തിരുവനന്തപുരം:
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപിയിലെ ഒരംഗത്തിന്റെ എതിര്‍പ്പോടെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി. നിയമസഭ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയം ബിജെപി എംഎൽഎ ഒ രാജഗോപാൽ ഒഴികെയുള്ള കക്ഷികളെല്ലാം അനുകൂലിച്ചു.
പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ മതേതരസ്വഭാവത്തിനും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്കും എതിരായതിനാല്‍ നിയമം പിന്‍വലിക്കണമെന്ന് സഭ ഒന്നൊഴികെ ഒന്നിച്ച് ആവശ്യപ്പെട്ടു. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യത്തെ നിയമസഭ കൂടിയാകും കേരളം.
എന്നാൽ പൗരത്വ നിയമ ഭേദഗതിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് സങ്കുചിത രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടിയാണെന്നും, മുസ്ലീമിനെ രാഷ്ട്രപതിയാക്കിയ പാരമ്പര്യമാണ് ബിജെപിക്കുള്ളതെന്നും പ്രമേയ ചർച്ചയിൽ ഒ രാജഗോപാൽ പറഞ്ഞു.
അതേസമയം, കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ നിർമിക്കില്ലെന്നും, അതിനു വേണ്ടിയുള്ള തുടർ നടപടി സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു. നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക ഉളവാക്കുന്നു. മതേരത്വത്തെ തകര്‍ക്കുന്ന ഒരു നിയമത്തേയും അനുകൂലിക്കാനാവില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് തടങ്കല്‍പാളയങ്ങള്‍ ഉണ്ടാകില്ലെന്നും അതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് പട്ടികജാതി- പട്ടികവര്ഗങ്ങളില്പ്പെട്ടവര്ക്ക് സംവരണം പത്തുവര്‍ഷത്തേക്ക് നീട്ടാനുള്ള പ്രമേയമാണ് മുഖ്യമന്ത്രി ആദ്യം അവതരിപ്പിച്ചത്. സാമൂഹ്യ സ്ഥിതിയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, ജാതി വ്യവസ്ഥയുടെ ജീർണത ഇപ്പോഴുമുണ്ട്. പിന്നോക്ക വിഭാഗങ്ങളിലുള്ളവർക്ക് സാമൂഹ്യ-സാമ്പത്തിക നീതി ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.