Wed. Jan 22nd, 2025
ഗാങ്ടോക്ക്:

കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കിഴക്കന്‍ സിക്കിമിലെ നാഥുലയില്‍ കുടുങ്ങിയ 1500 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥ മറികടന്നാണ് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുടുങ്ങിക്കിടന്നവരില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഉണ്ടെന്നും, 570 പേരെ കരസേനയുടെ ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഗാങ്‌ടോക്കില്‍നിന്ന് 300 ഓളം വാഹനങ്ങളിലായി പുറപ്പെട്ട 1500 വിനോദ സഞ്ചാരികളാണ് കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടോടെ ജവഹര്‍ലാല്‍ നെഹ്രു റോഡില്‍ വിവിധയിടങ്ങളിലായി കുടുങ്ങിയത്. ഇവരെ രക്ഷപ്പെടുത്തിയതിനു ശേഷം ഭക്ഷവും മരുന്നും തണുപ്പ് നേരിടുന്നതിനുള്ള വസ്ത്രങ്ങളും സൈന്യം നല്‍കി.

പ്രദേശത്ത് കുടുങ്ങിയ എല്ലാവരെയും സുരക്ഷിത സ്ഥാനത്ത് എത്തിക്കുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബുള്‍ഡോസറുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് മഞ്ഞ് നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കം തുടരുകയാണ്.