെട്ടിടത്തിലെ ഫാക്ടറിയിലാണ്‌ തീ പിടിച്ചത്. ഈ സമയം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് വെന്തുമരിച്ചത്. 30 ഓളം ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ 20 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊള്ളലേറ്റവരെ റാം മനോഹര്‍ ലോഹിയ ആന്‍ഡ് ഹിന്ദു റാവോ ആശുപത്രിയിലാണ് പ്രവേശപ്പിച്ചിരിക്കുന്നത്. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. ബാഗ് നിര്‍മ്മാണ ഫാക്ടറിയുടെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ നിരവധി ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ 43 ജീവനുകള്‍ വെന്തുരുകിയപ്പോള്‍ മരണസംഖ്യ കുറയ്ക്കാനായത് രാജേഷ് ശുക്ല എന്ന ഫയര്‍മാന്റെ ജീവന്‍ പണയം വെച്ചുള്ള ശ്രമങ്ങളാണ്. വടക്കേ ഡല്‍ഹിയിലെ അനജ് മന്ദിയിലുണ്ടായ തീപ്പിടിത്തത്തില്‍ നിന്ന് 11 ജീവനുകളെയാണ് രാജേഷ് ശുക്ല ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റതോടെ ഡല്‍ഹി ഫയര്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ ശുക്ലയെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തിര ചികിത്സ നല്‍കുകയും ചെയ്തു. ഡല്‍ഹി ആഭ്യന്തര സഹമന്ത്രി സത്യേന്ദ്ര ജെയ്ന്‍ ആശുപത്രിയിലെത്തി ശുക്ലയെ കണ്ടു.’അദ്ദേഹം യഥാര്‍ത്ഥ നായകനാണ്. സംഭവസ്ഥലത്ത് ആദ്യമെത്തിയത് രാജേഷ് ശുക്ലയാണ്. പരിക്കേറ്റിട്ടും അവസാനം വരെ ശുക്ല തന്റെ ജോലി നിര്‍വഹിച്ചു. ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു,’ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 43 പേര്‍ ദാരുണമായി മരിക്കാനിടയായ സംഭവത്തില്‍ ഒരാഴ്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കാനാണ് കെജ്രിവാളിന്റെ നിര്‍ദേശം. ദുരന്തമുണ്ടായ വടക്കേ ഡല്‍ഹിയിലെ അനന്ദ് മാണ്ഡിയിലെ റാണി ഝാന്‍സി റോഡിലുള്ള ഫാക്ടറിയില്‍ കെജ്രിവാള്‍ സന്ദര്‍ശിച്ചു.

മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപാ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചിലവും സര്‍ക്കാര്‍ ഏറ്റെടുത്തു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതീവ ദു:ഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു.