ന്യൂഡൽഹി:
ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ സംസാരിച്ച കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നടപടി തെറ്റാണെന്ന് നാവികസേന മുന്‍ അഡ്മിറല്‍ ജനറല്‍ എല്‍ രാംദാസ്.
“തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണു നമ്മള്‍ കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ല.” എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ വിമര്‍ശനം. ഇതിനെതിരെയായിരുന്നു രാംദാസിന്റെ പ്രതികരണം.
സായുധ സേനയിലുള്ളവര്‍ വര്‍ഷങ്ങളായുള്ള തത്വമായ ‘രാജ്യത്തെ സേവിക്കുക, രാഷ്ട്രീയ ശക്തികളെയല്ല’ എന്നതാണ് പിന്തുടരേണ്ടതെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മൂന്ന് സേനകളിലുള്ളവര്‍ക്കും നല്‍കുന്ന ആഭ്യന്തര നിര്‍ദേശമുണ്ട്. എല്ലാവരും നിഷ്പക്ഷരായിരിക്കണമെന്നും, രാഷ്ട്രീയ ചായ്‌വ് വരുത്താൻ പാടില്ലെന്നും, ദശകങ്ങളായി ഇത്തരം തത്വങ്ങളാണ് സേന പിന്തുടരുതെന്നും ജനറല്‍ എല്‍ രാംദാസ് പറഞ്ഞു.
‘ചട്ടം വളരെ വ്യക്തമാണ്, നമ്മള്‍ രാജ്യത്തെ സേവിക്കുകയും എന്നാല്‍ രാഷ്ട്രീയ ശക്തിയെ സേവിക്കാതിരിക്കുകയും ചെയ്യുക. ഇന്ന് കേട്ട പോലെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ല. അത് എത്ര ഉയര്‍ന്ന റാങ്കിലിരിക്കുന്നയാളാണെങ്കിലും.’ അത് ശരിയായ നടപടിയല്ലെന്നും ജനറല്‍ എല്‍. രാംദാസ് പറഞ്ഞു.
കരസേന മേധാവിയുടെ പരാമര്‍ശം വലിയ വിവാദത്തിലേയ്ക്കാണ് വഴിതുറക്കുന്നത്. രാഷ്ട്രീയമായ ഒരു വിഷയത്തില്‍ സേനാ മേധാവി അഭിപ്രായം പ്രകടിപ്പിക്കുന്നതിലെ സാഹചര്യം പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്താന്‍ ഇടയാക്കിയേക്കും. പൗരത്വ പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. പൊതുമുതല്‍ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും പ്രതിഷേധത്തിന്റെ പേരില്‍ അക്രമം കാട്ടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നവര്‍ ആത്മപരിശോധന നടത്തേണ്ടതാണെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. പൊതുമുതല്‍ നശിപ്പിച്ച് കൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ലഖ്‌നൗവില്‍ നിര്‍മ്മിക്കുന്ന മെഡിക്കല്‍ കോളേജിന് ശിലാ സ്ഥാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.