Sat. Apr 27th, 2024
#ദിനസരികള്‍ 981

മൗലാന അബുള്‍ കലാം ആസാദ് ഇന്ത്യ വിട്ടു പോയില്ല. ഇന്ത്യയില്‍ അമുസ്ലിമുകള്‍ക്കും ശാന്തമായും സമാധാനപരമായും കഴിയാന്‍ സാധിക്കുമെന്നാണ് ആസാദ് ചിന്തിച്ചത്. മുസ്ലിംലീഗ് നേതാവ് മുഹമ്മദലി ജിന്നയുടെ നിലപാടിന് കടകവിരുദ്ധമായിരുന്നു ഇത്.

ഒരു സംയുക്ത സംസ്കാരത്തിന്റെ സാര്‍ത്ഥകമായ പ്രതിനിധിയായിട്ടാണ് നെഹ്രു ആസാദിനെ വിലയിരുത്തിയത്. അത്തരമൊരു സംസ്കാരമാണ് ഇന്ത്യയില്‍ വളര്‍ന്നു തുടങ്ങിയിരിക്കുന്നത്. സമുദ്രത്തിലേക്ക് ഒഴുകിച്ചേര്‍ന്ന നിരവധി നദികളുടെ ഇടമുറിയാത്ത ധാര എന്ന പോലെ ഭാരതത്തിലേക്ക് ഒന്നിനുപുറകേ ഒന്നായി വന്നെത്തിയ നിരവധി സംസ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യന്‍ ജീവിതമെന്നാണ് നെഹ്രു ചിന്തിച്ചത്.

രാഷ്ട്ര വിഭജനം ആസാദിനെ മുറിപ്പെടുത്തിയിരുന്നു. താനതുവരെ അനുവര്‍ത്തിച്ചു പോന്നിരുന്ന ആശയങ്ങളുടെ പരാജയമായിട്ടാണ് അത് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. കക്ഷിരാഷ്ട്രീയത്തിന്റെ നൂലാമാലകള്‍ അദ്ദേഹം അവസാനിപ്പിക്കാന്‍ നിശ്ചയിച്ചു (ഒരു പൊതുജനനേതാവ് എന്ന നിലയെക്കാള്‍ അല്ലെങ്കിലും അദ്ദേഹമൊരു ജ്ഞാനിയായിരുന്നു).

അദ്ദേഹം നെഹ്രുവിന്റെ യൂണിയന്‍ കാബിനറ്റില്‍ വിദ്യാഭ്യാസ മന്ത്രിയായി ചേര്‍ന്നു. ഇന്ത്യന്‍ സാഹിത്യത്തേയും കലയേയും നൃത്തത്തേയും സംഗീതത്തേയും പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള പുതിയ ശ്രമങ്ങളില്‍ അദ്ദേഹം ഏര്‍‌‍പ്പെട്ടു.

മുന്‍‌ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചെറുമകനായ സെയിഫ് ത്യാബ്ജി കോണ്‍ഗ്രസില്‍ കൂടുതല്‍ അവസരങ്ങള്‍ തേടുന്ന ഒരു ചെറുപ്പക്കാരനായിരുന്നു. ഒരു ദേശീയവാദി കുടുംബത്തില്‍ നിന്നുള്ള എന്‍ജിനീയറായിരുന്ന അദ്ദേഹം പഠിച്ചത് കേംബ്രിഡ്ജിലായിരുന്നു. മുസ്ലിം പൊതുസമൂഹവും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തെ ഊഷ്മളപ്പെടുത്തുന്ന ഒരു പാലമായി അദ്ദേഹം പ്രവര്‍ത്തിച്ചു.

ഇന്ത്യയിലെ മുസ്ലിംങ്ങളുടെ ഭാവി എന്ന പേരില്‍ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങള്‍ 1955 ല്‍ അദ്ദേഹം ഈങ്കിലാബ് എന്ന ഉറുദു മാഗസിനില്‍ എഴുതി. നെഹ്രുവിനെ വിശ്വാസത്തിലെടുത്തുകൊണ്ട് 1952 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിംങ്ങള്‍ വ്യാപകമായി കോണ്‍ഗ്രസിന് വോട്ടു ചെയ്തു. തങ്ങളുടെ രക്ഷകരായി മറ്റാരെക്കാളും കോണ്‌ഗ്രസിന് പ്രവര്‍ത്തിക്കാനാകുമെന്ന് അവര്‍ കരുതി. കോണ്‍ഗ്രസിന് വോട്ടു ചെയ്താല്‍ മാത്രം പോര അതില്‍ ചേര്‍ന്നുകൊണ്ട് നയരൂപീകരണങ്ങളില്‍ ഇടപെടുകയും വേണമെന്ന് ത്യാബ്ജി കരുതി.

കോണ്‍ഗ്രസ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രാതിനിധ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍‌ത്തിക്കുന്ന ഒരു ജനാധിപത്യ സ്ഥാപനമാണ്. ഇങ്ങനെ വരുന്ന പ്രതിനിധികളാകട്ടെ താഴെ താലൂക്കുതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരുമാണ്. നാലണക്കൊരു മെമ്പര്‍ഷിപ്പ് എടുക്കുക എന്നതു മാത്രമാണ് ഈ സ്ഥാപനത്തിലേക്കുള്ള പ്രവേശനത്തിന് മാനദണ്ഡമായി കണക്കാക്കുന്നത്.

ഇന്ത്യയിലാകെ പരന്നു കിടക്കുന്ന മുസ്ലിംസമൂഹമാകെ കോണ്‍ഗ്രസിനു പിന്നില്‍ അണി നിരക്കണം. അങ്ങനെ അതിന്റെ നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഇടപെടാന്‍ സാധിക്കണം. ത്യാബ്ജി ഇങ്ങനെയാണ് ചിന്തിച്ചത്. അവിടെ അവസാനിപ്പിക്കണമെന്നല്ല മറിച്ച് ഇന്ത്യയുമായി കൂടുതല്‍ കൂടുതലായി കലര്‍ന്നു കൊണ്ട് അതിന്റെ സാംസ്കാരിക ധാരകളില്‍ ഇടപെടണമെന്ന് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോട് നിര്‍‌ദ്ദേശിച്ചു.

പുതിയ ഇന്ത്യന്‍ സംസ്കാരം വളര്‍ന്നു വരുന്നതിന് പ്രേരണാത്മകമായി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യേണ്ടതുണ്ട്. ഒരു ദേശസ്നേഹിയുടെ കടമകൂടിയാണ് അത്. മറ്റുള്ളവരെപ്പോലെ മുസ്ലീംങ്ങളും അതിലിടപെടണം.

എന്നാല്‍ നാം കൈയ്യും കെട്ടി നോക്കിയിരുന്നാല്‍ പതിനൊന്നാം നൂറ്റാണ്ടിനും ബ്രിട്ടീഷുകാരുടെ വരവിനുമിടയില്‍ നാടു നേടിയെടുത്ത നേട്ടങ്ങളുടെ ഗുണഭോക്താക്കളാകാന്‍ കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ അതു പൊതു നഷ്ടമായി മാറും. ഈ നഷ്ടത്തിന്റെ ഭാരം അതിഭീകരമായി ഇന്ത്യന്‍ മുസ്ലിംങ്ങളുടെ തലയിലേക്ക് തന്നെ നിപതിക്കുകയും ചെയ്യും.
(തുടരും)
(പ്രൊഫസര്‍ രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.