Wed. Jan 22nd, 2025
#ദിനസരികള്‍ 985

ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ള ഒരു ചരിത്രകാരന്‍ ഇരിക്കുന്ന വേദിയില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ട് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏതു മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിച്ചു പോകുന്നതെന്നാണ് കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ എനിക്കു തോന്നിയത്.

കാരണം അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തപ്പെട്ട ഒരു വേദിയില്‍ യാതൊരു പ്രതികരണവുമില്ലാതെ കേട്ടിരിക്കുകയാണ് പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് ചെയ്തിരുന്നതെങ്കില്‍ ഒരു ജീവിതകാലംകൊണ്ട് അദ്ദേഹം പടുത്തുയര്‍ത്തിയ ബോധ്യങ്ങളെല്ലാംതന്നെ ഒറ്റയടിക്ക് റദ്ദു ചെയ്യപ്പെടുമായിരുന്നു.

ഇത് ഗവര്‍ണക്കറിയില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ ധാരണക്കുറവിന്റെ പ്രശ്നം മാത്രമാണ്, അല്ലാതെ പ്രതികരിച്ച ഹബീബിന്റെയോ മറ്റുള്ളവരുടേയോ പ്രശ്നമല്ല.

ഒരു നിയമവും പാര്‍ലമെന്റു പാസാക്കി എന്നുള്ളതു കൊണ്ട് രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കണമെന്നില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളെന്തൊക്കെയാണ് ആ മൂല്യങ്ങളെ ഒരു തരത്തിലും ലംഘിക്കാതിരുന്നാല്‍ മാത്രമേ പാര്‍ലമെന്റ് പാസ്സാക്കുന്ന ഏതൊരു നിയമത്തേയും ജനത മാനിക്കേണ്ടതായിട്ടുള്ളു.

ഇവിടെ പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിലേക്ക് ചുരുക്കിക്കെട്ടുമ്പോള്‍ അത് ഭരണഘടനയെ നിഷേധിക്കുന്നതാകുന്നു. അതുകൊണ്ടുതന്നെ അത്തരത്തിലൊരു നിയമം നിര്‍‌മ്മിക്കാന്‍ പാര്‍ലെമെന്റിന് യാതൊരു തരത്തിലുള്ള അവകാശവുമില്ല. സഭയിലെ ഭൂരിപക്ഷമെന്ന സാങ്കേതികതയുടെ പിന്‍ബലത്തില്‍ പാസ്സാക്കിയെടുക്കുകയാണെങ്കില്‍‌പ്പോലും രാജ്യത്തെ ജനത അത് തള്ളിക്കളയുക തന്നെ ചെയ്യും.

ഇവിടേയും അതാണ് സംഭവിച്ചത്. കേവലം മുപ്പത്തിയേഴു ശതമാനം ജനതയെ പ്രതിനിധീകരിക്കുന്ന ലോകസഭാംഗങ്ങള്‍ ചേര്‍ന്ന് ബാക്കി വരുന്ന അറുപത്തിമൂന്നു ശതമാനം ജനതയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. തികച്ചും അനാശാസ്യവും അശ്ലീലവുമായ ആ സമീപനത്തോട് സ്വഭാവികമായും എതിര്‍പ്പുണ്ടാകുന്നു.

ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടു വേണം ഗവര്‍ണറുടെ നിലപാടിന്റെ അന്തസത്ത പരിശോധിക്കേണ്ടത്. അദ്ദേഹം പറയുന്നതു കേള്‍ക്കുക “ഗവര്‍‌ണര്‍ എന്ന നിലയില്‍ ഇന്ത്യന്‍ നിയമവും ഭരണഘടനയും സംരക്ഷിക്കാനാണ് ഞാന്‍‌ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. സ്വന്തം അഭിപ്രായം ഉയര്‍ത്തിപ്പിടിക്കാനും എതിര്‍ക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ മറ്റുള്ളവരെ നിശബ്ദരാക്കാനുള്ള അവകാശമില്ല.”

സംസാരിക്കാനുള്ള അവകാശത്തെ മുന്‍നിറുത്തി ആനുകൂല്യം അവശ്യപ്പെടുന്ന ഗവര്‍ണര്‍ പക്ഷേ ചെയ്യുന്നത് മറ്റൊരു മതത്തില്‍ പെട്ടുവെന്നതുകൊണ്ടു മാത്രം മാറ്റി നിറുത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ സംസാരിക്കാനുള്ള അവകാശം മാത്രമല്ല ജീവിക്കുവാനുള്ള അവകാശം കൂടി കവര്‍‌ന്നെടുക്കുന്നതിനെ ന്യായീകരിക്കുകയാണ്. എങ്ങനെയാണ് സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാള്‍ക്ക് അദ്ദേഹത്തിന്റെ ആവശ്യത്തെ പരിഗണിക്കാന്‍ കഴിയുക?

പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുതകൊണ്ട് ജുഡീഷ്യറിയുടെ മുന്നില്‍ അപ്പീലുകളുണ്ട്. പരമോന്നത നീതി പീഠത്തില്‍ നിന്നും പുനപരിശോധനാ ഹരജികളില്‍ തീര്‍പ്പുകള്‍ വരുന്നതുവരെയെങ്കിലും ഈ നിയമത്തിന്റെ ഭാവി തുലാസ്സിലാണ്.

അതുകണക്കിലെടുത്തെങ്കിലും ഭരണഘടനാ സ്ഥാപനത്തിന്റെ മാന്യതയ്ക്കു നിരക്കുന്ന തരത്തിലുള്ള നിലപാടുകള്‍ മാത്രമേ ഗവര്‍ണര്‍ സ്വീകരിക്കുവാന്‍ പാടുള്ളു. ഹിന്ദുത്വ അജന്‍ഡകളുടെ അംബാസഡറായി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍‌പ്പെടുന്ന മൂന്നാം കിട രാഷ്ട്രീയ ഭിക്ഷാംദേഹിയായി ഗവര്‍ണര്‍ പദവി വഹിക്കുന്ന ഒരാള്‍ തരംതാഴരുത്.

ഇനി അഥവാ അത്തരത്തിലുള്ള പ്രചാരണങ്ങളുമായി ഇറങ്ങുവാനാണ് ഗവര്‍ണര്‍ ഭാവിക്കുന്നതെങ്കില്‍ കേരളത്തിലെവിടേയും അദ്ദേഹത്തിന് പ്രതിഷേധങ്ങളെ നേരിടേണ്ടിവരും. അതുകൊണ്ട് കേരളമെന്താണെന്നും അതിന്റെ ചരിത്രമെന്താണെന്നും അറിഞ്ഞുകൊണ്ട് ഇടപെടുകയാണ് ഗവര്‍ണര്‍ക്കും കേരളത്തിനും നല്ലത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.