Fri. Apr 26th, 2024
ലഖ്നൌ:

 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിൽ പൊതുമുതല്‍ നശിപ്പിച്ചെന്നു ആരോപിച്ചു യുപി സർക്കാർ പ്രതിഷേധക്കാര്‍ക്കെതിരെ നടപടികൾ തുടങ്ങി. എന്നാല്‍ 2017-ല്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങിനെ ലൈംഗികാക്രമണക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അനുയായികള്‍ നടത്തിയ കലാപങ്ങളിൽ 118 കോടി നശിപ്പിക്കപ്പെട്ടതിനെ കുറിച്ചു മിണ്ടുന്നില്ല. ഇത്രയധികം പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടും ഹരിയാനയിലെ ബിജെപി സർക്കാർ നഷ്ടപരിഹാരം ഈടാക്കാൻ നടപടി സ്വീകരിച്ചില്ലന്നതും ശ്രദ്ധേയമാണ്.

ഗുര്‍മീതിനെ കുറ്റക്കാരനായി വിധിച്ചുകൊണ്ടുള്ള പഞ്ച്കുള സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ് വന്നതോടെയായിരുന്നു കോടതി സമുച്ചയത്തിനു പുറത്തു തടിച്ചുകൂടിയ നൂറുകണക്കിനു വരുന്ന ദേരാ അനുയായികള്‍ കലാപം അഴിച്ചുവിട്ടത്. പ്രത്യേകിച്ച് പഞ്ച്കുളയില്‍ വലിയ രീതിയിലുള്ള കലാപമാണ് അരങ്ങേറിയത്. മുപ്പതിലധികം പേർ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടു.

2017-ല്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കേസെടുത്തതിനു ശേഷം ആദ്യമായി കഴിഞ്ഞമാസം പത്തിനാണ് കേസില്‍ വാദം കേള്‍ക്കുന്നത്. 18 നു കേസിന്റെ വാദം താത്കാലികമായി അവസാനിച്ചു. ഈ മാസം എട്ടിനു വാദം പുനരാരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാല്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഇപ്പോഴും നഷ്ടപരിഹാരം ഈടാക്കുന്നതിലെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കലാപത്തിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സുപ്രീം കോടതി 2018 ഒക്ടോബറില്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. ഇപ്പോഴും അതു പരിഗണനയിലാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.

സര്‍ക്കാരിനു കലാപത്തില്‍ മനഃപൂര്‍വമോ അല്ലാത്തതോ ആയ പങ്കുണ്ടോ എന്നതും കോടതി അമിക്കസ് ക്യൂറി വഴി പരിശോധിക്കുന്നുണ്ട്. 118 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്തുന്നതിനായി ഒരു ട്രിബ്യൂണലിനെ നിയോഗിക്കണമെന്നും അന്വേഷണം നടത്തണമെന്നും 2017 സെപ്റ്റംബര്‍ 27-ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അതും നടന്നിട്ടില്ല.

അതേസമയം യുപി യിൽ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ കുടുംബാംഗങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ആദിത്യനാഥ് സർക്കാർ ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. ഉത്തർപ്രദേശിൽ മാത്രം ഇരുപതിലധികം പേരാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. എന്നാൽ  പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം പ്രതിഷേധക്കാരില്‍ നിന്നു തന്നെ ഈടാക്കുമെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ്  വ്യക്തമാക്കിക്കഴിഞ്ഞു.