Wed. Jan 22nd, 2025
കൊച്ചി:

 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സ്ത്രീകൾ തെരുവിൽ സമരത്തിനു ഇറങ്ങിയതിനു താക്കീത് നൽകിയ സമസ്തയെ വിമർശിച്ച് ഷബ്‌ന സിയാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം സ്ത്രീകള്‍ ഏത് പരിധി വിടരുതെന്നാണ് മൗലാനമാര്‍ ഫത്വവ ഇറക്കിയതെന്നു ഇനിയും വ്യക്തമായിട്ടില്ലെന്ന് ഷബ്‌ന പോസ്റ്റിലൂടെ ചോദിക്കുന്നു. പ്രക്ഷോഭങ്ങളുടെ രീതിയെക്കുറിച്ച് വല്യ ധാരണയൊന്നുമില്ലാതെ അന്താളിച്ച് നില്‍ക്കുമ്പോഴായിരുന്നു ജാമിഅ മില്ലിയയിലെ ഹിജാബ് ധാരികളായ പെണ്‍കുട്ടികളുടെ വിരല്‍ ചൂണ്ടിയുള്ള ചിത്രങ്ങള്‍ പെട്ടന്നങ്ങ് മനസ്സില്‍ പതിഞ്ഞത്.

അടുക്കള മാത്രമാണ് നിന്റെയിടമെന്നു ആവർത്തിച്ചു പഠിപ്പിക്കുന്ന കാപട്യത്തില്‍ നിന്ന് മുസ്ലിം വനിതകള്‍ ചരിത്രം പഠിച്ചതിന്റെ കൂടി തെളിവാണീ കാണുന്ന സ്ത്രീ പ്രതിഷേധമെന്നാണ് ഷബ്‌നയുടെ കുറിപ്പിലുള്ളത്.

ഉമ്മുഅമ്മാറാ, മഹര്‍ ചോദിക്കുന്നതില്‍ പരിധി നിശ്ചയിക്കാനുള്ള നീക്കത്തെ പൊതു വേദിയില്‍ ധീരനായ ഭരണാധികാരിയായ ഉമറിനോട് ചോദ്യം ചെയ്തത സഹാബി വനിത ഉമ്മു സുലൈം, ഉമറിന്റെ ഭരണകാലത്ത് മാര്‍ക്കറ്റിന്റെ മേല്‍നോട്ടം വഹിച്ച ശിഫാ ബിന്ദ് അബ്ദുള്ള, ഹുദൈബിയ സന്ധി സമയത്ത് അവസരോചിത ഇടപെടല്‍ നടത്തിയ ഉമ്മു സലമ, യര്‍മൂഖ് യുദ്ധത്തില്‍ പിന്തിരിഞ്ഞോടിയവരെ യുദ്ധത്തിലേക്ക് തന്നെ നയിച്ച ഹിന്ദ് ബിന്ദ് ഉത്വബ ഈ ചരിത്ര വനിതകള്‍ മതി മുസ്ലിം സ്ത്രീകള്‍ക്ക് പരിധി വിടാതിരിക്കാന്‍.

സ്ത്രീകളെ തെരുവിലേക്കിറക്കുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് ആദ്യം ചെയ്ത് മുഹമ്മദ് നബിയും ഉമറുമൊക്കെയാണന്ന് ഷബ്‌ന പറയുന്നു.

റുഫൈദാ അല്‍ അസ്‌ലമി എന്ന സഹാബി വനിതയുടെ പേരില്‍ ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റിയുടെ റോയല്‍ കോളേജ് ഓഫ് അയര്‍ലാന്‍ഡ് അവാര്‍ഡ് ഏറ്റവും നല്ല നഴ്‌സിന് ഇപ്പോഴും നല്‍കിപ്പോരുന്നതിന്റെ ചരിത്രമെങ്കിലും ഫത്വവക്കാര്‍ പഠിക്കണമെന്നാണ് ഷബ്‌ന സിയാദ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.