Mon. Dec 23rd, 2024
ന്യൂഡൽഹി:

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കരുതെന്ന വാക്കുകള്‍ക്കെതിരെ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. പ്രതിഷേധം ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്, വിശ്വാസങ്ങള്‍ തമ്മിലുള്ളതല്ലെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. പ്രതിഷേധക്കാര്‍ സമരത്തിന് സാമുദായിക വര്‍ണ്ണം നല്‍കരുതെന്ന ആവശ്യപ്പെട്ട ശശി തരൂരിന്റെ ട്വീറ്റില്‍ നിരവധി ആളുകളാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇത് ഇസ്ലാമിനെക്കുറിച്ചുളള പോരാട്ടമാണെന്നും മുസ്ലീംങ്ങള്‍ ഇന്ത്യയില്‍ തങ്ങളുടെ സ്വത്വത്തിനായാണ് പോരാടുന്നതെന്നാണ് പലരും വാദിക്കുന്നതെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

ഇസ്ലാമിക വിശ്വാസത്തില്‍ കലിമയുടെ പ്രഥമസ്ഥാനമെന്താണെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും ‘ലാ ഇലാഹ ഇല്ലല്ല’ എന്നത് തന്നെ അസ്വീകാര്യമാണെന്നും ‘തേര മേര രിശ്‌ത ലാ ഇലാഹ ഇല്ലല്ല’ എന്ന വാചകം ഇന്ത്യയിലേക്ക് രിശ്‌ത (ബന്ധം) ഉള്ള മറ്റുള്ളവരില്‍ നിന്ന് സമൂഹത്തെ ഒറ്റപ്പെടുത്തുമെന്നും തരൂര്‍ പറയുന്നു. മുസ്ലീം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഹിന്ദുത്വ വര്‍ഗീയതയോട് പോരാടാനാവില്ല. സ്വത്വരാഷ്ട്രീയം ഇന്ത്യയെ നശിപ്പിക്കും.

ഈ വിഷയം ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചാണ്, ഇന്ത്യയുടെ അടിസ്ഥാനപരമായ ബഹുസ്വര ആശയെത്തക്കുറിച്ചാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും എതിർക്കുന്നതിനെയല്ല. ഈ പ്രക്ഷോഭത്തിന് സാമുദായിക നിറം നൽകാൻ ബിജെപി അവസരം തേടുന്നു. അത് അവര്‍ക്ക് നല്‍കരുത്. ഹിന്ദുത്വ തീവ്രവാദത്തിന് എതിരായുള്ള പോരാട്ടം ഇസ്ലാമിക തീവ്രവാദത്തിന് സാന്ത്വനം നല്‍കുന്നതാവരുത്. സിഎഎക്കും എന്‍ആര്‍സിക്കും എതിരായ പ്രക്ഷോഭങ്ങളില്‍ മുഴങ്ങേണ്ടത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മുദ്രാവാക്യമല്ല. ബഹുസ്വരതയും വൈവിധ്യവും ഏതെങ്കിലും മതമൗലികവാദത്താല്‍ തട്ടിവീഴ്ത്തപ്പെടാന്‍ അനുവദിക്കരുത്. ഇസ്ലാമിനോ ഹിന്ദുമതത്തിനോ വേണ്ടിയുള്ള പോരാട്ടമല്ലെന്നാണ് ഓര്‍ക്കേണ്ടത്. എന്‍ആര്‍സി പ്രക്ഷോഭത്തിലെ മുദ്രാവാക്യങ്ങളില്‍ വിയോജിപ്പ് അറിയിച്ചാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.

‘പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ മുദ്രാവാക്യം മുഴക്കുന്ന നാം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ സംരക്ഷിക്കാനാണ് പോരാടുന്നത്. ഹിന്ദുത്വ തീവ്രവാദത്തിനെതിരായുള്ള നമ്മുടെ പോരാട്ടം ഇസ്ലാമിക തീവ്രവാദത്തിന് സാന്ത്വനം നല്‍കുന്നതാവരുത്’ എന്നായിരുന്നു മുന്‍പ് ശശി തൂര്‍ ട്വീറ്റ് ചെയ്തത്. പ്രക്ഷോഭങ്ങള്‍ക്കെതിരെ പോലീസ് നരനായാട്ട് നടത്തുമ്പോഴും ലാത്തിച്ചാര്‍ജ് പ്രയോഗം അതിര് കടക്കുമ്പോഴും കണ്ണീര്‍ വാതകം ഉപയോഗിക്കുമ്പോഴും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയൂ… എന്ന മുദ്രാവാക്യമടങ്ങിയ വീഡിയോ അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ നിരവധി പേര്‍ തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തി.

‘ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. നമ്മില്‍ അധികപേര്‍ക്കും ഈ പോരാട്ടം ഇന്ത്യക്കു വേണ്ടിയാണ്, ഇസ്ലാമിനോ ഹിന്ദുമതത്തിനോ വേണ്ടിയല്ല എന്നകാര്യം വ്യക്തമാക്കിയതാണ്. ഭരണഘടന മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വേണ്ടിയുള്ളതാണിത്. ഇത് ബഹുസ്വരത സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ഇത് ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. വിശ്വാസങ്ങള്‍ തമ്മിലുള്ളതല്ല.’ ട്വീറ്റ് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ശശി തരൂര്‍ രംഗത്തെത്തിയത്.