ഡല്‍ഹി:
പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന വന്‍ പ്രതിഷേധത്തില്‍ നിരവധി പേര്‍ കസ്റ്റഡിയില്‍. യുപി ഭവനുമുന്നില്‍ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വിദ്യാര്‍ത്ഥികളടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത നൂറോളം പേരില്‍ കേരളത്തില്‍ നിന്നെത്തിയ ബിന്ദു അമ്മിണിയും ഉള്‍പ്പെടുന്നു. യുപി ഭവനുമുന്നിലെ പ്രതിഷേധത്തിനിടെയാണ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ഡല്‍ഹി മുന്‍ എംപി ഉദിത് രാജ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.
ജാമിയ മിലിയ സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടത്തിയത്.
അതേസമയം, നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹി ജുമാ മസ്ജിദിന് പുറത്തും പ്രതിഷേധം അരങ്ങേറിയിരുന്നു. എന്നാല്‍, പ്രധാനമനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു.
കസ്റ്റഡിയിലെടുത്ത ജാമിയ വിദ്യാര്‍ത്ഥികളെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്.