Fri. Apr 19th, 2024
ന്യൂഡല്‍ഹി:

ജമ്മു കശ്മീരിലെ ഉറി സെക്ടറിലും രാംപൂരിലെ നിയന്ത്രണ രേഖയിലും പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികനുൾപ്പെടെ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. രണ്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിക്കുകയും ചെയ്തു.

നസീമ ബീഗം എന്ന 22കാരിയും ഒരു സുബേദാറുമാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യൻ ആർമി വൃത്തങ്ങൾ പറയുന്നത്. പാക് അധീന കശ്മീരിലെ ഗ്രാമത്തെ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെയ്പ്പ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

അതെ സമയം, ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പ്പിൽ രണ്ട് പാക് ജവാന്മാർക്ക് ജീവൻ നഷ്ടമായതായി പാകിസ്ഥാൻ ആർമി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചിരുന്നു. നൈബ് സുബേദാർ കാൻഡെറോ, ശിപായി ഇഹ്സാൻ എന്നിവർ കൊല്ലപ്പെട്ടെന്നാണ് പാക് സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ സൈന്യത്തിന് വെടിവെയ്പ്പിൽ കനത്ത നാശം വിതച്ചെന്ന് പാക് ആർമി അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ 36 മണിക്കൂറായി വെടിവെയ്പ്പ് തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.