Sun. Dec 22nd, 2024
#ദിനസരികള്‍987

 

ഡോക്ടര്‍ നെല്ലിക്കല്‍ മുരളിധരന്‍ തയ്യാറാക്കിയ ‘കേരള ജാതി വിവരണം’ എന്ന പുസ്തകം എന്റെ കയ്യിലിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ഈ പുസ്തകം ഒരു ജാതി-മത- വര്‍ഗ്ഗ വിജ്ഞാനകോശമാണ്. അതുകൊണ്ടുതന്നെ സാധാരണ ഒരു പുസ്തകം തുടക്കം മുതല്‍ ഒടുക്കം വരെ തുടര്‍ച്ചയായി വായിച്ചു പോകുന്നതുപോലെ വായിക്കേണ്ടതില്ല.

അറിയേണ്ട വിഷയങ്ങളില്‍ അന്വേഷണം നടത്തുക എന്നതേ ചെയ്യാനുള്ളു. എന്നാല്‍ കുറേ നേരമായി ഞാനിത് അടച്ചും തുറന്നും ഓരോന്നോരോന്നായി വായിച്ചു നോക്കുന്നു. പുസ്തകത്തിലെ ഓരോ ചെറുകുറിപ്പിലും ഉള്‍‌ച്ചേര്‍ന്നിരിക്കുന്ന കേരളത്തിന്റെ ജാതിജീവിതത്തെ അടയാളപ്പെടുത്തുന്നതായ വിവരങ്ങളുടെ വൈവിധ്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോകുന്നു.

ഏതൊക്കെ തരത്തിലും തലത്തിലുമുള്ള ഇരുട്ടുകളെ അതിജീവിച്ചുകൊണ്ടാണ് ഇന്ന് ഈ കാണുന്ന അവസ്ഥയിലേക്ക് നാം മുന്നേറിയെത്തിയിരിക്കുന്നതെന്ന് കേരള ജാതിവിവരണം നമ്മെ ബോധ്യപ്പെടുത്തുന്നത്.

കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ ഒരു പടവുകളിലും ജാതീയത ചെന്നു തൊട്ടുനില്ക്കാതിരുന്നിട്ടില്ല. ചില അപവാദങ്ങളെ ഊതിവീര്‍പ്പിച്ച് കാണിക്കുന്നവരുണ്ടാകാം. എന്നാല്‍ അതൊന്നും തന്നെ യഥാര്‍ത്ഥ ജീവിതത്തെ അടയാളപ്പെടുത്തുന്നവയായിരുന്നില്ല.

ചില വ്യതിചലനങ്ങള്‍ എന്നു മാത്രമേ അത്തരം സംഭവങ്ങളെ അടയാളപ്പെടുത്താനാകൂ. എന്നാല്‍ പൊതുജീവിതമാകട്ടെ എത്രയോ നൂറ്റാണ്ടുകാലമായി ജാതിയെന്ന പടുതയുടെ അടിയില്‍ കിടന്ന് ശ്വാസം മുട്ടി വിങ്ങി വിയര്‍ത്തിരുന്നു.

“തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ
ഒട്ടല്ലഹോ ജാതിക്കോമരങ്ങള്‍”
എന്ന് കുമാരനാശാനെക്കൊണ്ട് അക്കാലം എഴുതിപ്പിച്ചു.

ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു കുറിപ്പാണ് ജാതിവ്യവസ്ഥ. അതില്‍ നാമിങ്ങനെ വായിക്കുന്നു. “അയിത്തം എന്ന ആചാരത്തിന്റെ നെല്ലിപ്പലക ഇളക്കുന്ന ഒരു ദൃഷ്ടാന്തം ഇവിടെ ചൂണ്ടിക്കാണിക്കാം. ജാതിവ്യവസ്ഥക്കുള്ളില്‍ വളരെ ഹീനമായ ഒരു സ്ഥാനമാണല്ലോ പുലയര്‍ക്ക് നല്കപ്പെട്ടിരുന്നത്. പഴയ കാലത്തും ഇക്കാലത്തും നെല്ലുവിതയ്ക്കുന്നതും കൊയ്യുന്നതും കറ്റമെതിക്കുന്നതും പതമളക്കുന്നതും പുലയരാണ്.

