Wed. Dec 18th, 2024
#ദിനസരികള്‍ 983

മറ്റൊരു പ്രശ്നം മധ്യവര്‍ഗ്ഗത്തിന്റെ അഭാവമായിരുന്നു. പുതിയതായി രൂപീകരിക്കപ്പെട്ട ഒരു രാജ്യത്തിലേക്ക്, പാകിസ്താനിലേക്ക്, സിവില്‍ ഉദ്യോഗസ്ഥന്മാരും ഡോക്ടര്‍മാരും വക്കീലന്മാരും മറ്റു ബുദ്ധിജീവികളുമൊക്കെ കുടിയേറി. അവര്‍‌ക്കൊന്നും ഹിന്ദുക്കളായവരോട് ഒരു മത്സരിക്കാതെ തന്നെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള സാധ്യതയുമുണ്ടായി.

അവശേഷിച്ചവരാകട്ടെ കര്‍ഷകരോ കൂലിപ്പണിക്കാരോ തൊഴിലാളികളോ ഒക്കെ ആയിരുന്നു. അവര്‍ക്ക് കൊള്ളാവുന്ന ഒരു നേതൃത്വം തന്നെ ഇല്ലായിരുന്നുവെന്ന് പറയാം. ഇക്കാര്യത്തെ മുന്‍നിറുത്തി ഒരു ബ്രിട്ടീഷുദ്യോഗസ്ഥന്‍ എഴുതി:- “വിഭജനത്തെത്തുടര്‍ന്ന് എല്ലാ മുസ്ലീംഉദ്യോഗസ്ഥന്മാരും പാകിസ്താനിനിലേക്ക് ചേക്കേറി എന്നത് വലിയ ശാപമായിരിക്കുന്നു. അക്കാരണംകൊണ്ടുതന്നെ വെസ്റ്റ് ബംഗാളിലെ മുസ്ലിം ജനത തങ്ങള്‍ക്ക് അവകാശപ്പെട്ടവയും മറ്റു സുരക്ഷിതത്വങ്ങളും ഒന്നും ലഭിക്കാതെ പ്രാതിനിധ്യമില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു.”

അതിനൊരു അപവാദമായത് ഷേയ്ക്ക് അബ്ദുള്ള നയിക്കുന്ന കാശ്മീരായിരുന്നു. 1947 -1953 കാലഘട്ടങ്ങളില്‍ കാശ്മീരില്‍ സ്വന്തം ഭൂമി തേടാനും മറ്റു മേഖലകള്‍ തിരഞ്ഞെടുക്കാനും വിദ്യാഭ്യാസം നേടാനും അദ്ദേഹം മുസ്ലിം സമുദായത്തെ പ്രചോദിപ്പിച്ചു. പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്കൂളൂകളും കോളേജുകളും സ്ഥാപിക്കപ്പെട്ടത് അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്.

ശ്രീനഗറിലെ വനിതാ കോളേജ് അതിന്റെ മാന്യമായ പദവി കൊണ്ട് എടുത്തുപറയേണ്ടതാണ്. മറ്റിടങ്ങളിൽ വിദ്യാഭ്യാസം ലഭിക്കാതെയും നിയമരംഗത്തും ഭരണനിര്‍വ്വഹണരംഗത്തും ആവശ്യമായ പ്രാതിനിധ്യം ലഭിക്കാതെയും ഒരു തരം അടിമ ജീവിതമാണ് നയിച്ചു പോന്നത്.

അതേസമയം ഒരു മതേതര രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമം ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും നടന്നുകൊണ്ടിരുന്നു. ഈ രാജ്യത്ത് തങ്ങള്‍ക്കും അവകാശങ്ങളുണ്ട് മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അവര്‍ ഉദ്യമിച്ചു. ഒരു മുഖം നെഹ്രുവായിരുന്നു. ഗാന്ധി സ്കൂളിലുള്ളവർ അദ്ദേഹത്തെ പലപ്പോഴും സ്വാധീനിച്ചു.

1956 ല്‍ അഹമ്മദാബാദില്‍ ഒരു കലാപം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വന്നപ്പോള്‍ സമാധാനം തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി മുഖ്യമന്ത്രി മൊറാര്‍ജി ദേശായ് ഒരു അനിശ്ചിത കാല നിരാഹാരത്തിലേക്ക് കടന്നു. വിശ്വാസവും നയതന്ത്രവും കൂട്ടിക്കുഴച്ചുകൊണ്ട് നടത്തിയ ഇത്തരം നീക്കങ്ങള്‍ക്ക് വിശ്വാസം നേടിയെടുക്കുക എന്നത് നിര്‍ണായകമായിരുന്നു.

കാശ്മീരില്‍ മുസ്ലീംങ്ങള്‍ക്കു നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും അവിടെ ഇന്ത്യയ്ക്ക് അനുകൂലമാകാനിടയുള്ള ഓരോന്നിനേയും പ്രതികൂലമായി ബാധിക്കും. വിവിധ മുസ്ലിംഗ്രൂപ്പുകളോടുള്ള അമര്‍ഷം പുകയുന്ന അന്തരീക്ഷത്തില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ മതേതരത്വതതിന്റെയും മാനവികയുടേയും പേരില്‍ നിയന്ത്രിച്ചു നിറുത്തുക എന്നത് ഹിന്ദു നേതാക്കന്മാരെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു.

