Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ആരോഗ്യം, വ്യവസായ-നൂതനത്വ-അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം  എന്നിവ മാനദണ്ഡമാക്കി നീതി ആയോഗ് പുറത്ത് വിട്ട 2019-20 വര്‍ഷത്തെ സുസ്ഥിര വികസന സൂചിക(എസ് ഡി ജി) യിൽ  കേരളം വീണ്ടും ഒന്നാമത്. ബീഹാറാണ് ഏറ്റവും പിന്നില്‍.

കഴിഞ്ഞ വർഷത്തെക്കാൾ ഒരു പോയിന്റ് വളർച്ച നേടിയാണ് (70) കേരളത്തിന്റെ നേട്ടം.രാജ്യത്തിന്റെ ശരാശരി വളർച്ചയിലും മൂന്നു പോയന്റ് മുന്നേറ്റമുണ്ട് (60). ഹിമാചൽപ്രദേശാണ് രണ്ടാമത്. വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിൽ കേരളത്തിനെ ഹിമാചൽ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി. ആരോഗ്യരംഗത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.

ഒന്നാം സ്ഥാനത്തുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണം 12 മേഖലകളില്‍ രാജ്യ ശരാശരിയേക്കാള്‍ തുല്യമോ മികച്ചതോ ആയ സ്ഥാനം നിലനിര്‍ത്തുന്നു. മറ്റു രണ്ട് സംസ്ഥാനങ്ങളും 11 മേഖലകളില്‍ മുന്നിലാണ്.

വെള്ളം, ശുചിത്വം, വൈദ്യുതി, വ്യവസായം എന്നിവയില്‍ ഇന്ത്യയുടെ സംയോജിത സ്‌കോര്‍ 2018 ല്‍ 57 ല്‍ നിന്ന് 2019 ല്‍ 60 ആയി ഉയര്‍ന്നു. എന്നാല്‍, പോഷകാഹാരവും ലിംഗഭേദവും രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രശ്‌നമുള്ള മേഖലകളായി തുടരുന്നതിനാല്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു.