Thu. Apr 25th, 2024
തിരുവനന്തപുരം:

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഡ്വക്കറ്റ് ജനറലിനോട് അഭിപ്രായം തേടി. രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുവാനാണ് എജിയോട് നിര്‍ദ്ദേശിച്ചിട്ടുളളത്.

ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ക്കാനുള്ള വിജിലന്‍സ് അപേക്ഷ മൂന്ന് മാസമായി ഗവര്‍ണറുടെ പരിഗണനയിലാണ്. കേസില്‍ നടപടി ഇഴയുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യവും ഇടപെടലും ഉണ്ടെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി. നടപടി നീളുന്നതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി പലതവണ പരമാര്‍ശം നടത്തിയിരുന്നു.

കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി വേണമെന്നും മൂന്ന് മാസം മുമ്പാണ് വിജിലന്‍സ് കത്ത് നല്‍കിയത്. എംഎല്‍എ ആയതിനാല്‍ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ അപേക്ഷ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇബ്രാഹീം കുഞ്ഞിനെതിരായ കേസില്‍ ഗവര്‍ണര്‍ മൂന്ന് തവണ സര്‍ക്കാരിനോട് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സ്വന്തം നിലയിലും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യുഷന്‍ നടപടിയില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്