Sat. Apr 20th, 2024
ന്യൂഡല്‍ഹി:

 

ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ച നിരക്കു വര്‍ദ്ധനവ് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ദ്ധനവ്. എന്നാല്‍ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ബാധകമാവില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

എസി ക്ലാസുകളില്‍ കിലോമീറ്ററിന് നാല് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എസി ക്ലാസുകളിലാണ് കിലോമീറ്ററിന് രണ്ട് പൈസയെന്ന നിലയില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ് എന്നിവയില്‍ മാറ്റമില്ലെന്നും നേരത്തെ തന്നെ ബുക്ക്‌ചെയ്ത ടിക്കറ്റുകള്‍ക്ക് നിരക്കു വര്‍ദ്ധന ബാധകമാകില്ലെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. രാജധാനി, ജനശദാബ്ദി ട്രെയിനുകള്‍ക്കും നിരക്ക് മാറ്റം ബാധകമാണ്. സബര്‍ബന്‍ ട്രെയിനുകളിലെ നിരക്കില്‍ മാറ്റമില്ല. റിസര്‍വേഷന്‍ ചാര്‍ജില്‍ മാറ്റമില്ല. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്ക് മാറ്റം ബാധകമാകില്ല. ബജറ്റിന് മുന്‍പാണ് ഈ നിരക്ക് വര്‍ധന. ദീര്‍ഘ ദൂര ട്രെയിന്‍ യാത്രകള്‍ക്ക് ഇനി ചെലവേറും എന്ന് സാരം

ഇനി മുതല്‍ നിരക്ക് വര്‍ദ്ധനക്കൊപ്പം ട്രെയിനുകള്‍ കുതിച്ചെത്തുമ്പോള്‍ കേള്‍ക്കുന്ന ചൂളം വിളിയുടെ തീവ്രതയും കൂടിയതായിരിക്കും. പുതിയ വൈദ്യുതി, ഡീസല്‍ എഞ്ചിനുകളില്‍ ഹോണിന്റെ ശബ്ദതീവ്രത കൂട്ടി. പഴയ എന്‍ജിനിലെ തീവ്രത 90-95 ഡെസിബെല്‍ ആയിരുന്നു. ഇപ്പോഴത് 115-125 ഡെസിബെല്ലാക്കി. ഭൂരിഭാഗം വണ്ടികളും ഇപ്പോള്‍ ശബ്ദംകുറഞ്ഞ വൈദ്യുതി എഞ്ചിനിലേക്ക് മാറിയതും റെയില്‍ മുറിച്ചുകടന്നുള്ള അപകടം കൂടിയതുമാണ് ഹോണിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ കാരണം.

പുതിയ വൈദ്യുതി എഞ്ചിനുകളായ ഡബ്ല്യുഎപി-നാല്, ഡബ്ല്യുഎപി-ഏഴ്, ഡീസല്‍ എന്‍ജിനായ ഡബ്ല്യുഡിഎം-3 എ, ചരക്കുവണ്ടികളിലെ ഡബ്ല്യുഡിജി-3 എഞ്ചിനുകളിലും ഡെസിബെല്‍ കൂടിയ ഹോണ്‍ ഉപയോഗിച്ചുതുടങ്ങി. റെയില്‍ പാളം മുറിച്ചുകടക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ സംസാരവും അശ്രദ്ധയും കാരണം ഹോണടിച്ചാലും പലരും അതുകേള്‍ക്കാതെ ദുരന്തത്തില്‍പ്പെടുന്നത് പതിവാകുന്നുണ്ട്. വണ്ടിവരുന്നതുകണ്ടിട്ടും പാളത്തില്‍നിന്ന് സെല്‍ഫിയെടുക്കാനുള്ള ശ്രമങ്ങളും ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.