Thu. Apr 25th, 2024

ന്യുഡല്‍ഹി:

ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍. സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ വിക്രം ലാന്‍ഡറിന്റെ വേഗം ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍-2ന്റെ പരാജയ കാരണം. ഏഴു വര്‍ഷം പ്രവര്‍ത്തന കാലാവധിയുള്ള ചന്ദ്രയാന്‍-2ലെ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം നല്ല രീതിയിലാണെന്നും കെ. ശിവന്‍ പറഞ്ഞു. കൂടാതെ ഐ.എസ്.ആര്‍.ഒ. അടുത്തവര്‍ഷം ലക്ഷ്യംവെക്കുന്നത് പത്തോളം സുപ്രധാന ദൗത്യങ്ങള്‍ കൂടിയാണ്.

വാര്‍ത്താവിനിമയ, ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍, പുനരുപയോഗ്യ റോക്കറ്റ്, മിനി റോക്കറ്റ്, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ, ഗഗന്‍യാന്‍ പരീക്ഷണപേടകദൗത്യം എന്നിവ ഇതിലുള്‍പ്പെടും. ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളായ ജിസാറ്റ്- ഒന്ന്, ജിസാറ്റ്-12 ആര്‍, ഭൗമനിരീക്ഷണത്തിനായുള്ള റിസാറ്റ്-2 ബിആര്‍ 2 എന്നിവയാണ് പ്രധാന ഉപഗ്രഹവിക്ഷേപണങ്ങള്‍. ചന്ദ്രയാന്‍-മൂന്നും അടുത്തവര്‍ഷമുണ്ടാകും.

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ‘ഗഗന്‍യാന്‍’ ദൗത്യം 2022-ലാണ് ലക്ഷ്യംവെക്കുന്നത്. എന്നാല്‍ ഇതിനുമുമ്പ് മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് എത്തിച്ച് തിരിച്ചിറക്കണം. ഇത്തരത്തിലുള്ള രണ്ടു ദൗത്യങ്ങള്‍ വിജയകരമായി പരീക്ഷിച്ച ശേഷമായിരിക്കും ‘ഗഗന്‍യാന്‍’ ദൗത്യം. ആളില്ലാത്ത ദൗത്യത്തിന്റെ പരീക്ഷണം അടുത്തവര്‍ഷം ഡിസംബറില്‍ നടക്കും. ഇതിനുശേഷം നാലുപേരെ ബഹിരാകാശത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രാരംഭപരിശീലനത്തിന് 12 ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തിട്ടുണ്ട്.

ദൗത്യത്തിനായി രൂപവത്കരിച്ച ഹ്യൂമണ്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിന്റെ ഡയറക്ടര്‍ കോട്ടയം കോത്തനല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ നായരാണ്. ആലപ്പുഴ സ്വദേശി ആര്‍. ഹട്ടനാണ് പ്രൊജക്ട് ഡയറക്ടര്‍.
തമിഴ്നാട്ടിലെ തൂത്തുകുടിക്ക് സമീപം രണ്ടാമത്തെ സ്പേസ് പോര്‍ട്ടിനായുള്ള ഭൂമിയുടെ സര്‍വേ ആരംഭിച്ചു. 2300 ഏക്കര്‍ സ്ഥലം സ്പേസ് പോര്‍ട്ടിന് ആവശ്യമുള്ളത്.

600 കോടി രൂപയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ആകെ ചെലവ്.