ന്യൂഡല്‍ഹി:
ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അമിത് ഷാ ആവര്‍ത്തിച്ചു പറഞ്ഞ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്.
എന്‍പിആര്‍ എന്‍ആര്‍സിയുടെ മുന്നോടിയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കിരണ്‍ റിജ്‌ജു രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ പതിനഞ്ചാം അധ്യായത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
പൗരന്മാരും അല്ലാത്തവരുമായ, ഇന്ത്യയില്‍ താമസിക്കുന്നവരുടെ പട്ടികയാണ് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നാണ് 2014 നവംബര്‍ 26ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കിരണ്‍ റിജ്‌ജു രാജ്യസഭയില്‍ പറഞ്ഞത്. പൗരത്വം പരിശോധിക്കുന്നതിനുള്ള ദേശീയ പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കാനുള്ള ആദ്യ ചുവടുവയ്പ്പാണ് എന്‍പിആര്‍. ആധാര്‍ വിവരങ്ങള്‍ എന്‍പിആറുമായി ബന്ധിപ്പിക്കാന്‍ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്നും, എന്‍പിആറിന്‍റെ വിവരങ്ങള്‍ എന്‍ആര്‍സിക്കായി ഉപയോഗിക്കില്ലെന്നുമാണ് അമിത് ഷാ ആണയിട്ട് പറഞ്ഞത്. എന്‍പിആറിന് കേന്ദ്ര മന്ത്രിസഭ യോഗം അനുമതി നല്‍കിയത് വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും ഇക്കാര്യം പറഞ്ഞിരുന്നു.