നെല്ലു കൊയ്ത് കറ്റ കെട്ടി കൂട്ടിയിട്ട് പെണ്ണാളും ആണാളും വരിവരിയായി നിന്ന് ചവിട്ടി മെതിക്കും. അന്യോന്യം പിണച്ചു കെട്ടിയ മുളങ്കാലുകളില്‍ ഒരു വലിയ മുള നീളത്തില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. അതിന്മേല്‍ പിടിച്ചു നിന്നുകൊണ്ടാണ് താഴെ അട്ടിയിട്ടിരിക്കുന്ന കറ്റകളിന്മേല്‍ പുലയര്‍ ചവിട്ടുന്നത്. അവരുടെ കാല്‍ക്കീഴില്‍ വൈയ്ക്കോലും നെല്ലും ചവിട്ടേറ്റു വേര്‍പിരിയുന്നു.

പിന്നീട് നെന്മണികള്‍ കൂട്ടിയിട്ട് മുറംകൊണ്ട് വീശി മങ്ക് (പതിര്) കളഞ്ഞ് പൊലിയളക്കുന്നു. അയിത്തം കൊടികുത്തി വാണിരുന്ന കാലത്തും കറ്റമെതിച്ച് നെല്ലെടുക്കുന്നത് ഇതേ രീതിയിലായിരുന്നു. പുലയന്റെ ചവിട്ടേറ്റ നെന്മണികള്‍ക്ക് യാതൊരു വിധത്തിലുള്ള അയിത്തവും കല്പിക്കപ്പെട്ടിരുന്നില്ല (കഴുകിയെടുത്തിരുന്നില്ല). അവ അതേപടി പത്തായത്തില്‍ നിറയ്ക്കും. ക്ഷേത്രങ്ങളിലെ പറയെടുപ്പിനും മറ്റും അതേ നെന്മണികളാണ് ഉപയോഗിച്ചിരുന്നത്.”

അതായത് പുലയരുടെ വിയര്‍പ്പു വീണ, ചവിട്ടേറ്റ നെന്മണിക്ക് യാതൊരു വിധത്തിലുള്ള അയിത്തവും ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിലടക്കമുള്ള ‘വിശുദ്ധ’ആവശ്യങ്ങള്‍ക്ക് അതേ നെല്ലുതന്നെയാണ് ഉപയോഗിക്കുന്നത്. വിത്തു വിതയ്ക്കുന്നതു മുതല്‍ തന്റെ പത്തായപ്പുരയ്ക്കുള്ളിലേക്ക് നെല്ല് അളന്ന് കയറ്റിയിടുന്നതടക്കമുള്ള ഒരു പണിയിലും യജമാനനായ ബ്രാഹ്മണന് ഒരു പങ്കുമില്ലെങ്കിലും അധ്വാനത്തിന്റെ സിംഹഭാഗവും അവന്‍ അപഹരിക്കുന്നു.

ജാതീയതയുടെ അര്‍ത്ഥമില്ലായ്മയെ അന്തസാരശൂന്യതയെ അടയാളപ്പെടുത്താന്‍ ഈ കുറിപ്പ് ശക്തമാകുന്നു. ദൈവനിശ്ചയമാണ് അയിത്തമെന്ന് കരുതിപ്പോന്നിരുന്ന ഒരു ജനസഞ്ചയമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. താഴെത്തട്ടിലുള്ള ശൂദ്രനും മുകള്‍ത്തട്ടിലുള്ള ബ്രാഹ്മണനും അക്കാര്യത്തില്‍ ഒരു പോലെ വിശ്വസിച്ചു.