വിഭജനത്തോടെ ഇന്ത്യയില്‍ മുസ്ലിംജനവിഭാഗത്തെ എന്നന്നേക്കുമായി ഇല്ലായ് ചെയ്യുന്ന വിധത്തിലുള്ള ഒരു വലിയ കലാപം പൊട്ടിപ്പുറപ്പെടുമെന്ന് പലരും ഭയന്നു. മുഷിറുള്‍ ഹസന്‍ എഴുതിയതുപോലെ 1950 കളില്‍ സാമുദായ ശത്രുതയുടെ ഗ്രാഫ് ആപേക്ഷികമായി വളരെ താഴ്ന്നുതന്നെ നിന്നു. ശത്രുതകളെ ശമിപ്പിക്കുന്ന ഒരു പ്രശാന്തത അവിടമെങ്ങും അലയടിച്ചു നിന്നു.

1920 കളിലോ 1930 കളിലോ 1940 കളിലോ നടന്നതുപോലെയുള്ള കലാപങ്ങള്‍ അരങ്ങേറുവാനുള്ള അവസരങ്ങളുണ്ടായില്ലെങ്കിലും സംശയാസ്പദമായ സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും അന്തരീക്ഷത്തില്‍ നിന്നും മുഴുവനായിത്തന്നെ വിട്ടുപോയിട്ടുണ്ടായിരുന്നില്ലെന്നത് വസ്തുതയാണ്.

1961 ല്‍ ജബല്‍പൂരില്‍ നടന്ന കലാപത്തോടെ ശാന്തത അവസാനിച്ചു.ഏകദേശം അമ്പതോളം ഇന്ത്യക്കാര്‍ക്ക് – കൂടുതലും മുസ്ലിംങ്ങള്‍ക്ക് – ജീവിതം നഷ്ടപ്പെട്ടു.1963 ല്‍ ഹസ്രത്ത് ബാലില്‍ നിന്നും പ്രവാചകന്റെ മുടി മോഷണം പോയതിനെത്തുടര്‍ന്ന് കിഴക്കന്‍ പാകിസ്താനില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ മുന്നില്‍ ഇതൊന്നുമായിരുന്നില്ല.

ഹിന്ദുക്കള്‍ക്കു നേരെ സംഘടിതമായി കടുത്ത അക്രമങ്ങള്‍ ഉണ്ടായി.ആയിരക്കണക്കിനാളുകള്‍ ഇന്ത്യയിലേക്ക് ഓടിപ്പോന്നു.അവരുടെ കഥനകഥകള്‍ വീണ്ടും ഇന്ത്യന്‍ അവസ്ഥയെ സംഘര്‍ഷബഭരിതമാക്കി. കല്‍ക്കട്ടയിലെ കലാപത്തില്‍ നാനൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. അവയില്‍ മുക്കാലേ മുണ്ടാണിയും മുസ്ലീങ്ങളായിരുന്നു.

സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട ലാഭക്കൊതിയും കലാപത്തില്‍ എണ്ണയൊഴിച്ചു. ഒഴിഞ്ഞു പോകുന്ന കോളനികള്‍ ഏറ്റെടുത്ത് പുതുക്കിപ്പണിത് മറിച്ചു വില്ക്കുന്ന പ്രവണതകളുമുണ്ടായി. ഉരുക്കു നഗരമായ ജംഷഡ്പൂരിലും റൂര്‍ക്കലയിലുമുണ്ടായ കലാപത്തില്‍ ആയിരത്തോളം ജനങ്ങള്‍ , ഭൂരിഭാഗവും മുസ്ലിങ്ങള്‍ തുടച്ചു നീക്കപ്പെട്ടു.

വിഭജനം കഴിഞ്ഞ് രണ്ടു പതിറ്റാണ്ടായിരുന്നു.എന്നാല്‍‌ അവശിഷ്ടങ്ങള്‍ പൂര്‍ണമായും അവസാനിച്ചിരുന്നില്ല. പാകിസ്താനില്‍ സംഭവിക്കുന്ന എന്തിന്റേയും പ്രത്യാഘാതം ഇന്ത്യയിലെ മുസ്ലിംങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മദ്രാസ്സിലെ ഒരു മുസ്ലിംനേതാവ് അനിഷ്ടത്തോടെ സൂചിപ്പിക്കുന്നുണ്ട്.

അതിശയോക്തിപരമായ അത്തരത്തിലുള്ള ഒരു പത്രവാര്‍ത്ത പോലും ഒരു അവസരമായിക്കണ്ടു കൊണ്ട് മുസ്ലീങ്ങള്‍‌ക്കെതിരെ കലാപത്തിന് ആഹ്വാനംചെയ്യുവാന്‍ കാത്തിരിക്കുന്നവര്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(തുടരും)
(പ്രൊഫസര്‍ രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.