Thu. Mar 28th, 2024
പാലക്കാട്:

 
പൗരത്വ ഭേദഗതിയെ ഈ രാജ്യത്തെ ഭൂരിപക്ഷം പൗരന്മാരും എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാവുകയാണ് പാലക്കാട് ആനക്കര പഞ്ചായത്തിലെ മേലഴി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കുഞ്ഞുകുട്ടന്‍.

ജനങ്ങളെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഭരണഘടനയിലെ തുല്യതയുടെ സന്ദേശവുമായി പാലക്കാട് ആനക്കരയില്‍ ഒരു ഓട്ടോറിക്ഷ ഓടിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുകുട്ടന്റെ ആര്‍ട്ടിക്കിള്‍ 14. ഈ പേര് സ്വന്തം വാഹനത്തിന് നല്‍കിയിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു. പക്ഷേ ഇപ്പോള്‍ ഈ പേരിന് പ്രസക്തിയേറുന്നു. മുന്‍പ് ഈ ഓട്ടോയും പേരും കാണുന്നവരുടെ കണ്ണില്‍ കൗതുകമായിരുന്നു ഓട്ടോറിക്ഷയ്ക്ക് ഇങ്ങനെയൊരു പോരോ. എന്നാലിപ്പോള്‍ ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ ആര്‍ട്ടിക്കിള്‍ 14നെക്കുറിച്ച് ചോദിച്ചാല്‍ വിശദമായ മറുപടി നല്‍കും കുഞ്ഞുകുട്ടന്‍.

ഇന്ത്യയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് നിയമത്തിന് മുന്നില്‍ തുല്യതയും ഇന്ത്യയ്ക്കകത്തെവിടെയും തുല്യപരിരക്ഷയും ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 14 നെക്കുറിച്ച് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുഞ്ഞുകുട്ടന്‍ ആദ്യമായി അറിഞ്ഞത്. പട്ടാമ്പി ഗവ.സംസ്‌കൃത കോളേജിലെ പ്രീഡിഗ്രി പഠനം കഴിഞ്ഞ് സ്വയം തൊഴില്‍ വായ്പയെടുത്ത് 27 വര്‍ഷം മുമ്പ് ഓട്ടോറിക്ഷ വാങ്ങിച്ചു. പേരെന്തിടുമെന്ന കാര്യത്തില്‍ കുഞ്ഞുകുട്ടന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയെന്ന അവകാശം ഇല്ലാതാക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടൊന്നാകെ തെരുവിലിറങ്ങി പോരാടുമ്പോള്‍ കുഞ്ഞുകുട്ടനും തന്റെ ആര്‍ട്ടിക്കിള്‍ 14 എന്ന പേരിലെ ഓട്ടോയുമായി ഒപ്പം ചേരുകയാണ്.

രാജ്യത്തിന്റെ അതിര്‍ത്തിയ്ക്ക് ഉള്ളില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഭരണഘടനയെ ഉയര്‍ത്തി പിടിച്ചാണ് കുഞ്ഞുകുട്ടന്‍ കഴിഞ്ഞ 27 വര്‍ഷമായി ഓട്ടോ ഓടിക്കുന്നത്.