മുജ്ജന്മസുകൃതത്തിന്റെ ഫലമായി ബ്രാഹ്മണ്യവും ദുഷ്കൃതത്തിന്റെ ഫലമായി ശൂദ്രത്വവും സിദ്ധമാകുന്നുവെന്നവര്‍ കരുതി. അതുകൊണ്ടുതന്നെ താന്‍ പാപിയാണെന്നും തീണ്ടാന്‍‌ പാടില്ലാത്തയാളാണെന്നുമൊക്കെയുള്ള ചിന്ത വേരു പിടിച്ചു. ഏറെക്കാലം ആരും ചോദ്യം ചെയ്യാനില്ലാത്ത ഒന്നായി ജാതീയത കേരളത്തില്‍ കൊടികുത്തി വാണു. ജാതിവ്യവസ്ഥ എന്ന ലേഖനം ജാതീയതയുടെ ഇത്തരത്തിലുള്ള കെടുതികളെ ചൂണ്ടിക്കാണിക്കുന്നു.

സ്മാര്‍ത്തവിചാരത്തെക്കുറിച്ചും അത് നടപ്പിലാക്കുന്ന രീതികളെക്കുറിച്ചും ഹ്രസ്വമായിട്ടാണെങ്കിലും ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട് (പി ഭാസ്കരനുണ്ണിയുടെ സ്മാര്‍ത്തവിചാരം എന്ന പുസ്തകം ഈ വിഷയത്തില്‍ അസാമാന്യമായ അറിവു നല്കുന്ന ഒന്നാണെന്ന് സന്ദര്‍ഭവശാല്‍ സൂചിപ്പിക്കട്ടെ).

ദാസീവിചാരം, അഞ്ചാംപുരയിലാക്കല്‍ , സ്മാര്‍ത്തവിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിച്ഛേദം , ശുദ്ധഭോജനം എന്നിങ്ങനെ ആറു ഘട്ടങ്ങളായി നടക്കുന്ന സ്മാര്‍ത്തവിചാരമെന്ന പ്രക്രിയ വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട അന്തര്‍ജനത്തെ വിചാരണ ചെയ്യുന്നതാണ്. ഭാര്‍ഗ്ഗവ സ്മൃതി, ശങ്കര സ്‌മൃതി, പ്രായശ്ചിത്ത വിമര്‍ശിനി, പ്രായശ്ചിത്ത സംഗ്രഹം, ഏകശ്വാസം അശൌചദീപിക, കേരളാചാരസംഗ്രം എന്നിത്യാദി ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആചാരക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ജാതീയമായ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്.

സങ്കരജാതികളില്‍ മേല്‍ജാതിയില്‍പ്പെട്ട പുരുഷന് കീഴ്ജാതിയില്‍ പെട്ട സ്ത്രീക്ക് ഉണ്ടാകുന്ന സന്തതിയെ അനുലോമനെന്നാണ് വിളിക്കുക. എന്നാല്‍ തിരിച്ച്, അതായത് കീഴ്ജാതിയില്‍ പെട്ട പുരുഷന് മേല്‍ജാതിയില്‍പ്പെട്ട സ്ത്രീയിലുണ്ടാകുന്ന സന്തതിയെ പ്രതിലോമനെന്നാണ് വിളിക്കുക. അത്തരം പ്രതിലോമരെ നീചരെന്നു വിളിച്ച് മനു തള്ളിക്കളയുന്നു. അതായത് ജാതീയതയ്ക്കപ്പറം സ്വന്തം സ്ത്രീകള്‍ ‘പിഴച്ചു’ പോകാതിരിക്കാനുള്ള കരുതല്‍ കൂടി ഇത്തരം വിധികളിലുള്‍‌ച്ചേര്‍ന്നിരിക്കുന്നുവെന്ന് സൂക്ഷ്മദൃക്കുകള്‍ക്ക് കാണാം.

ഒന്നുകൂടി വിശദീകരിച്ച് കുറച്ചുകൂടി അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച് എടുക്കുകയാണെങ്കില്‍ മലയാള ഭാഷയ്ക്ക് അസാധാരണമായ ഒരു മുതല്‍ക്കൂട്ടായി ഈ കൃതിമാറും. ചരിത്രത്തില്‍ നിന്നും നിരന്തരം പാഠങ്ങള്‍ പഠിക്കുന്ന സാംസ്കാരിക കേരളം, അത്തരമൊരു പ്രവര്‍ത്തി ഏറ്റെടുക്കേണ്ടതാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.