ന്യൂഡല്‍ഹി:
പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനിടയില്‍, കഴുത്തില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് ഇന്നു പുലര്‍ച്ചെ മരണപ്പെട്ടു. ഇതോടെ ഉത്തര്‍പ്രദേശില്‍ മാത്രം പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി.
ഫിറോസാബാദ് സ്വദേശിയും, ബിസിനസുകാരനുമായ ഹരൂണ്‍(30) ആണ് മരിച്ചത്. ആറു ദിവസത്തോളമായി ഇദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പച്ചോഖാരയില്‍ നിന്ന് നാഗലാമുള്ള ഗ്രാമത്തിലേക്ക് മടങ്ങവെ, ഫിറോസാബാദ് ഹൈവേയിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഹരൂണിന് വെടിയേറ്റത്.
മൂന്നു ദിവസത്തോളം ആഗ്രയിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞ ഹരൂണിന്‍റെ, പരുക്ക് കണക്കിലെടുത്ത് ഡല്‍ഹി എയിംസ് ട്രോമ സെന്‍ററിലേക്ക് മാറ്റുകയായിരുന്നു. വെന്‍റിലേറ്ററില്‍ തുടര്‍ന്ന ഹരൂണ്‍ ഇന്ന് 12.50 നായിരുന്നു മരണപ്പെട്ടത്.
“ഹരൂണിന് വെടിയേറ്റതായും, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബന്ധുക്കളില്‍ നിന്നും, പ്രദേശവാസികളില്‍ നിന്നുമാണ് ഞങ്ങള്‍ അറിയുന്നത്. എങ്ങനെ പരുക്കേറ്റു എന്നതില്‍ വ്യക്തതയില്ല” ഫിറോസാബാദ് എസ് പി സച്ചിന്ദ്ര പട്ടേല്‍ സംഭവത്തില്‍ പ്രതികരിച്ചതിങ്ങനെയാണ്.
ഡല്‍ഹി എയിംസില്‍ എമര്‍ജന്‍സി വാര്‍ഡില്‍ നട്ടെല്ലില്‍ വെടിയുണ്ടയേറ്റ് മീററ്റ് സ്വദേശിയായ ഒരു പതിനേഴുകാരനും ചികിത്സയില്‍ കഴിയുന്നുണ്ട്. എന്നാല്‍, പതിനേഴുകാരന് വെടിവെപ്പില്‍ പരുക്കേറ്റതായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും, പ്രതിഷേധവുമായി ബന്ധപ്പെട്ട വ്യക്തിപരമായ കാര്യങ്ങളാകാം വെടിവെപ്പിലേക്ക് നയിച്ചതെന്നും, ഞങ്ങളുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മീററ്റ് എസ് എസ് പി അജയ് സാഹ്നി പറഞ്ഞു.