Fri. Nov 22nd, 2024
ചെന്നൈ:

എന്‍.പി.ആറിനെ എന്‍.ആര്‍.സിയുമായി ബന്ധിപ്പിക്കാനുളള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ ചിദംബരം. മോദി സര്‍ക്കാര്‍ അംഗീകരിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 2010 ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന എന്‍.പി.ആറില്‍നിന്നും വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. അന്ന് കോണ്‍ഗ്രസ് ഉദ്ദേശിച്ച ആശയമോ വിവരശേഖരണമോ ഒന്നുമല്ല ബി.ജെ.പി നടത്താന്‍ പോകുന്നതെന്നും രണ്ടും ഒന്നാണെന്ന് പറഞ്ഞ് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും ചിദംബരം പറഞ്ഞു.

നിലവില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള എന്‍.ആര്‍.സി അസ്സമില്‍ മാത്രമാണ് നടപ്പിലാക്കിയത്. ദേശവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.എന്നാല്‍ തങ്ങള്‍ അത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പിന്നാലെ പ്രസ്താവന കാറ്റില്‍ പറത്തി അമിത് ഷായും കൂടെ ചേര്‍ന്നു. എന്നാല്‍ ഇതെല്ലാം സര്‍ക്കാരിന്റെ ചില തന്ത്രങ്ങളാണെന്നും ഇത്തരമൊരു ആശയത്തിന് പിന്നില്‍ സര്‍ക്കാരിന് മോശം അജണ്ടയുണ്ടെന്നും ചിദംബരം പറഞ്ഞു.

പറയുന്നതില്‍ സത്യസന്ധത അല്പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ 2010 ലെ എന്‍.പി.ആര്‍ തന്നേയാണ് തങ്ങളും നടപ്പിലാക്കാന്‍ പോകുന്നതെന്നും എന്‍.പി.ആറിനെ എന്‍.ആര്‍.സിയുമായി ബന്ധിപ്പിക്കില്ലെന്നും സര്‍ക്കാര്‍ നിരുപാധികം പറയാന്‍ തയ്യാറാകട്ടെയെന്നുമാണ് ചിദംബരം ആവശ്യപ്പെടുന്നത്.

2010 ല്‍ എന്‍.പി.ആര്‍ കൊണ്ടുവന്ന സമയത്തെ ചിദംബരത്തിന്റെ ഒരു പ്രസംഗം കഴിഞ്ഞ ദിവസം ബി.ജെ.പി ഐ.ടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ഷെയര്‍ ചെയ്തിരുന്നു. എന്‍.പി.ആര്‍ പുറത്തിറക്കിയതില്‍ അന്ന് ചിദംബരം സന്തോഷം പ്രകടിപ്പിച്ചിരുന്നെന്നായിരുന്നു ബി.ജെ.പിയുടെ വാദം.എന്നാല്‍ ഇത്തരമൊരു വീഡിയോ ബി.ജെ.പി ഷെയര്‍ ചെയ്തതില്‍ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു ചിദംബരം തിരിച്ചടിച്ചത്.

‘ദയവായി നിങ്ങള്‍ ഈ വീഡിയോ കേള്‍ക്കൂ. ഞങ്ങള്‍ രാജ്യത്തെ സാധാരണക്കാരുടെ കണക്ക് മാത്രമാണ് എടുത്തത്. അവരുടെ പൗരത്വ രേഖയല്ല ആവശ്യപ്പെട്ടത്. ഓരോ സാധാരണ താമസക്കാരനെയും അവന്റെ മതത്തെയോ ജന്മസ്ഥലത്തെയോ പരിഗണിക്കാതെ കണക്കാക്കേണ്ടതുണ്ട് 2011 ലെ സെന്‍സസ് തയ്യാറാക്കാന്‍ അന്ന ഞങ്ങളെ എന്‍.പി.ആര്‍ സഹായിച്ചു. അതില്‍ എന്‍.ആര്‍.സിയെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായിരുന്നില്ല’ ചിദംബരം കൂട്ടിച്ചേര്‍ത്തു.