Fri. Nov 22nd, 2024
ന്യൂഡൽഹി:

 

ജമ്മു കാശ്മീരില്‍ തടവില്‍ക്കഴിയുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. “നമ്മുടെ ആദ്യ പുതുവത്സരാശംസ ഓഗസ്റ്റ് അഞ്ചുമുതല്‍ ഒരു കുറ്റവും ചുമത്തപ്പെടാതെ ജമ്മു കാശ്മീരില്‍ തടവില്‍ കഴിയുന്ന ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരടക്കമുള്ള നേതാക്കള്‍ക്കാണു നല്‍കേണ്ടത്. ഈ പുതുവത്സരം അവര്‍ക്കു സ്വാതന്ത്ര്യവും നീതിയും ലഭിക്കട്ടെ,” എന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്.

ഇന്നലെ കശ്മീരില്‍ തടവിൽ കഴിഞ്ഞിരുന്ന അഞ്ചു നേതാക്കളെ വിട്ടയച്ചിരുന്നു. ഓഗസ്റ്റ് അഞ്ചുമുതല്‍ തടവിലാക്കപ്പെട്ടിരുന്ന ഇഷ്ഫാക് ജബ്ബാര്‍, ഗുലാം നബി ബട്ട് (ഇരുവരും നാഷണല്‍ കോണ്‍ഫറന്‍സ്), ബഷീര്‍ മിര്‍, സഹൂര്‍ മിര്‍, യാസിര്‍ രേഷി (മൂവരും പിഡിപി) എന്നീ നേതാക്കളെയാണ് വിട്ടയച്ചത്. എന്നാൽ നവംബര്‍ 25 നു പിഡിപി നേതാവായ ദിലാവര്‍ മിറിനെയും, ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണലിസ്റ്റ് നേതാവ് ഗുലാം ഹസന്‍ മിറിനെയും വിട്ടയച്ചിരുന്നു.

ഇതിനിടെ കാശ്മീര്‍ വിഷയത്തില്‍ ഇസ്ലാമിക രാഷ്ട്രങ്ങളുടെ പ്രത്യേക യോഗം വിളിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. 57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനാണ് യോഗം ചേരുക.