ന്യൂഡല്‍ഹി:
ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി പ്രതിഷേധത്തിനിടെ രണ്ടു പേര്‍ പോലീസിനെതിരെ വെടിയുതിര്‍ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു വിട്ട് യു പി പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മീററ്റ് നഗരത്തില്‍ പ്രതിഷേധം നടന്നത്. സംഭവസ്ഥത്തുനിന്നുളള ചിത്രങ്ങളാണ് പോലീസ് പുറത്തു വിട്ടത്. മുഖം കറുത്ത തുണി കൊണ്ട് മറച്ച് നീല ജാക്കറ്റ് അണിഞ്ഞ ഒരാള്‍ തോക്കു ചൂണ്ടി നടക്കുന്നതാണ് ചിത്രങ്ങളിലൊന്ന്.
ഇപ്രകാരമുളള ആക്രമണങ്ങളാണ് ഡിസംബര്‍ 19നും 21നും ഇടയില്‍ തങ്ങള്‍ നേരിട്ടതെന്നും തിരിച്ചടിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്നും പോലീസ് പറയുന്നു. 16 പേരാണ് ഉത്തര്‍പ്രദേശിലെ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ മരിച്ചത്. മീററ്റില്‍ മാത്രം ആറ് പേര്‍ക്കാണ് ജീവന്‍ വെടിയേണ്ടി വന്നത്. മരിച്ചവരില്‍ ഭൂരിഭാഗം പേരുടെ മൃതദേഹത്തിലും വെടിയേറ്റ പാടുകളുണ്ടായിരുന്നു. എന്നാല്‍ പ്ലാസ്റ്റിക് പെല്ലറ്റുകളും റബര്‍ ബുള്ളറ്റുകളുമല്ലാതെ തങ്ങള്‍ വെടിയുതിര്‍ത്തിട്ടില്ലെന്നാണ് യു പി പോലീസിന്റെ വാദം. ബിജ്‌നോറില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ 20കാരന്‍ മരിച്ചിരുന്നു.
സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് യു പി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ പറഞ്ഞു. 21 ജില്ലകളിലുണ്ടായ അക്രമസംഭവങ്ങളില്‍ 288 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും 62 പോലീസുകാര്‍ക്ക് വെടിയേറ്റിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.